മലപ്പുറം നുണകൾ; സംഘപരിവാർ പ്രചാരണയുദ്ധത്തിലെ പൂഴിക്കടകൻ

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന് ആർഎസ്എസിന്റെ ചരിത്രത്തിൽ പ്രമുഖമായ സ്ഥാനമുണ്ട്. സ്വാഭാവികമായും മലപ്പുറത്തിന്റെ പേരിൽ ചമയ്ക്കുന്ന നുണകൾ അവരുടെ പ്രചാരണയുദ്ധത്തിലെ പ്രധാനപ്പെട്ട അടവുമായിരിക്കും.

മലപ്പുറം നുണകൾ; സംഘപരിവാർ പ്രചാരണയുദ്ധത്തിലെ പൂഴിക്കടകൻ

മലപ്പുറത്തെക്കുറിച്ച് പെരുപ്പിച്ച നുണ അത്യന്തം ലളിതമാക്കി പറഞ്ഞുകൊണ്ടേയിരിക്കുകയാണ് സംഘപരിവാർ. നിർജീവമാക്കപ്പെട്ടുവെന്നു കരുതി നിർലജ്ജമായി മെനഞ്ഞെടുത്ത നുണകളുടെ ദുർഗന്ധം അത്രവേഗം കെട്ടുതീരുകയില്ലെന്ന് അവർക്കു നന്നായി അറിയാം. മലപ്പുറത്ത് മുസ്ലിം സ്ത്രീകൾ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നുവെന്ന് ഡോ. എൻ ഗോപാലകൃഷ്ണനും മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്നും ജില്ലയെ പട്ടാളത്തിനു കൈമാറണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുമൊക്കെ രക്തത്തിലെഴുതിപ്പഠിച്ച പാഠമാണത്.


2015 നവംബറിലെ വിവാദമായ ഓർഗനൈസർ ലേഖനം ഓർക്കുക. കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം സൗദി അറേബ്യയുടെ ചെറുപതിപ്പാണെന്ന ആ ലേഖനത്തിലെ പരാമർശവും.

"മലപ്പുറം ജില്ലയില്‍ എല്ലാ വീടുകളിലും എല്ലാ മുക്കിലും മൂലയിലും ഗോഹത്യ കാണാം. തുകല്‍ വ്യവസായം കാണാം. ഇവിടെയുള്ള മുസ്‌ലീങ്ങളില്‍ ആര്‍ക്കെങ്കിലും ഭൂമി വില്‍ക്കണമെന്നുണ്ടെങ്കില്‍ അത് മുസ് ലീങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്ന അലിഖിത നിയമം ഭീഷണിപ്പെടുത്തിയും മറ്റും ഇവിടെ നടപ്പിലാക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അവളുടെ/ അവന്റെ ഭൂമി വില്ക്കണമെങ്കില്‍ അത് മുസ്‌ലീങ്ങള്‍ക്കുമാത്രമേ വാങ്ങാനാവൂ" - ഇങ്ങനെ നീണ്ടു, ആ ലേഖനത്തിൽ മലപ്പുറം ജില്ലയുടെ വർണന.

ഐഎസ് പരിശീലനത്തിന്റെ ഭാഗമാണ് മലപ്പുറം കലക്ടറേറ്റില്‍ ഉണ്ടായ സ്‌ഫോടനമെന്ന് ദി വീക്കിനു നൽകിയ അഭിമുഖത്തിൽ സുബ്രഹ്മണ്യം സ്വാമി തീർപ്പു കൽപ്പിച്ചു കഴിഞ്ഞു. ഇതൊന്നും അദ്ദേഹം പൊടുന്നനെ പറയുന്നതല്ല. തീവ്രവാദ ബന്ധമാരോപിച്ച് കണ്ണൂരിൽ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തപ്പോഴും അദ്ദേഹം മലപ്പുറം ജില്ലയുടെ പേരെടുത്തു പറഞ്ഞ് ദി വീക്കു വഴി ഭർത്സനം ചൊരിഞ്ഞിരുന്നു. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐഎസ് സ്ലീപ്പർ സെല്ലുകളെ വാർത്തെടുക്കുന്നുവെന്നും കേരളത്തിലെ മലപ്പുറം പോലുളള ജില്ലകൾ അവർക്ക് ഏറ്റവും പറ്റിയ സ്ഥലങ്ങളാണെന്നുമായിരുന്നു അന്നത്തെ വാദം.

സൈബർ സ്പേസിലെ സംഘപരിവാർ പ്രചാരണസാഹിത്യത്തിലെ പ്രധാന ഇനമാണ് മലപ്പുറം. തലയ്ക്കു കൈവെച്ചേ അവ വായിക്കാനാവൂ. കേരളത്തിൽ ഈ നുണകൾ ചെലവായില്ലെങ്കിലെന്ത്, മറ്റു പ്രദേശങ്ങളിൽ ജില്ലയെയും ജില്ലയിലെ മുസ്ലിം ഭൂരിപക്ഷത്തെയും കുറിച്ച് ആശങ്കയുണർത്താൻ നുണ പ്രചാരകർക്കു നിഷ്പ്രയാസം കഴിയും. മലപ്പുറം ജില്ലയുടെ രൂപീകരണത്തോടുകൂടി കേരളത്തിലെ തെക്കും വടക്കുമുളള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ വിഭജിക്കപ്പെട്ടുവെന്നാണ് നെറ്റിൽ പ്രചരിക്കുന്ന ഒരു സിദ്ധാന്തം.

സിപിഐഎം ആർഎസ്എസ് സംഘർഷങ്ങളെക്കുറിച്ചു പരാമർശിക്കുമ്പോഴെല്ലാം, 'സിപിഎം - ഇസ്ലാമിസ്റ്റ് ദ്രോഹികൾ ' ആർഎസ്എസുകാരെ ആക്രമിച്ചു എന്നാവും പ്രയോഗം. അറേബ്യയിലും ഗൾഫ് നാടുകളിലും വത്തിക്കാനിലും വേരുകളുളളവരുടെ നിശിതമായ ആക്രമണത്തിന് ഹിന്ദുക്കളും ഹിന്ദുവികാരങ്ങളും അ സ്ഥിരമായി ഇരയാവുന്നു എന്നൊക്കെ ആവർത്തിച്ചു പ്രചരിപ്പിക്കുന്നതിന് കേരളത്തിനു പുറത്തുളള വലിയ വിഭാഗത്തെ ലക്ഷ്യമിട്ടാണ്.

മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്ഫോടനവും സംഘപരിവാറിന് ഇത്തരം പ്രചാരണങ്ങൾക്കുളള ആയുധമാണ്. ഐഎസ് പരിശീലനത്തിന്റെ ഭാഗമാണ് മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. ദി വീക്ക് ആ ആരോപണത്തിൽ അച്ചടിമഷി പുരട്ടി മാലോകരെ അറിയിച്ചിട്ടുണ്ട്.

പ്രേംനസീറിന്റെ സിഐഡി സിനിമകളുടെ തിരക്കഥാസന്ദർഭങ്ങളോട് കിടനിൽക്കുന്ന പരിണാമഗുപ്തിയാണ് മലപ്പുറം കളക്ടറേറ്റിലെ സ്ഫോടനം അവശേഷിപ്പിച്ചത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റും ഉപയോഗിച്ച സ്‌ഫോടനം, തൽസ്ഥാനത്തു നിന്ന് പൊട്ടിത്തെറിക്കാതെ അവശേഷിച്ച ബേസ് മൂവ്‌മെന്റ് എന്ന ലെറ്റര്‍പാഡിലുള്ള നോട്ടീസ് അടങ്ങിയ ഒരു പെട്ടി, അതിനകത്തുണ്ടായിരുന്ന അഖ്‌ലാഖിനെ കൊലപാതകത്തിനു പ്രതികാരമായാണ് സ്‌ഫോടനമെന്നുള്ള കുറിപ്പ്... ഒടുവിൽ ഐഎസ് പരിശീലനത്തിന്റെ ഭാഗമാണ് സ്ഫോടനം എന്ന സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം. ചിന്തിക്കുന്നവർക്കല്ല, ഒന്നും ചിന്തിക്കാത്തവർക്കും ദൃഷ്ടാന്തമുണ്ട്.

malappuram-rssമലപ്പുറത്തെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നാരോപിച്ച് പണപ്പിരിവും നടക്കുന്നുണ്ടെന്നു വേണം കരുതാൻ. ജിഹാദികളുടെ ഭീഷണി നേരിടുന്ന മലപ്പുറത്തെ ഹൈന്ദവസമുദായത്തിന്റെ അതിജീവനത്തിനു വേണ്ടി സാമ്പത്തികസഹായവും തൊഴിലവസരങ്ങളും രാഷ്ട്രീയവും സാമൂഹ്യവുമായ പിന്തുണയും വേണ്ടതുണ്ട് എന്ന് ശക്തമായ പ്രചാരണത്തിന്റെ ലക്ഷ്യം പണപ്പിരിവാണ് എന്നു വ്യക്തമാണ്. ആരെയും കണക്കു ബോധിപ്പിക്കേണ്ടതില്ലാത്ത പിരിവ്.

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന് ആർഎസ്എസിന്റെ ചരിത്രത്തിൽ പ്രമുഖമായ സ്ഥാനമുണ്ട്. സ്വാഭാവികമായും മലപ്പുറത്തിന്റെ പേരിൽ ചമയ്ക്കുന്ന നുണകൾ അവരുടെ പ്രചാരണയുദ്ധത്തിലെ പ്രധാനപ്പെട്ട അടവുമായിരിക്കും.

ചിത്രം: ബിജു ഇബ്രാഹിം

Read More >>