പോലീസ് കേസിനെ തുടർന്ന് ഹൈക്കോടതി സസ്‌പെൻഡ് ചെയ്ത മജിസ്‌ട്രേറ്റ് ആത്മഹത്യചെയ്ത നിലയിൽ

കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനാണ് മരിച്ചത്

പോലീസ് കേസിനെ തുടർന്ന് ഹൈക്കോടതി സസ്‌പെൻഡ് ചെയ്ത മജിസ്‌ട്രേറ്റ് ആത്മഹത്യചെയ്ത നിലയിൽ

കാസര്‍കോട്: കർണാടകത്തിലെ സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്ത കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് കോടതി കോംപ്ലക്‌സിന് സമീപത്തെ ഔദ്യോഗിക വസതിയിലാണ് മജിസ്‌ട്രേറ്റിനെ പുലർച്ചെ പത്ത് മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കൂടെയുണ്ടായിരുന്ന സഹായി ചായ കുടിക്കാൻ പോയ സമയത്തായിരുന്നു സംഭവം എന്നുകരുതുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ പോലീസ് സഹായത്തോടെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കർണാടക സന്ദർശനത്തിനുപോയ ഉണ്ണികൃഷ്ണനെതിരെ സുള്ള്യപോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഓട്ടോഡ്രൈവറുമായുണ്ടായ അനിഷ്ട സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മജിസ്‌ട്രേറ്റിനെ കസ്റ്റഡിയിലെടുത്ത് സുള്ള്യ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. ഇതിന് ശേഷം കാസര്‍കോട്ടെത്തിയ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ ചികിത്സതേടുകയും സുള്ള്യ പോലീസ് അകാരണമായി മർദിച്ചെന്നും ശീതളപാനീയത്തിൽ മദ്യം ചേർത്ത് ബലമായി കുടിപ്പിച്ചുവെന്നും പരാതിപ്പെട്ടിരുന്നു.
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈകോടതി മജിസ്‌ട്രേറ്റില്‍നിന്ന് വിശദീകരണം തേടിയിരുന്നു. ജില്ലാ ജഡ്ജില്‍നിന്നും ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമമായിരിക്കാം ആത്മഹത്യക്ക് കാരണമായത് എന്നാണ് പ്രാഥമിക വിവരം.

Story by
Read More >>