ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ റയലിന് സമനിലക്കുരുക്ക്

85-ആം മിനുറ്റിൽ കർവായലിന്റെ ക്രോസിൽ നിന്ന് മറ്റിയോ കൊവാസിച്ചാണ് റയലിനു വേണ്ടി മൂന്നാം ഗോൾ നേടിയത്. ഈ സമനിലയോടെ റയലിന് ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റായി

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ റയലിന് സമനിലക്കുരുക്ക്

വാഴ്‌സ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ
മാഡ്രിഡിനെ ഗ്രൂപ്പ് റൗണ്ടിൽ പോളിഷ് ക്ലബ് ലെഗിയ വാഴ്‌സാവ സമനിലയിൽ
തളച്ചു. ആറ് ഗോളുകൾ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് റയൽ 3-3ന് സമനില വഴങ്ങിയത്.

ലെഗിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനുറ്റിൽ തന്നെ
ഗാരെത് ബെയ്‌ലിലൂടെ റയൽ മാഡ്രിഡ് എതിർ വല കുലുക്കി. ക്രിസ്റ്റ്യാനോ
റൊണാൾഡോ നൽകിയ പാസിൽ നിന്നായിരുന്നു കളിയാരംഭം തന്നെ പിറന്ന ഗെയിലിന്റെ ഗോൾ. പിന്നീട് ബെയ്‌ലിന്റെ പാസിൽ നിന്ന് കരിം ബെൻസെമ രണ്ടാം ഗോളും നേടി.

40-ആം മിനുറ്റിൽ വാദിസ് ഓഫോയിലൂടെയാണ് ലെഗിയ അപ്രതീക്ഷിതമായി ആദ്യം
തിരിച്ചടിച്ചത്. റയൽ ഡിഫൻഡർ നാച്ചോയെ വെട്ടിച്ച് കടന്നുകയറിയ ഒഫോയെ 20
വാര ദൂരെ നിന്ന് തൊടുത്ത ഷോട്ട് ഗോളി കെയ്ലർ നവാസിനെയും മറികടന്ന് വലയിൽ
കയറുകയായിരുന്നു. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം 58-ആം മിനുറ്റിൽ
വിലാസ്‌ളോവ് റാഡോവിച്ചും 83-ാം മിനുറ്റിൽ തിബൗൾട്ട് മൗലീനും കൂടി
റയലിന്റെ വലയ്ക്കുള്ളിൽ പന്തെത്തിച്ചതോടെ പോളിഷ് ക്‌ളബ് 3-2ന് മുന്നിൽ.
പിന്നീട് ഉണർന്നു കളിച്ച റയൽ രണ്ട് മിനുറ്റിനകം മൂന്നാം ഗോൾ നേടി സമനില
കണ്ടെത്തി.

85-ആം മിനുറ്റിൽ കർവായലിന്റെ ക്രോസിൽ നിന്ന് മറ്റിയോ
കൊവാസിച്ചാണ് റയലിനു വേണ്ടി മൂന്നാം ഗോൾ നേടിയത്.
ഈ സമനിലയോടെ റയലിന് ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളിൽ നിന്ന് എട്ടു
പോയിന്റായി. പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ റയലിന് അടുത്ത മത്സരം കൂടി
കാത്തിരിക്കണം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്‌പോർട്ടിംഗ് സി.പി.യെ
1-0ത്തിന് തകർത്ത ബൊറൂസിയ ഡോർട്ട്മുണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്. 10
പോയിന്റാണ് ഡോർട്ട്മുണ്ടിനുള്ളത്. 12-ആം മിനുറ്റിൽ അഡ്രിയാൻ റാമോസ്
നേടിയ ഗോളിനാണ് ഡോർട്ട് മുണ്ട് സ്‌പോർട്ടിംഗിനെ തോൽപ്പിച്ചത്. ഇതോടെ
ജർമ്മൻ ക്‌ളബ് പ്രീക്വാർട്ടറിലെത്തുകയും ചെയ്തു.
ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഇന്നലെ നടന്ന മത്സരത്തിൽ ഫ്രഞ്ച്
ക്‌ളബ് ഒളിമ്പിക് ലിയോണിനോട് 1-1ന് സമനിലയിൽ പിരിഞ്ഞു. 13-ആം മിനുറ്റിൽ
അർജന്റീന സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്‌നിലൂടെ മുന്നിലെത്തിയിരുന്ന
യുവന്റസിനെ 84-ആം മിനുറ്റിൽ ഗോൾസോയിലൂടെയാണ് ലിയോൺ തളച്ചത്. മറ്റൊരു മത്സരത്തിൽ ഇംഗ്‌ളീഷ് ചാമ്പ്യൻമാരായ ലെയ്സ്റ്റർ സിറ്റി കോബൻഹാവനുമായി ഗോൾ രഹിതസമനിലയിൽ പിരിഞ്ഞു. ഭാഗ്യത്തിലാണ് ലെയ്സ്റ്റർ തോൽവിയിൽ നിന്ന് രക്ഷപ്പെട്ടത്.
ഫ്രഞ്ച് ക്‌ളബ് മൊണാക്കോ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റഷ്യൻ ക്‌ളബ്
സി.എസ്.കെ.എ മോസ്‌കോവയെ കീഴടക്കി പ്രീക്വാർട്ടർ സാദ്ധ്യത വർദ്ധിപ്പിച്ചു.
ഡാമൽ ഫൽക്കാവോ നേടിയ ഇരട്ടഗോളുകളാണ് മൊണാക്കോയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. 12-ആം മിനുറ്റിൽ ജർമെയ്നിലൂടെ മുന്നിലെത്തിയിരുന്ന
മൊണാക്കോയ്ക്ക് വേണ്ടി 28, 41 മിനിട്ടുകളിലാണ് ഫൽക്കാവോ സ്‌കോർ ചെയ്തത്.
ഗ്രൂപ്പ് ഇയിൽ നാല് കളികളിൽ നിന്ന് എട്ട് പോയിന്റുമായി മൊണാക്കോ ഒന്നാം
സ്ഥാനത്താണ്. ഇന്നലെ ഇംഗ്‌ളീഷ് ക്‌ളബ് ടോട്ടൻഹാമിനെ 1-0ത്തിന് തോൽപ്പിച്ച
ജർമ്മൻ ക്‌ളബ് ബയേർ ലെവർ കൂസനാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. ആറ്
പോയിന്റാണ് ലെവർകൂസനുള്ളത്. 65-ആം മിനുറ്റിൽ കെവിൻ കാംപിൻ നേടിയ
ഗോളിനാണ് ലെവർ കൂസൻ ടോട്ടനത്തെ തകർത്തത്.