ആരെയും ഒരു നക്സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്; എം സ്വരാജ്

പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആദിവാസികളും വൻകിടക്കാരുടെ കാൽക്കീഴിലെ പുഴുക്കളെ പോലെ നരകിക്കുമ്പോൾ, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും നീതി അനാഥമാവുകയും ചെയ്യുമ്പോൾ, ഇതെല്ലാം തകർക്കപ്പെടണമെന്ന് തോന്നുക സ്വാഭാവികമാണ്.

ആരെയും ഒരു നക്സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്; എം സ്വരാജ്

നിലമ്പൂരിൽ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച്   എം സ്വരാജ് എംഎൽഎ. മൂന്നുകാര്യങ്ങളെക്കുറിച്ച് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ നിലമ്പൂർ സംഭവത്തെക്കുറിച്ചും മാവോയിസത്തെക്കുറിച്ചുള്ള സ്വരാജിന്റെ നിലപാടും കൂടാതെ വിടി ബൽറാം എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന്റെ മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്യാനിടയായ സംഭവത്തെക്കുറിച്ചുമാണ് സ്വരാജ് തന്റെ നിലപാട്  വ്യക്തമാക്കിയിരിക്കുന്നത്.

"നിലമ്പൂർ വനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ വിശദീകരണം ഏറ്റുമുട്ടലിനിടെയുണ്ടായ മരണമെന്നാണ്. എന്നാൽ പോലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവർക്ക് അതിന് മതിയായ കാരണങ്ങളുണ്ട്. വർഗീസിന്റെ അനുഭവം മറക്കാറായിട്ടില്ലല്ലോ. (അന്ന് ഏറ്റുമുട്ടൽ കൊലയെന്ന് മനോരമാദികൾ സമർത്ഥിച്ചപ്പോൾ , ഏറ്റുമുട്ടലല്ല പിടിച്ചുകെട്ടി വെടിവെച്ചു കൊന്നതാണെന്ന സത്യം വിളിച്ചു പറഞ്ഞത് ദേശാഭിമാനി മാത്രമായിരുന്നു.) . രാജന്റെ ഓർമകൾക്കും മരണമില്ല . ലഭ്യമായ വിവരങ്ങൾ വെച്ചു നോക്കിയാൽ നിലമ്പൂർ സംഭവത്തിലും പോലീസിനെ കണ്ണടച്ചു വിശ്വസിക്കാൻ പ്രയാസമാണെന്ന് എനിക്ക് തോന്നുന്നു".

എന്നാൽ മാവോയിസ്റ്റുകളോടുള്ള നിലപാടും ഫേസ്ബുക്ക് പോസ്റ്റിൽ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.
"പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആദിവാസികളും വൻകിടക്കാരുടെ കാൽക്കീഴിലെ പുഴുക്കളെ പോലെ നരകിക്കുമ്പോൾ, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും നീതി അനാഥമാവുകയും ചെയ്യുമ്പോൾ, ഇതെല്ലാം തകർക്കപ്പെടണമെന്ന് തോന്നുക സ്വാഭാവികമാണ്. ആരെയും ഒരു നക്സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. തച്ചുടയക്കപ്പെടേണ്ടതാണ് ഈ സാമൂഹ്യ വ്യവസ്ഥയെന്ന് കരുതുന്ന, കണ്ണീരും പട്ടിണിയും ചൂഷണവുമില്ലാത്ത ലോകം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരെയും കുറ്റപ്പെടുത്താൻ എനിക്കാവില്ല".

"ഇന്ന് 'മാവോയിസ്റ്റുകൾ ' എന്ന് വിളിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങളോട് എനിക്ക് ശകതമായ വിയോജിപ്പാണുള്ളത്. സ്വാധീന മേഖലകളിൽ ലക്ഷണമൊത്ത കൊള്ള സംഘമായാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. കുത്തകകളോട് വിലപേശി കാശുവാങ്ങി അവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ കാവൽക്കാരായും, തൃണമൂൽ കോൺഗ്രസിനോട് തുക പറഞ്ഞുറപ്പിച്ച് സി പി ഐഎം പ്രവർത്തകരെ കൊന്നു തള്ളുന്ന കൊട്ടേഷൻസംഘമായും പ്രവർത്തിക്കുന്നവർക്ക് മാവോയിസത്തെ കുറിച്ചൊന്നും പറയാൻ അവകാശമില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ജനാധിപത്യ പ്രകൃയയുടെ ഭാഗമാവുകയാണ് വേണ്ടത്".

വിടി ബൽറാം എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന്റെ മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്യാനിടയായതിനെതിരെയും സ്വരാജ് പ്രതികരിച്ചിട്ടുണ്ട്.
"മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രതിഷേധിച്ചവരിൽ വിടി ബൽറാം എംഎൽഎയുമുണ്ട്..!. ഇങ്ങനെയൊക്കെ ചെയ്യുന്ന അൽപ്പന്മാരുടെ അതേ നിലവാരമാണ് തനിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനുള്ള ബൽറാമിന്റെ സ്വാതന്ത്ര്യത്തെ ഞാൻ എതിർക്കുന്നില്ല. ഇതിന് മറുപടിയായി ബൽറാമിന്റെ ചിത്രവും മോർഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. സഖാക്കൾ എന്നവകാശപ്പെട്ടാണ് ചിലർ ഇത് ചെയ്തത്. തുല്യനാണയ പ്രതികരണം എന്ന നിലക്കാവാം ഇത്. അതും അംഗീകരിക്കാനാവില്ല".

സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.Read More >>