ഐഎഫ്എഫ്ഐ ജൂറി തലപ്പത്ത് അനർഹർ; അടൂർ ഗോപാലകൃഷ്‌ണൻ

തന്റെ സിനിമ തള്ളിയതുമാത്രമല്ല പ്രശ്‌നം മറിച്ച് ബുദ്ധദേവ് ദാസ്‌ ഗുപ്തയുടെ 'ടോപ്' എന്ന ചിത്രവും നിരസിച്ചിരിക്കുകയണ്.

ഐഎഫ്എഫ്ഐ ജൂറി തലപ്പത്ത് അനർഹർ; അടൂർ ഗോപാലകൃഷ്‌ണൻ

ഐഎഫ്എഫ്‌ഐ ജൂറി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് അദ്ദേഹത്തിന്റെ 'പിന്നെയും' എന്ന ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നില്ല. 22ാമത് കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ബഹുമതി വിഭാഗത്തില്‍ 'പിന്നെയും' ചിത്രത്തിന്റെ പ്രദര്‍ശനത്തിന് കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ അദ്ദേഹം തന്റെ പരാതി മറച്ചുവെച്ചില്ല. തന്റെ സിനിമ തള്ളിയതുമാത്രമല്ല പ്രശ്‌നം മറിച്ച് ബുദ്ധദേവ് ദാസ് ഗുപ്തയുടെ 'ടോപ്' എന്ന ചിത്രവും നിരസിച്ചിരിക്കുകയാണ്. അനര്‍ഹരാണ് ഇപ്പോള്‍ ഐഎഫ്എഫ്‌ഐയുടെ ജൂറിയായിട്ടുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മികച്ച ഇന്ത്യന്‍ സിനിമകളെയെല്ലാം ഇന്ത്യന്‍ പനോരമ തള്ളുകയാണ്.

എല്ലാ സമയത്തും ഏറ്റവും നല്ല 21 സിനിമകള്‍ കിട്ടണമെന്നുണ്ടോ? അപ്പോള്‍ ഇടത്തരം നല്ല സിനിമകളെ പരിഗണിക്കുക. പക്ഷെ എന്തുകൊണ്ടിവര്‍ അസംബന്ധ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതുപോലെ വിചിത്രമായിരിക്കുന്നു ഇത്. നമ്മള്‍ അധഃപതനത്തിലേക്കു പോകുന്നുവെന്നാണു ഇതു തെളിയിക്കുന്നതെന്ന് ദാദാ സാഹിബ് ഫാല്‍കേ പുരസ്‌കാര ജേതാവ് കൂടിയായ സംവിധായകന്‍ പറഞ്ഞു. പനോരമ തള്ളിയ സിനിമകളുള്‍പ്പെടുത്തി നമുക്കൊരു മികച്ച ഫെസ്റ്റിവല്‍ സംഘടിപ്പിക്കാം. പനോരമ സിനിമകള്‍ ദൂരദര്‍ശന്‍ പോലും പ്രദര്‍ശിപ്പിക്കാറില്ല. പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ദൂരദര്‍ശന്‍ അത് നിര്‍ത്തലാക്കിയിരുന്നു. എന്തിനു കോടികള്‍ മുഴക്കി ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കണം എന്നാണു കമ്മറ്റിയുടെ ചോദ്യം. നല്ല സിനിമകളെ ഇങ്ങനെയാണു നോക്കിക്കാണുന്നതെങ്കില്‍ അത് വളരുന്ന യുവതലമുറയെയാണു ബാധിക്കുകയെന്ന് അടൂര്‍ കൂട്ടിച്ചേര്‍ത്തു.