ലോബികളുടെ പിടിയിലമര്‍ന്ന് സബ് ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍

സബ്ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് തുടക്കമായതോടെ കലോത്സവ നടത്തിപ്പ് ലോബികള്‍ സജീവമായി. പ്രധാനമായും അധ്യാപക സംഘടനാ പ്രതിനിധികളും ഡാന്‍സ് സ്‌കൂള്‍ നടത്തിപ്പുകാരും ഉള്‍പ്പെട്ടതാണ് ഇത്തരം ലോബികള്‍. സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നതും അപ്പീല്‍ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ഈ ലോബികള്‍ ആണ്.

ലോബികളുടെ പിടിയിലമര്‍ന്ന് സബ് ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍

സബ് ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് തുടക്കമായതോടെ കലോത്സവ നടത്തിപ്പ് ലോബികള്‍ സജീവമായി. പ്രധാനമായും അധ്യാപക സംഘടനാ പ്രതിനിധികളും ഡാന്‍സ് സ്‌കൂള്‍ നടത്തിപ്പുകാരും ഉള്‍പ്പെട്ടതാണ് ഇത്തരം ലോബികള്‍. സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നതും അപ്പീല്‍ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ഈ ലോബികള്‍ ആണ്. കുഞ്ഞുപ്രതിഭകള്‍ ആദ്യമായി മാറ്റുരക്കുന്ന കലോത്സവവേദികളിലെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നത് ഒരു മാനദണ്ഡവും ഇല്ലാതെയാണ്. സബ് ജില്ലാതലത്തില്‍ എഇഒയും ജില്ലാതലത്തില്‍ ഡിഇഒയും ആണ് വിധികര്‍ത്താക്കളെ കണ്ടെത്താനുള്ള കമ്മിറ്റികളുടെ മേല്‍നോട്ടം വഹിക്കുന്നത്. എന്നാല്‍ അധ്യാപകസംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചില 'സ്ഥിരംകുറ്റികള്‍' വിധികര്‍ത്താക്കളെ കൊണ്ടുവരാനുള്ള കരാര്‍ മൊത്തമായി എടുക്കുകയാണെന്ന് കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുകൊണ്ട് മാത്രമേ ഇവരെ സംഘടനാ പ്രതിനിധികള്‍ എന്ന നിലയില്‍ കാണാന്‍ കഴിയൂ. അധ്യാപക സംഘടനകള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ പോലും ഇത്തരക്കാര്‍ കൂടെ കാണില്ല. കലോത്സവകാലം തുടങ്ങുമ്പോള്‍ മാത്രം സജീവമാകുന്ന ഇത്തരക്കാരുടെ ഉദ്ദേശം സാമ്പത്തികനേട്ടം മാത്രമാണെന്നും പ്രിന്‍സിപ്പല്‍ നാരദാ ന്യൂസിനോട് പറഞ്ഞു. കലോത്സവത്തിലെ വിവിധ ഇനങ്ങള്‍ക്ക് വിധികര്‍ത്താക്കളെ നിശ്ചയിക്കും ഇതിനുള്ള പ്രതിഫലം സംസാരിച്ചുറപ്പിക്കും. ഓരോ ഇടനിലക്കാരനും പറ്റിയ നിലയില്‍ സ്ഥിരം വിധികര്‍ത്താക്കളുണ്ട്. പണികഴിഞ്ഞാല്‍ വൗച്ചറില്‍ 1000 രൂപ എന്നെഴുതി വിധികര്‍ത്താവ് ഒപ്പിട്ടു നല്‍കും. പലപ്പോഴും 500 മുതല്‍ 800 രൂപ വരെ വിധികര്‍ത്താവിന് കിട്ടും. ബാക്കി വിധികര്‍ത്താവിനെ കൊണ്ടുവരുന്ന ആളിന് തന്നെ.

ഒപ്പന മുതല്‍ ദഫ്മുട്ടും കോല്‍ക്കളിയും ഉള്‍പ്പെടെ എല്ലാ മാപ്പിള കലാരൂപങ്ങള്‍ക്കും മാര്‍ക്കിടുന്നത് ഒരേ വിധികര്‍ത്താക്കള്‍ തന്നെ. ഇവയില്‍ ഏതിനാണ് ഇവര്‍ക്ക് വൈദഗ്ധ്യമെന്നോ എന്താണ് ഇവരുടെ യോഗ്യത എന്നോ ആര്‍ക്കും അറിയില്ല. വടക്കേ മലബാറില്‍ കഴിഞ്ഞവര്‍ഷം നടന്ന ഒരു സബ്ജില്ലാ കലോത്സവത്തില്‍ തിരുവാതിരയ്ക്കും മാര്‍ഗംകളിക്കും മാര്‍ക്കിട്ടത് ഒരേ വിധികര്‍ത്താവ് തന്നെ. സമീപജില്ലക്കാരിയായ ഒരു തിരുവാതിര അധ്യാപികയായിരുന്നു വിധികര്‍ത്താവ്. വിധികര്‍ത്താവിനെ എത്തിച്ച അദ്ധ്യാപകന്‍ ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ചവരോട് പറഞ്ഞത് 'തിരുവാതിരയും മാര്‍ഗംകളിയും പെണ്‍കുട്ടികള്‍ വട്ടത്തില്‍ നിന്നുകളിക്കുന്നതല്ലേ, ഒരേ ആള്‍ തന്നെ മാര്‍ക്ക് ഇട്ടാല്‍ മതി' എന്നായിരുന്നുവത്രെ!

സ്‌കൂള്‍ കലോത്സവങ്ങളില്‍ മാര്‍ക്ക് ഇടാന്‍ എത്തുന്നവര്‍ക്ക് യോഗ്യതയുണ്ടെന്ന് തെളിയിക്കാന്‍ ചൂണ്ടിക്കാട്ടുന്നത് അവര്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ വിവരിച്ചുകൊണ്ടാവും. എന്നാല്‍ ഇത്തരം പുരസ്‌കാരങ്ങള്‍ക്ക് പിറകിലും ചില കഥകള്‍ ഉണ്ടെന്ന് നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പലപ്പോഴും സ്‌കൂള്‍ കലോത്സവങ്ങള്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണത്രെ ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് ജില്ലയിലെ ഒരു സബ്ജില്ലാ കലോത്സവത്തിന് വിധികര്‍ത്താവായി സ്ത്രീയെ കൊണ്ടുവന്നത് ഒരു 'യമണ്ടന്‍' പുരസ്‌കാരം ലഭിച്ച കലാകാരിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നുവത്രെ. ഒരു ഡാന്‍സ് സ്‌കൂള്‍ അധ്യാപികയായ അവര്‍ക്ക് അവരുടെ പ്രദേശത്തെ ഒരു ആര്‍ട്‌സ് ക്ലബ് നല്‍കിയ പുരസ്‌കാരം മാത്രമായിരുന്നു അത്! സ്ഥിരംകുറ്റികളായ ഇടനിലക്കാരും വിധികര്‍ത്താക്കളും അരങ്ങുവാഴുമ്പോള്‍ കഴിവുള്ളവരും സ്വാധീനമില്ലാത്തവരുമായ കുട്ടിപ്രതിഭകള്‍ അരങ്ങ് ഒഴിയേണ്ടിവരുമെന്നത് സങ്കടകരമായ സത്യമാണ്.

Read More >>