കടം എഴുതി തള്ളാന്‍ ഈ അന്ധനായ അച്ഛനും മകളും മല്യയെ പോലെ രാജ്യം വിടണോ?

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന വാസുവിന് കാഴ്ചയില്ലാതായതോടെ വരുമാനം നിലച്ചു. മകള്‍ ഷൈലയ്ക്ക് മൂന്ന് സ്ഥാപനങ്ങളില്‍ ജോലിക്ക് പോയി കിട്ടുന്ന 3000 രൂപയാണ് ഏകവരുമാനം . അതില്‍ നിന്ന് ആയിരം രൂപ തിരിച്ചടച്ചിട്ടും ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നു. മല്യയടക്കമുള്ള സമ്പന്നരുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതി തള്ളുന്ന ഭരണകൂടങ്ങള്‍ കാണാതെ പോകരുത് ഇത് പോലുള്ള ദലിത് വിഭാഗത്തിന്റേയും പാവപ്പെട്ടവന്റേയും ജീവിതം

കടം എഴുതി തള്ളാന്‍ ഈ അന്ധനായ അച്ഛനും മകളും മല്യയെ പോലെ രാജ്യം വിടണോ?കൊച്ചി: രാജ്യത്ത് വന്‍കിടക്കാരുടെ കോടികള്‍ വരുന്ന കടങ്ങള്‍ മുറപോലെ എഴുതി തള്ളുന്ന ഭരണകൂടങ്ങള്‍ക്ക് മറുഭാഗത്തുള്ള പാവപ്പെട്ടവന്റെ ജീവിതം ജപ്തിയ്ക്കുള്ളതാണ്. വീടുവെയ്ക്കാന്‍ സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്ത മുളന്തുരുത്തിയിലെ വാസുവും മകള്‍ ഷൈലയും കിടപ്പാടം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണിന്ന്. കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നും വായ്പയിലേക്ക് അടച്ചിട്ടും ഈ ദളിത് കുടുംബം ജപ്തി നടപടി നേരിടുകയാണ്.


തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വീട് നിര്‍മ്മിക്കുന്നതിന് അനുവദിച്ച 75000 രൂപ ഒന്നിനും തികഞ്ഞിരുന്നില്ല. ഇതോടെയാണ് മുളന്തുരുത്തി സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കാഴ്ച നഷ്ടമായതോടെ വാസുവിന്റെ വരുമാനം നിലച്ചു. തിമിര ചികിത്സയില്‍ ഉണ്ടായ പിഴവിലാണ് വാസുവിന് കാഴ്ച നഷ്ടപ്പെട്ടത്. ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു. രോഗിയായ മകള്‍ ഷൈല രണ്ട് ബാങ്കുകളും മൊബൈല്‍ കടയും തൂത്ത് വൃത്തിയാക്കിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. .

മാസം കിട്ടുന്ന മുവായിരം രൂപയില്‍ നിന്ന് ആയിരം രൂപ വീതം ബാങ്കില്‍ അടയ്ക്കുന്നുണ്ടെന്ന് ഷൈല പറയുന്നു. എന്നിട്ടും കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസെത്തി. മുതലും പലിശയുമടക്കം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ബാങ്കിലടക്കേണ്ടത്. ലോണിനും ഇരുവര്‍ക്കുമുള്ള മരുന്നിനും കൂടി പണം ചെലവഴിക്കേണ്ടി വരുമ്പോള്‍ നീക്കിയിരിപ്പ് ഒന്നുമുണ്ടാകില്ല. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികം അനുവദിക്കുന്നില്ലെന്ന് ഷൈല പറഞ്ഞു.

കുടിശ്ശിക എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറിയിറങ്ങി. ബാങ്ക് അധികൃരേയും സ്ഥലത്തെ രാഷ്ട്രീയ നേതാക്കളേയും കണ്ടിട്ടും കാര്യമുണ്ടായില്ല. എടുത്ത ലോണ്‍ അടക്കമെന്നായിരുന്നു അവരുടെ മറുപടി. ''ഒരു രക്ഷയുമില്ലാതായപ്പോള്‍ കടം മേടിച്ചതല്ലേ , അവസാനം വരുന്നതൊക്കെ വരട്ടെ എന്ന് കണക്കാക്കി''-വാസു പറഞ്ഞു.

Read More >>