മെസിയുടെ ഇരട്ട ഗോളിൽ ബാഴ്‌സയ്ക്ക് വിജയം; പ്രീക്വാർട്ടർ ബർത്ത്

വിജയത്തോടെ അഞ്ചു കളികളിൽ നിന്നും 12 പോയിന്റുള്ള ബാഴ്‌സ സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി തുടരുകയാണ്. അഞ്ചു കളിയിൽ നിന്നും എട്ടു പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.

മെസിയുടെ ഇരട്ട ഗോളിൽ ബാഴ്‌സയ്ക്ക് വിജയം; പ്രീക്വാർട്ടർ ബർത്ത്

ഗ്ലാസ്‌ഗോ: ലയണൽ മെസിയുടെ ഇരട്ടഗോളിൽ സെൽറ്റിക്കിനെതിരെ ബാഴ്‌സലോണയ്ക്ക് വിജയം. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലെ സി ഗ്രൂപ്പിൽ നടന്ന മത്സരം വിജയിച്ചതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ചാമ്പ്യൻസ് ലീഗിലെ അവസാന 16ൽ ഇടം നേടാൻ ബാഴ്‌സയ്ക്ക് കഴിയുമെന്ന കാര്യം ഉറപ്പായി.

മലാഗയ്‌ക്കെതിരെ നാണംകെട്ട സമനില വഴങ്ങിയ ടീമിൽ അഞ്ചു മാറ്റങ്ങളോടെയായിരുന്നു ബാഴ്‌സ കോച്ച് ടീമിനെ കളത്തിലിറക്കിയത്. അസുഖം ഭേദമായ മെസിയും സസ്‌പെൻഷനിലായിരുന്ന സുവാരസും കളത്തിലിറങ്ങി. ഇതിന്റെ ഫലം 24-ആം മിനുറ്റിൽ തന്നെ സ്പാനിഷ് ക്ലബ്ബിന് കിട്ടി. വലതുവശത്തുകൂടെ നെയ്മർ കയറ്റിക്കൊണ്ടുവന്ന് മെസിക്ക് കൈമാറിയ പന്തിന് വലയിലേക്ക് വഴികാണിച്ചുകൊടുത്തതോടെ അതിഥികൾ ആദ്യപകുതിയിൽ തന്നെ മുന്നിലെത്തി. ടൂർണമെന്റിൽ മെസിയുടെ എട്ടാം ഗോളായിരുന്നു അത്.


ഒരു ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച സെൽറ്റിക്, മോസ ഡെംബെലെയിലൂടെ ഒരു മുന്നേറ്റം നടത്തിയെങ്കിലും ബാഴ്‌സ ഗോളി രക്ഷകനായി. ഇതിനിടെ സുവാരസിന്റെ അത്യുഗ്രൻ ഹെഡ്ഡർ സെൽറ്റിക് ഗോളി ഗോർഡനും ഡൈവ് ചെയ്ത് ഒറ്റക്കൈയിൽ തടഞ്ഞിട്ടു. പിന്നീട് 55-ആം മിനുറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസിയും ബാഴ്‌സയും കളിയിലെ രണ്ടാം ഗോൾ നേടിയത്.

സെർജി റോബെർട്ടോ നൽകിയ പന്ത് ബോക്‌സിനുള്ളിൽ വച്ച് സുവാരസ് കാലുകളിൽ എടുക്കുന്നതിനിടെ സെൽറ്റിക് താരം ഇസഗർ ജഴ്‌സിയിൽ പിടിച്ച് വലിച്ചിട്ടതിനെ തുടർന്നാണ് റഫറി ബാഴ്‌സയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത മെസി പോസ്റ്റിന് മദ്ധ്യേ താഴ്ത്തിയടിച്ച് വല കുലുക്കിയതോടെ ബാഴ്‌സ വിജയം ഉറപ്പിച്ചു. ടൂർണമെന്റിൽ മെസിയുടെ ഒമ്പതാം ഗോളും പിറന്നു. മെസിയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. ലെഗിയ വാർസ്വാവയുടെ നികോളിക് ആണ് ആറു ഗോളുകളുമായി മെസിക്ക് തൊട്ടുപിറകിലുള്ളത്.
വിജയത്തോടെ അഞ്ചു കളികളിൽ നിന്നും 12 പോയിന്റുള്ള ബാഴ്‌സ സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി തുടരുകയാണ്. അഞ്ചു കളിയിൽ നിന്നും എട്ടു പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.

മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്‌സനിലും സമനില, അത്‌ലറ്റികോയ്ക്ക് ജയം

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സി ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ബൊറൂസിയ എംഗ്ലാഡ്ബാച്ച് സമനിലയിൽ കുരുക്കി. ബൊറുസിയ എംഗ്ലാഡ്ബാച്ചിന് വേണ്ടി റഫേലായിരുന്നു ആദ്യം ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ ഗോളൊന്നും പിറക്കാതിരുന്നതിനെ തുടർന്ന് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ഡി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ പി.എസ്.വിയെ അത്‌ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. 55-ആം മിനുറ്റിൽ ഗമൈറോയും 66-ആം മിനുറ്റിൽ അന്റോണിയോ ഗ്രീസ്മാനുമാണ് അത്‌ലറ്റികോയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ ആഴ്‌സനൽ പി.എസ്.ജി 2-2 എന്ന മാർജിനിൽ സമനിലയിൽ കലാശിച്ചു. 18-ആം മിനുറ്റിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് വേണ്ടി കവാനിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ഒന്നാം പകുതിയുടെ ഇൻജ്വറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഗോൾ മടക്കി ജിറൂഡ് ആഴ്‌സനലിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയുടെ 60-ആം മിനുറ്റിൽ വെററ്റിക്ക് പറ്റിയ അബദ്ധത്തിൽ പിറന്ന സെൽഫ് ഗോളിലൂടെ ആഴ്‌സനൽ മുൻപിലെത്തിയെങ്കിലും ആ ലീഡിന് അധികം ആയുസുണ്ടായില്ല. 77-ആം മിനുറ്റിൽ ലൂകാസ് പി.എസ്.ജിക്ക് വേണ്ടി ആഴ്‌സനൽ വല കുലുക്കിയതോടെ മത്സരം സമനിലയിൽ കലാശിച്ചു.

ലുഡോഗോറെറ്റ്‌സും ബസേലും തമ്മിൽ നടന്ന മത്സരവും നാപോളിയും ഡയനാമോ ക്യൂവും തമ്മിൽ നടന്ന മത്സരവും ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ അവസാന ലീഗ് മത്സരങ്ങൾ ഡിസംബർ ഏഴ്, എട്ട് തീയതികളായി നടക്കും. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. ഇതിൽ 16 ടീമുകൾക്ക് മാത്രമാകും നോക്കൗട്ട് പ്രവേശനം. ഡിസംബർ 16 മുതൽക്കാണ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുക.

Read More >>