ദിലീപേട്ടന്‍ ഇനി വീട്ടിലിരിക്കൂ... കാവ്യ അഭിനയിക്കട്ടെ... ജസ്റ്റ് ഫോര്‍ എ ചേയിഞ്ചേ...

അമലാ പോള്‍ വിജയിനു പണി കൊടുത്തു. ലോഹിതദാസ് കണ്ടെടുത്ത മറ്റൊരു നടി പണി കൊടുക്കാന്‍ തീരുമാനിച്ച വാര്‍ത്ത ബലൂണ്‍ പോലെ പെരുകി വരുന്നു. ഏതു നിമിഷവും പൊട്ടും.

ദിലീപേട്ടന്‍ ഇനി വീട്ടിലിരിക്കൂ... കാവ്യ അഭിനയിക്കട്ടെ... ജസ്റ്റ് ഫോര്‍ എ ചേയിഞ്ചേ...

ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുന്ന നടിമാരെ അതേ തിളക്കത്തോടെ കല്യാണം കഴിച്ച് വീട്ടിനുളളില്‍ അടച്ചിടാമെന്നു കരുതിയ എല്ലാ താരപുരുഷന്മാര്‍ക്കും പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. അമലാ പോള്‍ വിജയിനു പണി കൊടുത്തു. ലോഹിതദാസ് കണ്ടെടുത്ത മറ്റൊരു നടി പണി കൊടുക്കാന്‍ തീരുമാനിച്ച വാര്‍ത്ത ബലൂണ്‍ പോലെ പെരുകി വരുന്നു. ഏതു നിമിഷവും പൊട്ടും. നടിയെ വിവാഹം കഴിച്ച് വീട്ടില്‍ കെട്ടിയിടാന്‍ മോഹിക്കുന്നവര്‍ പട്ടിയെ കെട്ടുന്നതാണ് ഉചിതമെന്ന് പ്രിയാമണി തുറന്നടിക്കുന്നു....... എന്തിനേറെ കരിയറിന്റെ ഉച്ചിയില്‍നിന്ന് മഞ്ജു വാര്യരെ കെട്ടി വീട്ടിലിരുത്തിയ ദിലീപേട്ടനും കിട്ടിയത് എട്ടിന്റെ പണി തന്നെയല്ലേ.


വിവാഹ ശേഷം നടിയെ അഭിനയിക്കാന്‍ വിടാത്തതിനു കാരണം പണ്ട് ദിലീപേട്ടനൊരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഫ്ളാഷ് ബാക്കില്‍ അതിങ്ങനെയായിരുന്നു. ദിലീപും മഞ്ജുവും തമ്മിലുളള പ്രണയം കൊടുമ്പിരിക്കൊണ്ട സമയം. അക്കാലത്താണ് ആറാം തമ്പുരാന്‍ റിലീസായത്. കംപ്ലീറ്റ് ആക്ടറിനൊപ്പം മഞ്ജുവിന്റെ പ്രകടനവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. തമ്പുരാനൊപ്പം ഉണ്ണിമായയെയും ജനം ഏറ്റെടുത്തു.

ആറാം തമ്പുരാനിലെ ഉണ്ണിമായയെ ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന്, സിനിമ കണ്ടില്ലെന്നായിരുന്നു ഏട്ടന്റെ മറുപടി. കാരണവും ലാലു അലക്സിനെപ്പോലെ സിംപിളായിട്ടു പറഞ്ഞു. സ്വന്തം ഭാര്യയെ അന്യപുരുഷന്‍ കെട്ടിപ്പിടിക്കുന്നത് ആര്‍ക്കാണ് ഇഷ്ടപ്പെടുക എന്നതായിരുന്നു ചോദ്യം. ഈ ലോജിക് ഉന്നയിക്കുക വഴി വിവാഹിതയായ ഏതു നടിക്കും ഫീല്‍ഡിലുളള ഭര്‍ത്താവിന്റെ ചങ്കില്‍ കുത്താന്‍ ഒന്നൊന്നര ആയുധമാണ് ദിലീപേട്ടന്‍ നല്‍കിയത്.

കാവ്യയിപ്പോ പഴയ കാവ്യയല്ല. ന്യൂ ജനറേഷന്‍ കാവ്യയാണ്. കാവ്യയെ വീട്ടിലിരുത്തി ദിലീപേട്ടന്‍ അഭിനയിക്കാനിറങ്ങുന്നുവെന്നു വെയ്ക്കുക. സദാനന്ദന്റെ സമയമൊക്കെ സംവിധാനം ചെയ്തവര്‍ ഇപ്പോഴും അവിടെയും ഇവിടെയുമൊക്കെ കറങ്ങി നടപ്പുണ്ട്. കുടുംബം കലക്കുന്ന ലാല്‍ ജോസിനെപ്പോലുളള സംവിധായകര്‍ ഇനിയും അരഞ്ഞാണ മോഷണ രംഗങ്ങളുമായി വരും. അഭിനയമല്ലേ, തൊഴിലല്ലേ എന്നു കരുതി മനസിലൊന്നും വിചാരിക്കാത്ത ദിലീപേട്ടന്‍ അതു കേറി അഭിനയിക്കും.

പിന്നെ പറയണോ? സ്വന്തം ഭാര്യയെ അന്യപുരുഷന്‍ കെട്ടിപ്പിടിക്കുന്നത് ഏതു ഭര്‍ത്താവ് സഹിക്കും എന്ന ചോദ്യം പാമ്പായി തിരിഞ്ഞു കടിക്കും. സ്വന്തം ഭര്‍ത്താവ് അന്യസ്ത്രീയെ കെട്ടിപ്പിടിക്കുന്നത് ഏതു ഭാര്യ സഹിക്കും എന്ന ലോജിക്ക് കാവ്യ ഉന്നയിക്കും. കാവ്യ ന്യൂ ജെനറേഷന്‍ കാലത്തെ ഭാര്യയാണ്. അതോര്‍മ്മിക്കുക.

പിന്നെ എന്താണ് സംഭവിക്കുകയെന്നത് നമുക്ക് പറയാനാകില്ല. പത്രങ്ങളില്‍ ഗോസിപ്പാകാം. (അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു) സോഷ്യല്‍ മീഡിയയൊക്കെ വളരെ സ്‌ട്രോംഗാണ്. ഉത്തരാധുനികരും അമാനവരുമടക്കം കാവ്യയ്ക്കു പിന്തുണയുമായി എത്തിയേക്കാം. അവര്‍ക്കാണെങ്കില്‍ ദിലീപേട്ടനെന്നോ ജനപ്രിയനായകനാണെന്നോ ഒരു നോട്ടവുമില്ല. കേറി മേയും.

ഇത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാലമാണ്. ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി എന്നുവെച്ചാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിനായി ആരുടേയും മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുമെന്നല്ല. സ്ത്രീ അവളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നുതന്നെയാണ്.

അതുകൊണ്ട് ദിലീപേട്ടന് ഒരു ചെയിഞ്ച് ആകട്ടെ. വിവാഹത്തോടെ ഫീല്‍ഡില്‍ നിന്ന് ഭര്‍ത്താവ് വിരമിക്കട്ടെ. മീനാക്ഷിയെയും നോക്കി വീട്ടുകാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ഏട്ടന്‍ വീടു ഭരിക്കൂ. കാവ്യ അഭിനയിക്കട്ടെ.