അന്ധവിശ്വാസ നിരോധന നിയമം; ഇടതുപക്ഷ സർക്കാർ ഒളിച്ചോടരുത്‌

സാമൂഹിക നവോത്ഥാനത്തിന്റെ പൈതൃകമുള്ള കേരളം പ്രാകൃത വിശ്വാസ ആചാരങ്ങളിലേക്ക്‌ തിരിച്ചു പോകുന്നതിന്റെ മനശാസ്‌ത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ട സന്ദര്‍ഭമാണിത്‌.

അന്ധവിശ്വാസ നിരോധന നിയമം; ഇടതുപക്ഷ സർക്കാർ ഒളിച്ചോടരുത്‌

മുജീബുര്‍ റഹ്‌മാന്‍ കിനാലൂര്‍

കോഴിക്കോട്‌ ജില്ലയിലെ കള്ളാംതോടുള്ള വ്യാജസിദ്ധന്റെ നിർദ്ദേശപ്രകാരം ഒരു പിതാവ്‌ നവജാത ശിശുവിനു മുലപ്പാൽ നിഷേധിച്ച സംഭവം വലിയ വാർത്തയാകുകയുണ്ടായി. അഞ്ചു  ബാങ്കു വിളിക്കുന്ന സമയം കഴിഞ്ഞേ കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ അനുവദിക്കൂ പിതാവ് ശഠടിച്ചു.  തന്റെ മൂത്ത കുഞ്ഞിനും പിറന്ന ദിനം മുലപ്പാൽ നൽകിയിട്ടില്ലെന്നും 'ഉപ്പാപ്പ' മന്ത്രിച്ച വെള്ളം മാത്രമേ നൽകിയിട്ടുള്ളൂ എന്നും പിതാവ് വിശദീകരിച്ചു.


മാധ്യമ ശ്രദ്ധയിൽ വന്നതു  കൊണ്ടാണു സംഭവം പുറത്തറിഞ്ഞത്‌. ഇത്തരം നിരവധി മുലപ്പാൽ നിഷേധങ്ങൾ രഹസ്യമായി  നടക്കുന്നുണ്ടാകണം. ആരോഗ്യ ശാസ്ത്രരംഗത്തും ആതുര സേവന രംഗത്തും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെന്ന മലയാളിയുടെ അവകാശവാദത്തിനു നേരെ  കൊഞ്ഞനം കുത്തുന്നതാണ് ഈ സംഭവം. മാത്രമല്ല, പൗരന്റെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക്‌ നേരെയുള്ള വെല്ലുവിളിയും കൂടിയാണിത്. സംസ്ഥാനം വിജ്ഞാന, ശാസ്ത്ര രംഗങ്ങളിൽ മുന്നേറ്റം നടത്താൻ ശ്രമിക്കുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്നതാണു അന്ധവിശ്വാസങ്ങളുടെ സംഘടിതമായ മടക്കം.

നവജാത ശിശുവിനു മുലപ്പാൽ നിഷേധിച്ച ഹൈദ്രോസ്‌ തങ്ങൾ ഉപ്പാപ്പ അറസ്റ്റിലായിരിക്കുന്നു. കുട്ടിയുടെ പിതാവ്‌ അബൂബക്കറിനും മാതാവിനുമെതിരെ  കേസെടുത്തിട്ടുണ്ട്‌. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശമനുസരിച്ചാണു കേസെടുത്തത്‌. കേസെടുത്ത നടപടി എന്തായാലും പ്രശംസനീയം തന്നെ. ഇനിയൊരുത്തനും ഇമ്മാതിരി കണ്ണിൽ ചോരയില്ലാത്ത കൃത്യത്തിനു ധൈര്യം കാണിക്കാതിരിക്കാൻ അതുപകരിക്കും. എന്നാൽ അറസ്റ്റിൽ മാത്രം ചുരുങ്ങേണ്ടതല്ല ഈ വിഷയം.

ഈ വിഷയത്തിൽ ബാലാവകാശ ലംഘനം എന്നതിനേക്കാൾ ഗുരുതരം അന്ധവിശ്വാസം മനുഷ്യനെ കാരുണ്യ രഹിതവും യുക്തി ഹീനവുമായ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിലേതുപോലെ  ശക്തമായ അന്ധവിശ്വാസ നിരോധന നിയമം കേരളത്തിൽ ഇപ്പോഴില്ല. അതിനാൽ ഇത്തരം  വിഷയങ്ങളിൽ ശക്തമായ വകുപ്പു  ചാർത്താൻ സാധിക്കാതിരിക്കുന്നതിനും കുറ്റക്കാർക്ക്‌ മതിയായ ശിക്ഷ നൽകാതിരിക്കുന്നതിനും കാരണമാണ്. ഈ ഘട്ടത്തിൽ കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ പാതിയിലുപേക്ഷിച്ച  അന്ധവിശ്വാസ നിരോധനബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ഇടതു സർക്കാർ തയ്യാറാകുമോ എന്നതാണു പ്രസക്തമായ ചോദ്യം.

കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത്‌ ഒരു അന്ധവിശ്വാസ നിരോധന ബിൽ ചർച്ചയായെങ്കിലും അതു ചാപ്പിള്ളയാവുകയായിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അത്തരം ഒരു ബില്ലിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു.

സൈബർകാലത്തെ അന്ധവിശ്വാസങ്ങൾ

കഴിഞ്ഞ വര്‍ഷം ആദ്യം സോഷ്യല്‍ മീഡിയയിൽ നിറഞ്ഞ ഒരു ചര്‍ച്ച ഓര്‍മ്മ വരുന്നു. പ്രമുഖ മലയാളം ചാനല്‍ ആലപ്പുഴയില്‍ നിന്നു റിപ്പോര്‍ട്ട്‌ ചെയ്‌ത വാര്‍ത്തയെ ചൊല്ലിയായിരുന്നു ആ ചര്‍ച്ച. സംഭവം ഇങ്ങനെ: ആലപ്പുഴയിലെ ഒരു വീട്ടില്‍ നിന്ന്‌ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയില്‍ പ്രേതരൂപം. ആലപ്പുഴ ഗുരുക്കള്‍ സ്വദേശി രാത്രികാലത്ത്‌ വീട്ടില്‍നിന്ന്‌ എടുത്ത ഒരു ഫോട്ടോയിലാണ്‌ പ്രേതം പ്രത്യക്ഷപ്പെട്ടത്‌. ചുമരില്‍ തൂക്കിയ അമ്മയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ മൂന്നു ഫോട്ടോകളില്‍ ഭയപ്പെടുത്തുന്ന പ്രേതരൂപം പതിഞ്ഞത്‌.

അവതാരകന്‍ തന്നെ ഏറെ ചകിതമായിക്കൊണ്ടാണ്‌ വാര്‍ത്ത വായിച്ചത്‌. ചാനലില്‍ അതു ശ്രദ്ധിച്ചവരാകട്ടെ, ഭയന്നു വിറയ്‌ക്കുകയും ചെയ്‌തു. പ്രേക്ഷകരെ ഉറക്കത്തില്‍ നിന്നു ഞെട്ടിച്ചുണര്‍ത്തുന്ന ഈ വാര്‍ത്തയുടെ നിജസ്ഥിതി പിന്നീടാണു പുറത്തുവന്നത്‌. ഇന്നു പ്രചാരത്തിലുള്ള നിരവധി ആന്‍ഡ്രോയ്‌ഡ്‌ ആപ്ലിക്കേഷനുകളില്‍ ഒന്നായ `ഗോസ്റ്റ്‌ കാം' വഴി എടുത്ത ഫോട്ടോയായിരുന്നു അത്‌! ആ ഫോട്ടോ അയച്ചുകൊടുത്ത്‌ ചാനല്‍ ലേഖകനെ കബളിപ്പിക്കുകയായിരുന്നു. എന്നാല്‍, `ഭയങ്കര' സംഭവമായി ആ വാര്‍ത്ത കൊടുത്ത ചാനല്‍ ലേഖകനോ അതുകണ്ട്‌ ഞെട്ടിവിറച്ച പ്രേക്ഷകരോ ക്യാമറയില്‍ പ്രേതചിത്രം തെളിഞ്ഞു എന്ന വാര്‍ത്തയുടെ യുക്തിതലങ്ങളെക്കുറിച്ച്‌ രണ്ടു വട്ടം ആലോചിച്ചിട്ടില്ല എന്നതാണ്‌ ശ്രദ്ധേയം.

പ്രശസ്‌തമായൊരു പത്രം, രണ്ടിടങ്ങളില്‍ നിന്നു ഫോട്ടോസഹിതം കൊടുത്ത മറ്റൊരു വാര്‍ത്ത അടുത്ത കാലത്ത് വിവാദമായിരുന്നു. കടല്‍തീരത്തു നിന്നു പകര്‍ത്തിയ മൊബൈല്‍ ചിത്രത്തില്‍ പറക്കുംതളിക പ്രത്യക്ഷപ്പെട്ടതായാണ്‌ വാര്‍ത്ത. വാസ്‌തവത്തില്‍ ഈ ചിത്രവും ആന്‍ഡ്രോയിഡ്‌ ആപ്പ്‌ ഉപയോഗിച്ച്‌ ആരോ അയച്ച ഫോട്ടോ ആയിരുന്നു. ഇത്തരം വാര്‍ത്തകള്‍ നൽകുന്ന സൂചന എന്താണ്‌? മാധ്യമങ്ങളുൾപ്പെടെയുള്ള   സമൂഹം പ്രേതഭൂതങ്ങള്‍ എന്നു കേള്‍ക്കുമ്പോഴേക്കും, അതില്‍ അന്ധമായി വിശ്വസിക്കുന്ന അവസ്ഥയിലാണ്‌ ഇന്ന്‌ കേരളം എത്തിനിൽക്കുന്നത്‌ എന്നതുതന്നെ.

കേരളം അന്ധവിശ്വാസങ്ങളുടെ വിഹാരഭൂമിയായി മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്‌ അടിവരയിടുന്നതാണ് അടിക്കടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ഇത്തരം  സംഭവങ്ങള്‍.

കൊല്ലം കരുനാഗപ്പള്ളിയില്‍ ജിന്നൊഴിപ്പിക്കലിനിടെ  മന്ത്രവാദിയുടെ ക്രൂരമായ മര്‍ദനമേറ്റ്‌ ഒരു യുവതി മരിക്കാനിടയായ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മന്ത്രവാദി മുസ്‌ലിയാരെ പിന്നീട് അറസ്റ്റു ചെയ്തു. ഈ വാര്‍ത്ത കെട്ടടങ്ങും മുമ്പു തന്നെ സമാനമായ വാര്‍ത്തകള്‍ വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ജിന്ന്‌, ചെകുത്താൻ, കുട്ടിച്ചാത്തന്‍, ഭദ്രകാളി തുടങ്ങി പല പേരുകളിലുള്ള ഭൂതപ്രേത പിശാചുക്കള്‍ കൂട്ടംകൂട്ടമായി കേരളത്തില്‍ ആവാസമുറപ്പിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍!

സാമൂഹിക നവോത്ഥാനത്തിന്റെ പൈതൃകമുള്ള കേരളം പ്രാകൃത വിശ്വാസ ആചാരങ്ങളിലേക്ക്‌ തിരിച്ചു പോകുന്നതിന്റെ മനശാസ്‌ത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ട സന്ദര്‍ഭമാണിത്‌.

ഇരുൾ മുറ്റിയ കാലം

1879-ല്‍ വാല്‍ഹൗസ്‌ എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ  പ്രബന്ധത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂത പിശാചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിച്ചിട്ടുണ്ട്‌. കേരളത്തില്‍ ആറു സല്‍മന്ത്രവാദികളും ആറു  ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി മലബാര്‍ മാന്വലില്‍ വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട്‌. പണ്ടു കാലത്ത്‌ ശാരീരികവും മാനസികവുമായ ഒട്ടേറെ രോഗങ്ങളും ഭൗതികമായ ദുരന്തങ്ങളുമൊക്കെ ദുഷ്‌ടശക്തികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതായാണ്‌ കരുതപ്പെട്ടത്‌.

പേപ്പട്ടി കടിക്കുന്നതും സര്‍പ്പദംശനവും വസൂരിയുമൊക്കെ അഭൗതിക ശക്തികളുമായി ചേര്‍ത്തുവെച്ച്‌ വ്യാഖ്യാനിക്കപ്പെട്ടു. അതിനാല്‍ ദുഷ്‌ടശക്തികളുടെ സംഹാരത്തിന്‌ മന്ത്രതന്ത്രങ്ങള്‍ പ്രയോഗിക്കപ്പെട്ടുപോന്നു. കള്ളന്മാരെ നേരിടാനും ഇഷ്‌ടപ്പെട്ടവരെ വശീകരിക്കാനും വിവാഹം മുടക്കാനും മറ്റുള്ളവര്‍ക്ക്‌ അപകടങ്ങള്‍ വരുത്താനും സവിശേഷ മാരണക്രിയകള്‍ പ്രചരിച്ചു. മന്ത്രവാദവും കൂടോത്രവും ജനകീയമായിത്തീര്‍ന്നത്‌ ഇങ്ങനെയാണ്‌.

ഇരുട്ടിന്റെ ശക്തികളായ മൂര്‍ത്തികളെ മദ്യം, മാംസം, രക്തം തുടങ്ങിയവ കൊണ്ടു  പ്രസാദിപ്പിക്കാന്‍ സാധിക്കുമെന്നു ആളുകൾ വിശ്വസിച്ചു പോന്നു. ആസുര മൂര്‍ത്തികളെ സംഹരിക്കാന്‍ താന്ത്രിക മൂര്‍ത്തികളും സംഹാരഭാവം കൈക്കൊള്ളുന്നു. മന്ത്രവാദി രക്തപാനവും മദ്യപാനവും നടത്തുന്നതും ചുടലകളിലും വനങ്ങളിലുമൊക്കെ പൂജകള്‍ നടത്തുന്നതും രൗദ്ര ഭാവങ്ങള്‍ ആവാഹിക്കുന്നതും നരബലി നടത്തുന്നതുമെല്ലാം ശക്തനായ ശത്രുവിനെ സംഹരിക്കാനാണെന്ന ഭാവേനയാണ്‌. ഒറ്റ വസ്‌ത്രത്തിലോ വിവസ്‌ത്രത്തിലോ ചെയ്യേണ്ട മന്ത്രകര്‍മങ്ങളുണ്ടത്രെ! ഇത്തരം പഴുതുകളുടെ മറവിലാണ്‌ മര്‍ദനവും പീഡനങ്ങളും ലൈംഗിക ദുരുപയോഗങ്ങളുമൊക്കെ പതിവാകുന്നത്‌.

കരിങ്കുട്ടി, കുട്ടിച്ചാത്തന്‍, ചുടല ഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമന്‍, ഹന്തുകാമന്‍, ആകാശയക്ഷി, ഗന്ധര്‍വന്‍, രക്തചാമുണ്ടി, ഭൈരവി, യോനിമര്‍ദിനി, പാക്കുട്ടി, മാടന്‍, മറുത, അറുകൊല എന്നിങ്ങനെ പല പേരുകളുള്ള ദുര്‍മൂര്‍ത്തികളെക്കുറിച്ചും മാട്ട്‌, മാരണം, ഒടി, കൊല, ചതി, മുതലായ ആഭിചാര-ക്ഷുദ്ര കര്‍മങ്ങളെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചുള്ള കൃതികളില്‍ പ്രതിപാദിക്കുന്നുണ്ട്‌.

ഇതിനു സമാനമായ പലതരം ദുശ്ശക്തികളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ മുസ്ലീം സമൂഹത്തിലുമുണ്ടായിരുന്നു. ശൈത്താന്‍, ജിന്ന്‌, റൂഹാനി തുടങ്ങിയവ മനുഷ്യശരീരത്തില്‍ കുടിപാര്‍ക്കുമെന്ന വിശ്വാസം അതില്‍ പെട്ടതാണ്‌. ക്രിസ്‌തുമതത്തിലും ഇത്തരം വിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നു. ക്രൈസ്‌തവ സമൂഹത്തില്‍, സാത്താനെ ആരാധിക്കുന്നവരുടെ സംഘവും അവര്‍ക്ക്‌ ചര്‍ച്ചുകളും സവിശേഷ ആരാധനാ രീതികളുമൊക്കെ കേരളത്തില്‍ വര്‍ധിച്ചു വരുന്നതായി അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പോലും സൂചിപ്പിക്കുന്നുണ്ട്‌.

മടങ്ങിവരുന്നു, അന്ധവിശ്വാസങ്ങള്‍


നമ്മുടെ നാട്ടില്‍ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളെയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഗ്രസിച്ചിരിക്കുന്നു. ഗ്രഹനിലയുമായി ബന്ധപ്പെട്ടവ, വിവാഹവും ദാമ്പത്യവുമായി ബന്ധപ്പെട്ടവ, ആര്‍ത്തവവും പ്രസവവുമായി ബന്ധപ്പെട്ടവ, ഗൃഹവും വാസ്‌തുവുമായി ബന്ധപ്പെട്ടവ, പ്രകൃതിയിലെ പ്രതിഭാസങ്ങള്‍, മരങ്ങള്‍, മൃഗങ്ങള്‍, ജീവികള്‍ എന്നിവയുമായി ബന്ധപ്പെട്ടവ, യാത്ര, വാഹനം മുതലായവയുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ ആലോചിച്ചു നോക്കിയാല്‍ അന്ധവിശ്വാസം കടന്നുചെല്ലാത്ത ഒരു രംഗവുമില്ലെന്നു കാണാം.

പ്രാകൃതമായ അന്ധവിശ്വാസങ്ങള്‍ പലതും നവോത്ഥാന പ്രവര്‍ത്തന ഫലമായി രാജ്യത്തു നിന്നും തുടച്ചു നീക്കപ്പെട്ടവയായിരുന്നു. ഭര്‍ത്താവ്‌ മരിച്ചാല്‍ ഭാര്യ, ഭര്‍ത്താവിന്റെ ചിതയില്‍ ആത്മാഹുതി ചെയ്യണമെന്ന `സതി' ആചാരം 18-19 നൂറ്റാണ്ടുകളില്‍ രാജ്യത്ത്‌ വ്യാപകമായിരുന്നു. ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്‌ അത്‌ കൂടുതല്‍ പ്രചാരത്തിലിരുന്നത്‌. 1817-ലെ ബംഗാള്‍ പ്രസിഡന്‍സിയുടെ കണക്കു പ്രകാരം അക്കാലത്ത്‌ 700-ൽ അധികം സ്‌ത്രീകള്‍ `സതി'മൂലം കൊല്ലപ്പെട്ടിട്ടുണ്ട്‌. 1812 മുതല്‍ രാജാറാം മോഹന്‍റായ്‌ `സതി'ക്കെതിരെ ശക്തമായി രംഗത്തുവരികയും ജനങ്ങളെ ബോധവത്‌കരിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ 1829-ല്‍ വില്യം ബെന്റിക്‌ പ്രഭു, സതി ഔദ്യോഗികമായി നിരോധിക്കുകയാണുണ്ടായത്‌.

നിയമംമൂലം നിരോധിച്ചാല്‍ പോലും മനുഷ്യ മനസ്സില്‍ രൂഢമൂലമായ വിശ്വാസങ്ങള്‍ പുനരുജ്ജീവിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ സതി സമ്പ്രദായം, സ്വതന്ത്ര ഇന്ത്യയില്‍ തിരിച്ചുവന്നത്‌. 1987-ല്‍ രാജസ്ഥാനില്‍ രൂപ്‌കന്‍വര്‍ എന്ന വിധവയെ ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ട സംഭവം `സതി' രാജ്യത്ത്‌ തുടരുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവന്നു. അതിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ സതിയെ അനുകൂലിച്ചും ചിലര്‍ രംഗത്തുവന്നുവെന്ന്‌ നാമോര്‍ക്കണം. തുടര്‍ന്ന്‌ ആ വര്‍ഷം രാജസ്ഥാന്‍ സര്‍ക്കാര്‍ `സതി'ക്കെതിരെ പുതിയ നിയമം കൊണ്ടുവന്നു. 1988-ല്‍ അത്‌ പാര്‍ലമെന്റ്‌ അംഗീകരിക്കുകയും ചെയ്‌തു. ശക്തമായ നിയമമുണ്ടായിട്ടും രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ ശിശുവിവാഹവും സതിയുമൊക്കെ രഹസ്യമായി നടക്കുന്നതായി പലപ്പോഴും പുറത്തറിഞ്ഞിട്ടുണ്ട്‌.

അന്ധവിശ്വാസത്തിന്റെ പേരില്‍, ദുര്‍മൂര്‍ത്തികള്‍ക്ക്‌ മനുഷ്യരെ കുരുതികൊടുക്കുന്ന ആചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു. ഇന്നും അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഒരു അമ്മയും സഹോദരങ്ങളും ചേര്‍ന്ന്‌ കുഞ്ഞിനെ വെട്ടിനുറുക്കി നരബലി നല്‍കിയ സംഭവം 2006-ല്‍ ഉത്തര്‍പ്രദേശില്‍നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ചാണ്‌ തങ്ങള്‍ അതിനു മുതിര്‍ന്നതെന്നാണ്‌ അവര്‍ പോലീസിനോട്‌ പറഞ്ഞത്‌.

2009-ല്‍ മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍ രാജ്യത്തെ നടുക്കിയ മറ്റൊരു സംഭവമുണ്ടായി. സന്താന സൗഭാഗ്യം നേടാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ദമ്പതികള്‍ അഞ്ചു  കുട്ടികളെ കുരുതി കൊടുത്തു. കുട്ടികളെ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു ഇവർ ചെയ്തത്.2011-ല്‍ ഛത്തിസ്‌ഗഡില്‍ നിന്നും നരബലിയുടെ മറ്റൊരു കഥ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടക്കിടെ മനുഷ്യക്കുരുതിയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. യു പിയിലെ ബരാബാങ്കിയില്‍ ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കുളിപ്പിച്ച്‌ പ്രാര്‍ഥനകള്‍ ഉരുവിട്ട്‌ വാള്‍ കൊണ്ട്‌ കഴുത്തു വെട്ടിക്കൊന്നു. സ്വന്തം ഭാവിജീവിതം ശോഭനമാക്കാനാണ്‌ കാളീദേവിയുടെ പ്രീതിക്കു വേണ്ടി അതു ചെയ്‌തതെന്നാണ് പിതാവായ രജ്‌കുമാര്‍ ചൗരസ്യ പറഞ്ഞത്.
`പ്രബുദ്ധ' കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ശകുനപ്പിഴയും ദുര്‍വിധിയും ഒഴിവാക്കുന്നതിന്‌ മനുഷ്യരെ കൊലചെയ്യുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടിലും കുറവല്ല. 2010 സപ്‌തംബറില്‍ ആലപ്പുഴയിലെ പുന്നപ്രയില്‍, ഏഴു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അച്ഛന്‍ തൂക്കിയെടുത്തു നിലത്തടിച്ചുകൊന്ന സംഭവം മറക്കാറായിട്ടില്ല. ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ വായില്‍ പല്ലുണ്ടെങ്കില്‍ അച്ഛനു ദോഷമാകുമെന്ന അന്ധവിശ്വാസമാണ്‌ ഈ കൊലയ്‌ക്ക്‌ കാരണമെന്ന്‌ പോലീസ്‌ സ്ഥിരീകരിക്കുകയുണ്ടായി. കുഞ്ഞു ജീവിച്ചാല്‍  അച്ഛന്‌ ദോഷമാകുമെന്ന്‌ ധരിപ്പിച്ചത്‌ ഒരു ജ്യോത്സ്യനായിരുന്നു. എന്തിനധികം, നിധി കിട്ടാന്‍ അയല്‍പക്കത്തെ കുഞ്ഞിനെ കഴുത്തറുത്ത്‌ കാളിക്ക്‌ ബലി നല്‍കിയ ഡോക്‌ടര്‍ ദമ്പതികള്‍ ജീവിക്കുന്നതും കേരളത്തില്‍ തന്നെ.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ പ്രേതബാധയുടെ പേരില്‍ 2500 രാജ്യത്ത് വനിതകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. 2001-2008 കാലത്ത്‌ ഝാര്‍ഖണ്ടില്‍ മാത്രം 452 സ്‌ത്രീകള്‍ പ്രേത ചികിത്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. 2001-06 കാലത്ത്‌ അസമില്‍ 300 പേരും 2005-10 കാലത്ത്‌ ഒഡീഷയിലെ സുന്ദര്‍ഗഡ്‌ ജില്ലയില്‍ മാത്രം 35 പേരും ബീഹാറിലെ മുസഫര്‍പൂരില്‍ ഏതാനും സ്‌ത്രീകളും വ്യത്യസ്‌ത അന്ധവിശ്വാസങ്ങള്‍ക്ക്‌ ഇരകളായിട്ടുണ്ട്‌.

ഇതിൽ പോലീസ്‌ കേസെടുത്ത റിപ്പോര്‍ട്ടുകള്‍ മാത്രമേ വാർത്തയാകുന്നുള്ളൂ . സത്യത്തില്‍, അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന കൊലകളിലും ബലികളിലും മഹാഭൂരിപക്ഷവും പുറത്തറിയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും അന്ധവിശ്വാസത്തിന്റെ ബലിയാടുകളാകുന്നവർ ആയിരക്കണക്കിന്‌ വരുമെന്ന കാര്യത്തില്‍ സംശയമില്ല.

നിയമനിര്‍മാണം പരിഹാരമോ?

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയമംമൂലം തടയാന്‍ സാധിക്കുമോ എന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്‌. രാജ്യത്ത്‌ പെരുകിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന നിയമങ്ങള്‍ അന്ധവിശ്വാസ നിര്‍മൂലനത്തിന്‌ അന്തിമവും പൂര്‍ണവുമായ പരിഹാരമല്ലെന്നു തന്നെയാണ്‌. സതി നിരോധനം മുതല്‍ സ്‌ത്രീധന നിരോധനം വരെയുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ആ അനാചാരങ്ങളെ ഇനിയും തുടച്ചുമാറ്റാന്‍ നിയമങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. എന്നാല്‍, അത്തരം ദുരാചാരങ്ങളുടെ തോതു  കുറയ്‌ക്കാനും അവ ചെയ്യുന്നത്‌ കുറ്റകരമാണെന്ന ഒരു ബോധം വളര്‍ത്താനും നിയമങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നത്‌ അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്‌. ശക്തമായ ബോധവത്‌കരണത്തോടൊപ്പം ഫലപ്രദമായ നിയമങ്ങള്‍കൂടി ഉണ്ടെങ്കിലേ സാമൂഹ്യ പരിഷ്‌കരണ പദ്ധതികള്‍ മുന്നോട്ടു പോകുകയുള്ളൂ.

നിരക്ഷരതയും അജ്ഞതയുമാണ്‌ അന്ധവിശ്വാസങ്ങളുടെ കാരണമെന്ന ധാരണ പൂര്‍ണമായും ശരിയല്ലെന്ന്‌ കേരളം തെളിയിക്കുന്നുണ്ട്‌. വിദ്യാസമ്പന്നരിലും ബിരുദധാരികളിലും പോലും അന്ധവിശ്വാസങ്ങള്‍ക്ക്‌ ഒട്ടും കുറവില്ല. ശാസ്‌ത്രീയ വിജ്ഞാനവും യുക്തിബോധവും വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാകുന്നതോടെ, സമൂഹം അന്ധവിശ്വാസങ്ങള്‍ കയ്യൊഴിയുമെന്ന്‌ കരുതാനാകില്ല.

മന്ത്രവാദികളും ആത്മീയ ചൂഷകരും സിദ്ധ തട്ടിപ്പുകാരും നിയമത്തിന്റെ വിലങ്ങണിയേണ്ടിവരുമെന്ന അവസ്ഥയുണ്ടായാല്‍ ഒരു പരിധിവരെ അതിനെ നിയന്ത്രിക്കാന്‍ കഴിയും. മഹാരാഷ്‌ട്ര സര്‍ക്കാര്‍ അന്ധവിശ്വാസത്തിന്‌ തടയിടാന്‍ ഈയിടെ കൊണ്ടുവന്ന നിയമം ഇക്കാര്യത്തില്‍ മികച്ച മാതൃകയാണ്‌.

മഹാരാഷ്‌ട്രയുടെ മാതൃക

2013 ഡിസംബര്‍ 18-ന്‌ മഹാരാഷ്‌ട്ര നിയമസഭ പാസ്സാക്കിയ `അന്ധവിശ്വാസ നിര്‍മൂലന ബില്‍' അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ സമരരംഗത്തുള്ളവര്‍ക്ക്‌ ആവേശം നല്‍കുന്നതാണ്‌. 18 വര്‍ഷം നീണ്ട ബോധവത്‌കരണ പ്രക്ഷോഭ പരമ്പരകള്‍ക്കും ആ നിയമനിര്‍മാണത്തിന്‌ വേണ്ടി ധീരമായി നിലകൊണ്ട അതിന്റെ ശിൽപി ഡോ. നരേന്ദ്ര ധാഭോല്‍ക്കറുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ്‌ മഹാരാഷ്‌ട്രയില്‍ നിയമം പ്രാബല്യത്തില്‍ വന്നത്‌. 2003-ല്‍ തന്നെ ധാഭോല്‍ക്കര്‍ നിയമത്തിന്റെ കരട്‌ തയ്യാറാക്കിയിരുന്നു. എന്നാല്‍ അത്‌ ദുരുപയോഗം ചെയ്യപ്പെടുമെന്ന എതിര്‍പ്പുകളെത്തുടര്‍ന്ന്‌ അതില്‍ മാറ്റങ്ങള്‍ വരുത്തി അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവായ ശ്യാംമാധവ്‌ 2005-ല്‍ സര്‍ക്കാറിന്‌ സമര്‍പ്പിക്കുകയുണ്ടായി.

2006-ല്‍ അതു നിയമസഭയില്‍ വെച്ചുവെങ്കിലും ബി ജെ പിയുടെയും ശിവസേനയുടെയും കടുത്ത എതിര്‍പ്പുകളെത്തുടര്‍ന്ന്‌ ബില്‍ പാസ്സാക്കാനായില്ല. ഹിന്ദു ജനജാഗ്രത സമിതി, ആര്‍ട്‌ ഓഫ്‌ ലിവിംഗ്‌ തുടങ്ങിയ സംഘടനകള്‍ ഈ നിയമനിര്‍മാണത്തിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്‌തു. ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും സംവാദങ്ങളും ബഹുജനറാലികളും മാഹാരാഷ്‌ട്രയില്‍ അരങ്ങേറി. 2013 ആഗസ്‌ത്‌ 19-ന്‌ പൂനയില്‍ വെച്ച്‌ നരേന്ദ്ര ധഭോല്‍ക്കറെ അജ്ഞാത കൊലയാളികള്‍ വെടിവെച്ചുകൊന്നതോടെ, നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. അങ്ങനെ 2013 ആഗസ്‌ത്‌ 24-ന്‌ ആ ബില്‍ ഒരു ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തില്‍ കൊണ്ടുവന്നു. രണ്ടു ദിവസത്തോളം നിയമസഭയില്‍ നടന്ന ചര്‍ച്ചക്കു ശേഷം 2013 ഡിസംബര്‍ 18-ന്‌ അത്‌ നിയമമാക്കുകയും ചെയ്‌തു.

മന്ത്രവാദം, പിശാചുബാധ, മാന്ത്രികക്കല്ലുകള്‍, തകിടുകള്‍, ആകര്‍ഷണയന്ത്രങ്ങള്‍, ദിവ്യചികിത്സ തുടങ്ങി പ്രചാരത്തിലുള്ള മിക്ക അന്ധവിശ്വാസങ്ങളെയും നേരിടാന്‍ ശക്തമാണ്‌ ഈ നിയമം. ഇതില്‍ ചൂണ്ടിക്കാട്ടിയ കുറ്റകൃത്യങ്ങള്‍ക്ക്‌ ആറു  മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപവരെ പിഴയും ചുമത്താന്‍ വകുപ്പുകള്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഈ നിയമത്തിന്റെ ചുവടുപിടിച്ച്‌ കര്‍ണാടകയും അന്ധവിശ്വാസ നിര്‍മൂലന നിയമം കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്‌.

ബീഹാറിലും ഝാര്‍ഖണ്ഡിലും 1999 മുതല്‍ കൂടോത്രം തടയുന്നതിനുള്ള നിയമം നിലവിലുണ്ട്‌. 2005 മുതല്‍ ഛത്തീസ്‌ഗഡിലും സമാന നിയമമുണ്ട്‌. പ്രേതവേട്ടയുടെ പേരില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റം തടയാന്‍ 2012 മുതല്‍ രാജസ്ഥാന്‍ നിയമം പാസാക്കിയിട്ടുണ്ട്‌.

മഹാരാഷ്‌ട്രയില്‍ പാസാക്കിയ നിയമം അന്ധവിശ്വാസ നിര്‍മാര്‍ജന രംഗത്ത്‌ വലിയ മുന്നേറ്റത്തിന്‌ കാരണമാകുമെന്ന്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌. ഈ നിയമം നിലവില്‍ വന്നു ഒരാഴ്‌ചയ്‌ക്കകം തന്നെ, പ്രസ്‌തുത നിയമപ്രകാരം അന്ധവിശ്വാസ വിരുദ്ധവേട്ട സംസ്ഥാനത്ത്‌ ആരംഭിച്ചിരുന്നു. അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം മുസ്‌ലിങ്ങളായ രണ്ടു മന്ത്രവാദികള്‍ നന്ദേഡില്‍ പിടിയിലാകുകയുണ്ടായി. സാഹില്‍ഖാന്‍ ലിയാഖത്ത്‌, അമീറുദ്ദീന്‍ അബ്‌ദുല്ലത്തീഫ്‌ എന്നിവരാണ്‌ മന്ത്രവാദ തട്ടിപ്പില്‍ പോലീസ്‌ വലയിലായത്‌. ഇരുവരും മാറാരോഗം മാറ്റാനുള്ള ആത്മീയ, മന്ത്ര ചികിത്സയെ സംബന്ധിച്ച്‌ പത്രപരസ്യം നല്‍കി ഹോട്ടലില്‍ വെച്ച്‌ `ചികിത്സിച്ചു' വരവെയാണ്‌ അകത്തായത്‌.

പിതാവിന്റെ രോഗശമനത്തിന്‌ കുഞ്ഞിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ച മന്ത്രവാദിയാണ്‌ രണ്ടാമതായി ഈ നിയമപ്രകാരം നാസിക്‌ റോഡില്‍ അറസ്റ്റിലായത്‌. ഈ മന്ത്രവാദി ബുദ്ധമത വിശ്വാസി ആയിരുന്നു. മൂന്നാമത്തെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതാകട്ടെ, പ്രേത ചികിത്സയുടെ പേരിലായിരുന്നു. ഈ നിയമം ഹിന്ദുമതത്തെ ഉദ്ദേശിച്ചാണെന്ന ഹിന്ദുത്വവാദികളുടെ ആരോപണം അപ്രസക്തമാണെന്ന്‌, ഈ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട കേസുകള്‍ തെളിയിക്കുന്നുണ്ട്‌.

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാറാണ്‌ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള വിപ്ലവകരമായ ഈ നിയമം നടപ്പാക്കാന്‍ ആര്‍ജവം കാണിച്ചത്‌. അന്ധവിശ്വാസ നിര്‍മാര്‍ജനം ലക്ഷ്യമിട്ട്‌ നിയമനിര്‍മാണത്തിന്‌ ശ്രമിക്കുമെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പലതവണ പ്രസ്‌താവന ഇറക്കിയിരുന്നുവെങ്കിലും അത്‌ എവിടെയും എത്തിയില്ല. ഇടതു സർക്കാർ ഇപ്പോൾ ഈ വഴിക്ക്‌ ഒരു നീക്കം നടത്തിയാല്‍ പ്രതിപക്ഷ രാഷ്‌ട്രീയ സംഘടനകളുടേതുള്‍പ്പെടെ വമ്പിച്ച പിന്തുണ അതിനു കിട്ടുമെന്നുറപ്പ്‌.

2008-ല്‍ വ്യാജസിദ്ധന്മാര്‍ക്കും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങള്‍ക്കുമെതിരെ ഒരു ഓപ്പറേഷന്‌ അന്നത്തെ ഇടതു സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നുവെങ്കിലും അതു മുന്നോട്ട്‌ പോയില്ല. ആള്‍ദൈവങ്ങളുടെയും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളുടെയും സംഘടിത ഭീഷണിയും വിലപേശലുകളും സര്‍ക്കാറിനെ പിന്നോട്ടടിപ്പിച്ച പ്രധാന കാരണങ്ങളാവാം.

ഫലപ്രദമായ നിയമത്തിന്റെ അഭാവമാണ്‌ അന്ധവിശ്വാസ വ്യാപാരികള്‍ക്ക്‌ മിക്കപ്പോഴും തുണയാകുന്നത്‌. അതിനാല്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍, ആത്മാര്‍ത്ഥമാണോ എന്നു തെളിയിക്കാനുള്ള അവസരമായാണ്‌ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമ നിര്‍മാണം എന്ന ആശയത്തെ കേരളീയസമൂഹം കാണേണ്ടത്‌.

ചോരപ്പൈതങ്ങൾക്ക്‌ മുലപ്പാലു പോലും നിഷേധിക്കാൻ മാത്രം മലയളി അന്ധവിശ്വാസങ്ങളുടെ കരാള ഹസ്തങ്ങളിൽ അകപ്പെട്ട ഈ സന്ദർഭത്തിൽ അന്ധവിശ്വാസം നിയന്ത്രിക്കാൻ സഹായകമായഒരു ബില്ലിനെ കുറിച്ച്‌ ആലോചിക്കാൻ പുരോഗമന ഇടത്‌ സർക്കാർ തയ്യാറാകുമോ?. എല്ലാ മതങ്ങളിലെയും പൗരോഹിത്യ ചൂഷകരുടെ എതിർപ്പ്‌ നേരിടേണ്ടി വരുമെങ്കിലും വിശ്വാസികളും അവിശ്വാസികളുമായ മതേതര സമൂഹത്തിന്റെ പിന്തുണ അതിനു ഉണ്ടാകുമെന്ന നിസ്സംശയം പറയാം.