ഇത് പത്മരാജന്റെ അവസാന ഫോട്ടോ! ഇതുവരെ കേള്‍ക്കാത്ത അവസാന നിമിഷങ്ങളും...

ജനുവരി 24ന് പ്രിയപ്പെട്ട പി.പത്മരാജന്‍ വിടപറഞ്ഞതിന്റെ 25 വര്‍ഷമെത്തുമ്പോള്‍ അദ്ദേഹം അവസാനമായി പതിഞ്ഞ നിശ്ചല ചിത്രം ഇതാ. പി. പത്മരാജന്‍ നിര്യാതനാകുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പകര്‍ത്തിയ ചിത്രം. നിര്‍മ്മാതാവും ആത്മമിത്രവുമായ ഗാന്ധിമതി ബാലന്‍ 'നാരദ'യിലെ അദ്ദേഹത്തിന്റെ കോളത്തിനായി ആല്‍ബം പരിശോധിച്ചപ്പോഴാണ് ചരിത്രത്തില്‍ മിഴിയൊപ്പായി പതിഞ്ഞ ഫോട്ടോ കണ്ടെത്തിയത്; പത്മരാജന്റെ നിശ്ചലത ആദ്യം തൊട്ടറിഞ്ഞതും ഗാന്ധിമതി ബാലന്‍...- അദ്ദേഹം അവ സ്മരിക്കുന്നു..

ഇത് പത്മരാജന്റെ അവസാന ഫോട്ടോ! ഇതുവരെ കേള്‍ക്കാത്ത അവസാന നിമിഷങ്ങളും...

1991 ജനുവരി 23: (ഉച്ചയ്ക്ക് ശേഷം): പാലക്കാട് ഫോര്‍ട്ട് പാലസില്‍ നിന്നും യാത്ര തിരിക്കും മുന്‍പ് ഗാന്ധിമതി ബാലന്‍ പപ്പേട്ടനോട് പറഞ്ഞു..

'ഒരു നിമിഷം പപ്പേട്ടാ...നമ്മുക്ക് ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ എടുത്തിട്ടു പോകാം..ഇതൊരു യാത്രയുടെ തുടക്കമല്ലേ...'pappettan - Copy

ബാലന്റെ വാക്കുകളെ പി.പത്മരാജന്‍ നിരസിക്കാറില്ല...അവര്‍ തമ്മിലുള്ള ആത്മബന്ധം അങ്ങനെയായിരുന്നു. അത്രയേറെ പ്രിയപ്പെട്ടവരാണല്ലോ ഇരുവരും. ഒരു നിമിഷം അവര്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു.


ഘനഗാംഭീര്യത്തോടെ പപ്പേട്ടന്‍, സമീപത്ത് ഗാന്ധിമതി ബാലന്‍, പിന്നിലായി തിയറ്ററില്‍ അപ്പോള്‍ പ്രദര്‍ശനം തുടരുന്ന 'ഞാന്‍ ഗന്ധര്‍വ്വന്‍' സിനിമയിലെ ഗന്ധര്‍വ്വന്‍ നിതീഷ് ഭരദ്വാജ്, അലസമായി ഗുഡ്‌നൈറ്റ് മോഹന്‍- ആ ചിത്രം ഫിലിമില്‍ പതിഞ്ഞു. അന്ന് അവരാരും അറിഞ്ഞിരുന്നില്ലെല്ലോ...കേവലം മണിക്കൂറുകള്‍ക്കകം ഗന്ധര്‍വലോകത്തേക്ക് പപ്പേട്ടന്‍ വിട വാങ്ങും എന്ന്.

പാലക്കാട് പ്രിയദര്‍ശിനിയില്‍ കയറി ഗന്ധര്‍വന്‍ മാറ്റിനി ഷോ കണ്ടതിന് ശേഷം ഫോര്‍ട്ട് പാലസില്‍ എത്തി ഭക്ഷണം കഴിച്ചിട്ടു ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് ബാലന്‍ ഈ ചിത്രം എടുക്കുന്നതിനെ പറ്റി പപ്പേട്ടനോട് പറയുന്നത്. ഒരു 'മിഴിയൊപ്പ്' പോലെയുള്ള ഈ മനോഹര ചിത്രം മലയാളിക്ക് സമ്മാനിച്ച് പപ്പേട്ടന്‍ യാത്രയായി.

'ഞാന്‍ ഗന്ധര്‍വന്‍' 25 ദിവസങ്ങള്‍ പിന്നിട്ടതിന്റെ ഭാഗമായി ചിത്രത്തിന്റെ സംവിധായകനും നായകനും നിര്‍മ്മാതാവുമെല്ലാം ചേര്‍ന്നുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് മഹാഭാരതത്തിലെ കൃഷ്ണനായി നിധീഷ് ജനപ്രിയനാണ്. നിധീഷും പപ്പേട്ടനും ഒന്നിച്ച് തിയറ്ററുകളിലെത്തി പ്രേക്ഷകരെ ആവേശഭരിതരാക്കാനാണ് പരിപാടി. ചിത്രത്തിന്റെ നിര്‍മ്മാണം ഗുഡ് നൈറ്റ് മോഹനാണ്. ഗാന്ധിമതി ബാലന്‍ പപ്പേട്ടന്റെ എക്കാലത്തെയും പ്രിയപ്പെട്ട സഹചാരിയും.

പാലക്കാട് നിന്ന് അവര്‍ കണ്ണൂര്‍ കവിത തീയേറ്ററില്‍ പോയി, അവിടെ നിന്നും തിരിച്ചു അന്ന് രാത്രി തന്നെ  കോഴിക്കോട്. കോഴിക്കോട് നിന്നും അടുത്ത ദിവസം തൃശൂര്‍ അവിടെ നിന്നും എറണാകുളം എന്നിങ്ങനെയായിരുന്നു പരിപാടികള്‍ ക്രമീകരിച്ചിരുന്നത്- ഗാന്ധിമതി ബാലന്‍ ഓര്‍മ്മകളിലേയ്ക്ക് മിഴിനനക്കുന്നു.

രാത്രി ഏറെ വൈകിയാണ് കോഴിക്കോട് പാരമൗണ്ട് ടവേഴ്‌സ് ഹോട്ടലില്‍ എത്തിയത്. പപ്പേട്ടനും ഗാന്ധിമതി ബാലനും ഒരു മുറിയില്‍. അടുത്ത ദിവസം രാവിലെ ഒരു ഒമ്പത് മണിക്ക് ശേഷം യാത്ര തിരിച്ചാല്‍ മതിയെല്ലോ..ആ നേരം കൊണ്ട് മോഹന്‍ലാലിനെയും കാണാം എന്ന് അവര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ അപ്പോള്‍ കോഴിക്കോട് ഉണ്ട്.
പത്മരാജന് ഒരു പ്രത്യേക സ്വഭാവമുണ്ട് എന്ന് ഗാന്ധിമതി ബാലന്‍ പറയുന്നു. റൂമിലെത്തിയാല്‍ പപ്പേട്ടന്‍ തറയിലായിരിക്കും കിടക്കുക. കൊച്ചുകുട്ടികള്‍ ശാഠ്യം പിടിച്ചിട്ടെന്ന പോലെയായിരിക്കും ആ കിടപ്പ്.

പതിവ് തെറ്റിയില്ല അന്ന് രാത്രിയിലും അങ്ങനെ തന്നെ..

1991 ജനുവരി 24: രാവിലെ ഉറക്കമുണര്‍ന്നപ്പോഴും ബാലന്‍ കണ്ടത് കാര്‍പെറ്റിന്റെ ഒരറ്റം കയ്യില്‍ പിടിച്ചു ചുരുണ്ടുകൂടി കിടക്കുന്ന പപ്പേട്ടനെയാണ്. ശാന്തമായ ഒരു നിദ്ര!

അദ്ദേഹത്തിന്റെ ഉറക്കത്തിനു ഭംഗം വരാതെയെന്നോണം ബാലന്‍ നിശബ്ദമായി ബാത്ത്‌റൂമില്‍ പോയി വന്നു. പപ്പേട്ടന്‍ ഉറക്കം തന്നെ- 'പപ്പേട്ടാ..എഴുന്നേല്‍ക്ക്..ലാല്‍ ഇപ്പോള്‍ ഇങ്ങ് വരും ..'

പപ്പേട്ടന്‍ പ്രതികരിച്ചില്ല..വീണ്ടും ഇങ്ങനെ രണ്ടു പ്രാവശ്യം കൂടി ബാലന്‍ ശ്രമിച്ചു നോക്കി...മനസ്സില്‍ അസ്വസ്ഥത പടര്‍ന്നിട്ടു കൂടി അത് അംഗീകരിക്കുവാന്‍ കഴിയുന്നില്ല..

ബാലന്‍ വേഗം അടുത്ത മുറികളില്‍ ഉണ്ടായിരുന്ന നിതീഷിനെയും ഗുഡ് നൈറ്റ് മോഹനെയും വിളിച്ചു വരുത്തി. മെഡിക്കല്‍ ഫീല്‍ഡില്‍ തന്നെയുള്ള നിതീഷ് പള്‍സ് നോക്കി അക്കാര്യം സ്ഥിതീകരിച്ചു... പപ്പേട്ടന്‍ യാത്രയായിരിക്കുന്നു... ഇനിയും മടങ്ങാന്‍ കഴിയാത്തപോലെ..

തനിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഒരാളെ ഗന്ധര്‍വന്മാര്‍ താന്‍ അറിയാതെ മോഷ്ടിച്ചതിനെ  ഇന്നും ബാലന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പപ്പേട്ടന് വിട നല്‍കാന്‍ തനിക്ക് കഴിയില്ല..അതായിരിക്കാം ഒരു മൗനത്തില്‍ കൂടി അദ്ദേഹം അജ്ഞാത സ്വര്‍ഗ്ഗത്തിലേക്ക് ഒളിച്ചോടിയത്...

അങ്ങനെ ആശ്വസിക്കാം..അങ്ങനെത്തന്നെ ആശ്വസിക്കാം.. ഒരിക്കലും അതിനു കഴിയുന്നില്ലെങ്കില്‍ കൂടി..

എങ്കിലും അദ്ദേഹം വിട ചോദിച്ചിരുന്നു... ഈ ഫോട്ടോയിലൂടെ. ആ ഘനഗാംഭീര്യമായ സാന്നിധ്യത്തിലൂടെ...ഇങ്ങനെയും..

ചിത്രമെടുത്തത് ആരായിരുന്നു എന്ന് ബാലന്‍ ഓര്‍ക്കുന്നില്ല. പത്മരാജന്റെ നിര്യാണത്തിനു ശേഷം എപ്പോഴോ ബാലനെ തിരക്കി ഈ ചിത്രം വന്നു. ആരാണ് കൊണ്ടുവന്നു തന്നതെന്നും അറിയില്ല..

നാരദയ്ക്കുവേണ്ടി പപ്പേട്ടന്റെ സ്മരണകള്‍ പങ്കിട്ടുകൊണ്ടിരിക്കെയാണ് ബാലേട്ടന്‍ പെട്ടെന്നോര്‍ത്തത്- 'അദ്ദേഹം അവസാനമായി പതിഞ്ഞ ഫോട്ടോ എന്റെ ആല്‍ബത്തിലുണ്ട്...ഇതാണ് ആ ചിത്രം!'

(ഗാന്ധിമതി ബാലന്റെ ഓര്‍മ്മകള്‍ തുടരും...)

സിനിമയിലെ പാലം പൊളിക്കരുതെന്ന് നാട്ടുകാര്‍; ഒടുവില്‍ സംഭവിച്ചതോ?

Read More >>