മൂത്രാശയാര്‍ബുദത്തെ തടയാന്‍ വിറ്റാമിന്‍ ഡി വേണം

കൂടുതല്‍ സമയവും അകത്തിരുന്ന്‌ ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവയും ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡി യുടെ സ്വാഭാവിക ഉത്‌പാദനത്തെ തടയിടും.

മൂത്രാശയാര്‍ബുദത്തെ തടയാന്‍ വിറ്റാമിന്‍ ഡി വേണം

വിറ്റാമിന്‍ ഡി യുടെ കുറവ് മൂത്രാശയാര്‍ബുദത്തിന് കാരണമാകാം എന്ന കണ്ടെത്തലുമായി വൈദ്യശാസ്ത്രം.

മൂത്രാശയത്തിനുള്ളിലെ കോശങ്ങള്‍ക്ക് വിറ്റാമിന്‍ ഡിയുടെ സാന്നിധ്യത്തില്‍ കൂടുതല്‍ രോഗപ്രതിരോധ ശേഷിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ബ്രിട്ടനിലെ സൊസൈറ്റി ഓഫ് എന്‍ഡോക്രൈനോളജി നടത്തിയ കോണ്‍ഫറന്‍സിലാണ് ഇത് സംബധിച്ച കണ്ടെത്തലുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തത മൂലം വിവിധ തരത്തിലുള്ള മാറാ രോഗങ്ങളും അണുബാധകളും ശരീരത്തിലുണ്ടാവാനുള്ള സാധതകള്‍ ഏറെയാണ്‌. കൂടാതെ ഈ അവസ്ഥ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


ശരീരത്തിലെ കാല്‍സ്യം ഫോസ്ഫേറ്റ് എന്നിവയുടെ അളവിനെ നിയന്ത്രിക്കുവാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ മൂത്രാശയാര്‍ബുദത്തെ ചെറുക്കാന്‍ വിറ്റാമിന്‍ ഡിയ്ക്കു കഴിയും എന്ന് പഠനങ്ങള്‍ പറയുന്നത്.

മൂത്രാശയകോശങ്ങളുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ ഇവിടെ അര്‍ബുദം പിടിപ്പെടാനുള്ള സാഹചര്യങ്ങളും കുറവാണ്. എന്ന് മാത്രമല്ല, മൂത്രാശയസംബന്ധമായ മറ്റു അസ്വസ്ഥതകളെ അതിജീവിക്കുവാനും വിറ്റാമിന്‍ ഡി കൊണ്ട് സാധിക്കുന്നു.

സൂര്യപ്രകാശം ഏല്‍ക്കുമ്പോഴാണ് ചര്‍മ്മം സ്വാഭാവികമായി വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നത്.

കൂടുതല്‍ സമയവും അകത്തിരുന്ന്‌ ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവയും ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡി യുടെ സ്വാഭാവിക ഉത്‌പാദനത്തെ തടയിടും. ഇത്തരത്തിലെ ജീവിതശൈലിയുള്ളവര്‍ വിറ്റാമിന്‍ 'ഡി' ഗുളികകള്‍ കഴിക്കുന്നത്‌ നല്ലതായിരിക്കും എന്ന് ഡോക്ടറുമാര്‍ പറയുന്നു.

മത്സ്യം, മീന്‍ എണ്ണ, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവ ഭക്ഷിക്കുന്നതില്‍ കൂടിയും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നതാണ്.