ഉറക്കം കുറയുന്നത് അരവണ്ണം കൂടുന്നതിന് കാരണമാകും

നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ഉറക്കം കുറഞ്ഞവരുടെ ശരീരം ഒരു ദിവസം 385 കലോറി കൂടുതല്‍ ആഗിരണം ചെയ്യും..

ഉറക്കം കുറയുന്നത് അരവണ്ണം കൂടുന്നതിന് കാരണമാകും

ഉറക്കം കുറയുന്നത് നിങ്ങളുടെ അരവണ്ണം കൂട്ടുമെന്ന് ഗവേഷകര്‍. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ നുട്രിഷനാണ് ഇത് സംബന്ധിച്ച വാദഗതികള്‍ നിരത്തുന്നത്.

172 പേരിലായി 11 സര്‍വേകളില്‍ നിന്നാണ് തങ്ങള്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയതെന്ന് അവര്‍ പറയുന്നു.

ശരീരത്തിനുള്ളിലെക്ക് എടുക്കുന്ന കാലറിയുടെയും ശരീരത്തില്‍ നിന്നും നിര്‍ഗ്ഗമനം ചെയ്യുന്ന കാലറിയുടെയും തോതിന് അനുസൃതമായിരിക്കും ശരീരവണ്ണം വയ്ക്കുക.

നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ഉറക്കം കുറഞ്ഞവരുടെ ശരീരം ഒരു ദിവസം 385 കലോറി കൂടുതല്‍ ആഗിരണം ചെയ്യും. അഞ്ച് സ്ലൈസ് ബ്രെഡില്‍ അടങ്ങിയിരിക്കുന്ന കലോറിക്ക് തുല്യമാണിത്. എന്നാല്‍ ഈ കലോറി അലിയിച്ചു കളയുന്നതിന് ഉറക്കം കുറയുന്നത് 

എന്തെങ്കിലും പ്രത്യേക ആനുകൂല്യം നല്‍കുന്നുണ്ടോ എന്ന് സംശയമാണ് എന്നും ഇവര്‍ പറയുന്നു. ഇത് അമിതവണ്ണത്തിനു പ്രത്യേകിച്ചു അരവണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. 

ഇത് മാത്രമല്ല, കുറഞ്ഞ ഉറക്കം പോലെ തന്നെ അപകടകരമാണ് ഉറക്കമില്ലായ്മയും.

രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുമ്പോള്‍ ശരീരത്തിലെ വിഷാംശമുള്ള ഘടകങ്ങളായ Interleukin-6 (IL-6), Tumour necrosis factor-alpha (TNF-alpha) and C-reactive protein (CRP) എന്നിവ വര്‍ദ്ധിക്കുന്നു. ഇവ കാന്‍സറിനും ഹൃദയരോഗങ്ങള്‍ക്കും സന്ധിരോഗങ്ങള്‍ക്കും കാരണമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അഞ്ച് മണിക്കൂറില്‍ താഴെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നുവെന്നും മുന്‍പ് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദിവസവും 6 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് രക്തസമ്മര്‍ദ്ദം വരുവാനുള്ള സാധ്യത ഏറെയാണ്. ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യതകളും മൂന്നിരട്ടിയാണ്.