ഹൈബിയുടെ ശിങ്കിടി മാഗസിനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലിംഗമില്ല

ലൈംഗിക ന്യൂനപക്ഷങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ബലാത്സംഗത്തിലെ ഇരകളേയുമെല്ലാം ക്രൂരമായി ആക്ഷേപിച്ച് എറണാകുളം ലോകോളേജില്‍ കെഎസ്‌യു മാഗസിന്‍. ഹൈബി ഈഡന്‍ പക്ഷത്തിന്റേതാണ് മാഗസിന്‍.

ഹൈബിയുടെ ശിങ്കിടി മാഗസിനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലിംഗമില്ല

ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് എറണാകുളം ലോ കോളേജില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ 'ടിയാന്‍ ഊമയല്ല'എന്ന സ്റ്റുഡന്റ്സ് മാഗസീന്‍. മാധ്യമപ്രവര്‍ത്തകരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ബലാത്സംഗ ഇകരളെയും ഒരേ പോലെ വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുന്നുണ്ട് ഈ മാഗസീന്‍. സബ്‌സിഡി ഇല്ലാത്ത ലൈംഗികത എന്ന പേരിലുളള ആമുഖ കുറിപ്പില്‍ ലൈംഗിക ദാരിദ്ര്യമാണ് ബലാത്സംഗത്തിന്റെ കാരണമാകുന്നതെന്ന ഗംഭീര കണ്ടെത്തലുണ്ട്. പൗരന് ലൈംഗികത ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണത്രെ. ആ കടമ നിറവേറ്റാന്‍ സര്‍ക്കാരിനു സാധിക്കാതെ വരുമ്പോഴാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതെന്ന തൊടു ന്യായം ഉയര്‍ത്തുന്നുണ്ട് മാഗസീൻ.


ബലാത്സംഗമെന്നത് പൗരന്റെ അടിസ്ഥാന ആവശ്യം നിഷേധിക്കപ്പെട്ടതിന്റെ സ്വാഭാവികമായ പരിണാമമാണെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് എഡിറ്റര്‍. ഭരണകൂടം ജനങ്ങള്‍ക്ക് ലൈംഗികത എന്ന പ്രാഥമിക ആവശ്യം സബ്സിഡി കൂടാതെയെങ്കിലും നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതിന് തയ്യാറായി മുന്നോട്ടു വരുന്നവര്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുകയെന്ന അഭ്യര്‍ത്ഥനയോടു കൂടിയാണ് കുറിപ്പ് അവസാനിക്കുന്നത്.

law-college-new

ലിംഗം നഷ്ടപ്പെട്ടവര്‍ എന്ന കുറിപ്പിലുമുണ്ട് അബദ്ധപഞ്ചാംഗങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ ലിംഗം നഷ്ടപ്പെട്ടവരാണെന്ന് സമര്‍ത്ഥിക്കുന്ന ലേഖനത്തില്‍ എല്ലാവര്‍ക്കും ഒരു സമയമുണ്ട് ആ സമയം കഴിഞ്ഞാല്‍ മാറി നില്‍ക്കണമെന്ന താക്കീതുണ്ട്. നിങ്ങളുടെ സമയം കഴിഞ്ഞു. നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട രാഷ്ടീയക്കാര്‍ കലാകാരന്‍മാര്‍, ദൈവങ്ങള്‍, ബഹുമുഖ പ്രതിഭകള്‍, സൃഷ്ടാവ് അരങ്ങൊഴിയുമ്പോള്‍ കപട സൃഷ്ടികളും അരങ്ങ് ഒഴിയേണ്ടി വരും. കൂട്ടു കൂടിയവരെ മാധ്യമപ്രവര്‍ത്തകര്‍ ചതിക്കുകയാണെന്നും ആള്‍ദൈവങ്ങളെയും കളളുകച്ചവടക്കാരെയും പെയ്ഡ് ന്യൂസ് നല്‍കി മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന വിമര്‍ശനവും മുന്നോട്ടു വയക്കുന്നുണ്ട്.

അനുവാദമില്ലാത്തിടത്തൊക്കെ അധികാര ഭാവത്തോടെ നിങ്ങള്‍ കയറി ചെല്ലുന്നത് ഞങ്ങള്‍ നോക്കി നിന്നു. നിങ്ങളുടെ ബാപ്പമാര്‍ കപ്പലിറങ്ങും മുമ്പേ ഞങ്ങള്‍ ഈ സീനിലുണ്ടെന്ന കാര്യം നിങ്ങള്‍ മറന്നു എന്ന് സിനിമാ ശൈലിയില്‍ മാഗസീന്‍ പറഞ്ഞു വയ്ക്കുന്നു. ഹൈക്കോടതിയിലെ അഭിഭാഷകരില്‍ ഏറെയും ഈ ലോ കോളേജില്‍ നിന്ന് വന്നവരാണെന്ന കാര്യം നിങ്ങള്‍ മറക്കരുതെന്ന താക്കീതോടെയാണ് ലേഖനം അവസാനിക്കുന്നത്.
ഇനിയുമുണ്ട് തെറ്റിന്റെ ഘോഷയാത്രകള്‍. സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്ന ലേഖനത്തില്‍ സ്ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കുമായി എല്ലാം പങ്കുവച്ചു നല്‍കാന്‍ ഭരണകൂടത്തിന് കഴിയണമെന്ന പരാമര്‍ശമുണ്ട്. പുരുഷന് പ്രവേശനമില്ലാത്ത സ്ത്രീയിടങ്ങളില്‍ പുരുഷനും സ്ത്രീയ്ക്ക് പ്രവേശമില്ലാത്ത പുരുഷയിടങ്ങളില്‍ സ്ത്രീയും കടന്നു ചെല്ലണമെന്നും മാസിക ഉദ്ബോധിപ്പിക്കുന്നു. സ്ത്രീകളെ രണ്ടാം തരമായി കാണേണ്ടത് പുരുഷന്റെ ആവശ്യമാണെന്നും പുരുഷന്റെ സുഖത്തിനു വേണ്ടിയുളളതാണ് സ്ത്രീകള്‍ എന്നാണ് പുരുഷന്‍ കരുതുന്നതെന്നും പുരുഷനെ രണ്ടാം തരക്കാരാക്കേണ്ടത് സ്ത്രീകളുടെ ആവശ്യമാണെന്നും സ്ത്രീകളുടെ സുഖത്തിനു വേണ്ടിയുളളവരായിരിക്കണം പുരുഷന്‍മാര്‍ എന്നു തന്നെയാണ് സ്ത്രീകളുടെ ആഗ്രഹമെന്നും മാസിക പറഞ്ഞു വയ്ക്കുന്നു. ലിംഗമില്ലായ്മ ഉശിരില്ലായ്മയാണെന്നും ലിംഗം ആണ് എല്ലാം എന്ന പൊതുബോധവും മാസിക ഉയര്‍ത്തുന്നുണ്ട്.

ബാലിശവും അപക്വവുമായ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന മാഗസീനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ കഴിഞ്ഞ നവംബര്‍ 21 നായിരുന്നു മാസികയുടെ പ്രകാശനം.

ടിയാന്‍ ഊമയല്ല എന്ന മാസിക സമൂഹത്തില്‍ നടമാടുന്ന തിന്‍മകള്‍ക്കെതിരെ പ്രതികരിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇറക്കിയതാണെന്ന് സ്റ്റുഡന്‍ഡ് എഡിറ്റര്‍ അമല്‍ അമീര്‍ അലി നാരദാ ന്യൂസിനോട് പറഞ്ഞു. ചില കാര്യങ്ങളോട് വ്യക്തിപരമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും എഡിറ്റോറിയല്‍ ബോര്‍ഡിന്റെ കൂട്ടമായ തീരുമാനത്തോടെയാണ് എല്ലാ ആര്‍ട്ടിക്കിളും ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരെയോ ലൈംഗിക ന്യൂനപക്ഷങ്ങളെയോ ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. മനഃപൂര്‍വ്വം വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്നിട്ടില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പു പറയുന്നതായും അമല്‍ അമീര്‍ അലി പറഞ്ഞു.

Read More >>