മടിയില്ലാതെ നുണ പ്രസംഗിക്കുന്ന ശശികലയിൽ നിന്ന് നമ്മുടെ കുട്ടികൾ എന്താണ് പഠിക്കേണ്ടത്?

ചരിത്രവും വസ്തുതയുമറിയാത്തവരുടെ കൈയടി കെ പി ശശികല വാങ്ങിക്കൂട്ടുന്നത് നിർലജ്ജമായ നുണകളുടെ അവതരണത്തിലൂടെയാണ്. ഇങ്ങനെ നുണ പറയാനും പ്രചരിപ്പിക്കാനും മടിയില്ലാത്ത ഒരു അധ്യാപികയിൽ നിന്ന് കുട്ടികൾക്ക് പഠിക്കാനും ഉൾക്കൊളളാനും എന്തുണ്ട് എന്ന ചോദ്യം ഏറെ പ്രസക്തം തന്നെ.

മടിയില്ലാതെ നുണ പ്രസംഗിക്കുന്ന ശശികലയിൽ നിന്ന് നമ്മുടെ കുട്ടികൾ എന്താണ് പഠിക്കേണ്ടത്?

ഇമ ചിമ്മാതെ, നുണ പറയും കെ പി ശശികല; അതും വാ തോരാതെ. സംഘപരിവാറിന്റെ വേദികളിൽ അവരുടെ താരപരിവേഷത്തിനു കാരണം, ഈ വൈഭവമാണ്. ചരിത്രവും യാഥാർത്ഥ്യവുമറിയാത്ത കേൾവിക്കാരെ കളളം പറഞ്ഞു കൈയടിപ്പിക്കാൻ നന്നായി അറിയാം, വല്ലപ്പുഴ ഹൈസ്ക്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസിന്. സംശയമുണ്ടെങ്കിൽ ഈ വീഡിയോ കാണൂ...

https://youtu.be/GmsE1z1kf14

ആ വാചകങ്ങളിലൂടെ സഞ്ചരിക്കാം. ഓരോ വാക്കിലും വാക്യത്തിലും ഒളിച്ചിരിക്കുന്ന നുണകളെ പരിചയപ്പെടാം. എന്നിട്ടു ചിന്തിക്കൂ... ഈ ടീച്ചറിൽ നിന്ന് കുട്ടികൾക്ക് എന്താണ് പഠിക്കാനുളളത്?


ശശികല പറഞ്ഞു തുടങ്ങുന്നു, "1959ൽ ടിബറ്റ് ചൈന പിടിച്ചെടുത്തപ്പോ...."

അല്ലല്ലോ ടീച്ചറേ. 1951ൽ ചൈന ടിബെറ്റിനെ കീഴടക്കിക്കഴിഞ്ഞല്ലോ. അധ്യാപകർക്ക് ഇങ്ങനെ തെറ്റുവരാമോ? 1951 ഒക്ടോബർ ഏഴിന് ചൈനയുടെ പട്ടാളം ജിൻഷാ നദി കടന്ന് ടിബറ്റ് സേനയുമായി യുദ്ധമാരംഭിച്ചു. ഒക്ടോബർ 19ന്   എതിരാളികളെ അവർ കീഴടക്കി. തുടർന്ന് ബീജിംഗിൽ ടിബറ്റ് പ്രതിനിധികളും ചൈനയും തമ്മിൽ ചർച്ച. ചൈനയുടെ പരമാധികാരം പൂർണമായും ടിബറ്റ് അംഗീകരിക്കുന്ന ഉടമ്പടി ഒപ്പുവെച്ചത് 1951 മെയ് 23ന്. ടിബെറ്റിനെക്കുറിച്ച് പ്രസംഗിക്കുന്ന ഒരധ്യാപികയിൽ നിന്ന് സദസ് മിനിമം ഇത്രയും സമാന്യവിവരങ്ങൾ തെറ്റില്ലാതെ പ്രതീക്ഷിക്കുന്നുണ്ടാവില്ലേ..?

അപ്പോഴെങ്ങനെയാണ്, 1959ൽ ചൈന ടിബറ്റു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യൻ തീർത്ഥാടകർ ചൈനയുടെ ജയിലിലായത്.

വീണ്ടും പ്രസംഗത്തിലേയ്ക്കു പോകാം.. ടീച്ചറെന്താണു പറയുന്നതെന്നു കേൾക്കാം. പ്രസംഗത്തിന്റെ സംഗ്രഹം ഇങ്ങനെ.

ഇന്ത്യാ ഗവണ്മെന്റ് കൊടുത്ത യാത്രാരേഖകളുമായി പോയ തീർത്ഥാടകർ ചൈനയുടെ ജയിലഴികളിൽ അടയ്ക്കപ്പെട്ടു.... അനധികൃതമായി അവരെ ചൈനാ സർക്കാർ ജയിലിട്ടു. ഇന്ത്യൻ തീർത്ഥാടകർ ചൈനീസ് ജയിലിൽ കിടക്കുമ്പോൾ ഇന്ത്യയുടെ പാർലമെന്റു സമ്മേളിച്ചു. ജനസംഘക്കാർ പ്രതിഷേധിച്ചു വാക്കൌട്ടു നടത്തി. ജനസംഘക്കാർ സഭയിൽ ഇല്ലാത്ത തക്കം നോക്കി, ഹജ്ജാജിമാർക്കു സബ്സിഡി കൊടുക്കാനുളള ബില്ലു പാസാക്കി.


എന്താണ് യാഥാർത്ഥ്യം?

ഇന്ത്യാ സർക്കാർ കൊടുത്ത യാത്രാരേഖകളുമായി ഭഗവാൻ ശിവനെക്കാണാൻപോയ അനേകം തീർത്ഥാടകരൊന്നും അക്കാലത്ത് ജയിലിലായിട്ടില്ല. സംഭവിച്ചത് വേറൊന്നായിരുന്നു.

ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തിത്തർക്കം രൂക്ഷമായ കാലം. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ കലാപവും ഏറ്റുമുട്ടലും.

1959 മെയ് മാസത്തിൽ കൈലാസത്തിലേയ്ക്കുളള തീർത്ഥാടക സംഘത്തിലെ അംഗമായിരുന്ന സ്വാമി ബ്രഹ്മചാരി ആത്മ ചൈതന്യയെ ടിബറ്റിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് ചൈനയുടെ പട്ടാളം തടഞ്ഞുവെച്ചു ചോദ്യം ചെയ്തു. അഞ്ചുദിവസമാണ് അദ്ദേഹം തടവിലായത്. ഇതേക്കുറിച്ച് ഇന്ത്യയുടെയും ചൈനയുടെയും വിദേശ മന്ത്രാലയങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.  ശശികല പറയുന്നതുപോലെ ഇന്ത്യ അവഗണിച്ചു തളളിയ സംഭവമായിരുന്നില്ല.

ചൈനയുടെ നടപടിയെ അപലപിക്കാനും ബീജിംഗുമായി രൂക്ഷമായ വാഗ്വാദത്തിനും ഇന്ത്യ തയ്യാറായി. സ്വാമിയുടെ കൈവശം ഹോമിയോ മരുന്നായിരുന്നുവെന്ന് ഇന്ത്യയും ആർസെനിക് തുടങ്ങിയ മാരക വിഷങ്ങളായിരുന്നുവെന്ന് ചൈനയും വാദിച്ചു.

പക്ഷേ, അതും ഹജ്ജ് സബ്സിഡിയുമായി എന്തു ബന്ധം? ഒരു ബന്ധവുമില്ല. ടിബറ്റ് വിഷയമാക്കി മെയ് നാലിന് രാജ്യസഭയിലും മെയ് 8ന് ലോക് സഭയിലും നടന്ന ചർച്ചയുടെ വിവരങ്ങൾ നെറ്റിൽ ലഭ്യമാണ്. അതിലൊന്നും ജനസംഘക്കാർ സ്വാമി ആത്മചൈതന്യയുടെ വിഷയം ഉന്നയിച്ചതിനോ വാക്കൌട്ടു നടത്തിയതിനോ തെളിവുകളില്ല.

ലോക്സഭയിൽ അന്ന് ഭാരതീയ ജനസംഘത്തിന്റെ അംഗസംഖ്യ വെറും നാലു മാത്രമാണ്. അഖില ഭാരതീയ ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച് ഒരാളും.

ശശികല പറയുന്ന തീയതികളും കാലക്രമവും പൊട്ടത്തെറ്റ് 

[caption id="attachment_56494" align="alignleft" width="300"]haj-janasangham ഹജ്ജ് ആക്ടിനെക്കുറിച്ച് ജനസംഘം     വെബ് സൈറ്റിൽ നിന്ന്[/caption]

ശശികല പറയുന്ന കളളം ഇതൊന്നുമല്ല. ഇന്ത്യയിൽ ഹജ്ജ് സബ്സിഡി ഏർപ്പെടുത്തിയത് 1959ൽ പാസാക്കിയ നിയമം മൂലമല്ല. ഹാജ്ജാജിമാർക്ക് യാത്രാച്ചെലവിൽ ആനുകൂല്യം നൽകുന്നത് ബ്രിട്ടീഷുകാർ തുടങ്ങിവെച്ച പതിവാണ്. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം 1954ൽ കേന്ദ്ര സർക്കാർ ആ സൌജന്യം വിമാനക്കൂലിയിലേ്ക്കു വ്യാപിപ്പിച്ചു. അവിടെയും ശശികല പറയുന്ന തീയതികളും സംഭവങ്ങളുടെ ക്രമവും തെറ്റാണ്.

1932ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ പോർട്ട് ഹജ്ജ് കമ്മിറ്റി ആക്ട് നിലവിൽ വന്നത്. ഹജ്ജ് കമ്മിറ്റിയ്ക്ക് സർക്കാർ സഹായത്തിനു വ്യവസ്ഥ ചെയ്തിരുന്നത് ആ ആക്ടിലാണ്. അക്കാലത്ത് വിമാനമല്ല, കപ്പലായിരുന്നു ഹജ്ജിനുളള യാത്രാമാർഗം. തീർത്ഥാടകർക്ക് യാത്രയ്ക്കാവശ്യമായ സൌകര്യങ്ങളേർപ്പെടുത്തുകയും അവ വ്യവസ്ഥപ്പെടുത്തുകയും ചെയ്ത ആക്ടായിരുന്നു അത്.

ഇന്ത്യാ വിഭജനത്തെ തുടർന്ന് കറാച്ചി തുറമുഖം പാകിസ്താൻ അധീനതയിലായപ്പോഴാണ് പുതി നിയമം ആവശ്യമായി വന്നത്. അങ്ങനെയാണ് പഴയ ആക്ടിനെ പകരം വെയ്ക്കേണ്ടി വന്നത്. തുടർന്ന് 1959ൽ ഹജ്ജ് കമ്മിറ്റി ആക്ട് പാസാക്കി.

ആ ആക്ടിന് ഹജ്ജ് സബ്സിഡിയുമായി ബന്ധമൊന്നുമില്ല. ഈ നിയമത്തിൽ ഒരേയൊരു സ്ഥലത്തു മാത്രമാണ് സബ്സിഡിയെക്കുറിച്ചു പറഞ്ഞിരുന്നത്. 20-5ൽ ഇപ്രകാരം: ഇന്ത്യയിലെ ഏതു സംസ്ഥാനത്തെയും ഹജ്ജ് കമ്മിറ്റിയ്ക്ക് നൽകുന്ന സബ്സിഡിത്തുക അതാതു സംസ്ഥാനത്തു നിന്ന് തീർത്ഥാടനത്തിന് അർഹത നേടുന്ന തീർത്ഥാടകരുടെ ആകെ രജിസ്ട്രേഷൻ ഫീസിന്റെ മൂന്നിലൊന്നിൽ കൂടാൻ പാടില്ല എന്നതായിരുന്നു ആ വ്യവസ്ഥ.

ആത്മചൈതന്യയെ തടഞ്ഞുവെച്ചത് 1959 മെയ് മാസത്തിൽ. ഹജ്ജ് കമ്മിറ്റി ആക്ട് നിലവിൽ വന്നത് 1959 ഡിസംബർ 17നും. അതായത്, ശിവഭക്തന്മാർ ചൈനയിലെ ജയിലിൽ കിടക്കുമ്പോഴല്ല, ഹജ്ജ് കമ്മിറ്റി ആക്ട് പാർലമെന്റ് പാസാക്കിയത്. 1959 ഡിസംബറിലെ നിയമത്തിന് ഹജ്ജ് സബ്സിഡിയുമായി ബന്ധവുമില്ല.

പല കാര്യങ്ങൾ കൂട്ടിക്കെട്ടി ഒരു കൊടും നുണ നിർമ്മിക്കുകയാണ് കെ പി ശശികല. അതു കേട്ടു കൈയടിക്കുന്നവർക്കും ആർപ്പു വിളിക്കുന്നവർക്കും ഇക്കാര്യങ്ങളൊന്നും അറിയില്ല. അറിയില്ലെന്നു ശശികലയ്ക്കുമറിയാം. അറിവില്ലായ്മ മുതലെടുത്ത് അസത്യം പ്രചരിപ്പിക്കുന്ന ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ എന്തു യോഗ്യത എന്നു ചിന്തിക്കുന്ന രക്ഷിതാക്കളെ ആർക്കും കുറ്റപ്പെടുത്താനാവില്ല.

ചൈനാ സന്ദർശനവും വാജ്പേയിയുടെ വയറുവേദനയും

അടുത്ത കളളത്തിലെ നായകൻ അടൽ ബിഹാരി വാജ്പേയിയാണ്. കൈലാസത്തിലേയ്ക്കുളള തീർത്ഥാടനപാത തുറന്നുകൊടുത്തതിന്റെ ക്രെഡിറ്റാണ് ശശികല സൂത്രത്തിൽ വാജ്പേയിയുടെ തലയിൽ ചാരുന്നത്. 1954 മുതൽ 1978 വരെ കൈലാസത്തിലേയ്ക്കുളള തീർത്ഥാടന പാത അടച്ചിരുന്നു എന്നത് യാഥാർത്ഥ്യം. എന്നാലും തീർത്ഥാടനം വിലക്കിയിരുന്നില്ല. സർക്കാർ നൽകുന്ന മതിയായ യാത്രാരേഖയുളളവർക്ക് തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ഈ പാത തുറന്നത് 1981ലാണ്. അതിൽ വാജ്പേയിയ്ക്ക് എന്തു പങ്കാണുളളത്?

ഉത്തരം പറയാൻ എന്തുകൊണ്ടും യോഗ്യൻ ഇന്ന് ബിജെപിയ്ക്കൊപ്പം ചേർന്ന് വർഗീയ വിഷം തുപ്പുന്ന സുബ്രഹ്മണ്യം സ്വാമിയാണ്. Vajpayee's China fiasco എന്ന തലക്കെട്ടിൽ 1998 നവംബർ ആദ്യവാരം പുറത്തിറങ്ങിയ ഫ്രണ്ട്ലൈനിൽ അദ്ദേഹത്തിന്റെ ഒരു ലേഖനമുണ്ട്. വാജ്പേയിയുടെ കാലത്ത് ഇന്ത്യാ ചൈനാ ബന്ധങ്ങളിലുണ്ടായ പാളം തെറ്റലിനെക്കുറിച്ചാണ് ലേഖനം.

1978ൽ വാജ്പേയിയ്ക്ക് ചൈനയിലേയ്ക്കു ക്ഷണം കിട്ടിയെന്നും വയറുവേദന അഭിനയിച്ച് ആ ക്ഷണം അദ്ദേഹം നിരസിച്ചുവെന്നുമാണ് ലേഖനത്തിൽ സുബ്രഹ്മണ്യം സ്വാമി ആക്ഷേപിച്ചത്. പിന്നീട് 1979 ഫെബ്രുവരിയിൽ അദ്ദേഹം ചൈന സന്ദർശിച്ചുവെങ്കിലും വിയറ്റ്നാമിലെ ചൈനയുടെ ഇടപെടലിനെ തുടർന്ന് തിടുക്കത്തിൽ മടങ്ങേണ്ടി വന്നുവെന്നും ആ ലേഖനം അനുസ്മരിക്കുന്നു. തുടർന്ന് 1981ലാണ് കൈലാസം - മാനസസരോവരം തീർത്ഥാടന പാത തുറക്കാൻ ചൈന തീരുമാനിച്ചത്. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു, ഇന്ത്യൻ പ്രധാനമന്ത്രി.

എന്നുവെച്ചാൽ, ഈ തീർത്ഥാടന പാത തുറന്നു കിട്ടിയത് വാജ്പേയി നടത്തിയ ചർച്ചയെ തുടർന്നാണ് എന്ന് കെ പി ശശികല പ്രസംഗിച്ചുവെന്നറിഞ്ഞാൽ ബിജെപി സഹയാത്രികനായ സുബ്രഹ്മണ്യം സ്വാമി പോലും ചിരിച്ചു ചിരിച്ചു മരിച്ചുപോകും..

കഷ്ടിച്ച് മൂന്നു മിനിട്ട് പ്രസംഗത്തിലാണ് ഇത്രയും നുണ. ചരിത്രവും വസ്തുതയുമറിയാത്തവരുടെ കൈയടി കെ പി ശശികല വാങ്ങിക്കൂട്ടുന്നത് ഇത്തരം നിർലജ്ജമായ നുണകളുടെ അവതരണത്തിലൂടെയാണ്. ഇങ്ങനെ നുണ പറയാനും പ്രചരിപ്പിക്കാനും മടിയില്ലാത്ത ഈ അധ്യാപികയിൽ നിന്ന് കുട്ടികൾക്ക് പഠിക്കാനും ഉൾക്കൊളളാനും എന്തുണ്ട് എന്ന ചോദ്യം ഏറെ പ്രസക്തം തന്നെയാണ്.

Read More >>