തലശ്ശേരി സംഘർഷവും ഗണേഷ് ബീഡി പ്രശ്നവും: ആർഎസ്എസ് മൗനം പാലിക്കുന്ന ചരിത്രം കോടിയേരി വെളിപ്പെടുത്തുന്നു

കണ്ണൂരിന്റെ കണ്ണീരായ സംഘർഷങ്ങളുടെ ചരിത്രവേര് മാംഗ്ലൂർ ഗണേഷ് ബീഡി അടച്ചുപൂട്ടിയതിനെത്തുടർന്നുള്ള തൊഴിൽ പ്രശ്നങ്ങളാണ്. വീടുകളില്‍ ഇലയും പുകയിലയുമെത്തിച്ച്‌, മറ്റാനുകൂല്യമൊന്നും നൽകാതെ പണിയെടുപ്പിച്ച തൊഴിലാളികൾ സംഘടിച്ചപ്പോൾ അവരെ നേരിടാനായിരുന്നു ആദ്യം ദണ്ഡ വന്നത്. മുള്ളുള്ള ചങ്ങല, കത്തി, വടിവാൾ... അങ്ങനെയാണ് ബോംബിലെത്തുന്നത്.

തലശ്ശേരി സംഘർഷവും ഗണേഷ് ബീഡി പ്രശ്നവും: ആർഎസ്എസ് മൗനം പാലിക്കുന്ന ചരിത്രം കോടിയേരി വെളിപ്പെടുത്തുന്നു

തലശ്ശേരി താലൂക്കിലെ സിപിഐഎം-ആർഎസ്എസ് സംഘർഷമാണ് കണ്ണൂരിന്റെ എക്കാലത്തെയും കണ്ണീര്. കണ്ണൂരിലെ ക്രമസമാധാന പ്രശ്നത്തെ ബിജെപി ദേശീയ വിഷയമാക്കി അവതരിപ്പിക്കുമ്പോൾ, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുമാസത്തിനകം കൊല്ലപ്പെട്ട അഞ്ചു സിപിഐഎം പ്രവര്‍ത്തകരിൽ മൂന്നുപേര്‍ കണ്ണൂരില്‍ നിന്നാണെന്ന് സിപിഐഎം ചൂണ്ടിക്കാട്ടുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ കണ്ണൂരിലെ സിപിഐഎം-ആർഎസ്എസ് സംഘർഷത്തിന്റെ ചരിത്രവേര് ആരും പറയാതെ കിടക്കുന്നു.


ആർഎസ്എസ് ഭാഗത്തുനിന്ന് യുക്തിഭദ്രമായ ഒരു മറുപടിയും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു വാദം അവതരിപ്പിക്കുകയാണ് അവർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൈരളി ടി.വി.ക്ക് കോടിയേരി നൽകിയ അഭിമുഖത്തിൽ നിന്ന് ആ ഭാഗം നാരദാ ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

മാംഗ്ളൂര്‍ ഗണേഷ് ബീഡി പൂട്ടിയപ്പോൾ ആർഎസ്എസിനുള്ള മാസപ്പടി നിന്നു

ആര്‍എസ്എസ് രൂപീകരിച്ച കാലത്തുതന്നെ കണ്ണൂരില്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഗാന്ധിവധക്കാലത്ത് അവര്‍ സജീവമായിരുന്നു. ഗാന്ധിവധത്തിനുശേഷം അല്‍പ്പം പിന്നോക്കം പോയി. പിന്നീട് സംഘടിതമായ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങുന്നത് 1968ല്‍.

ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ബീഡി, സിഗാര്‍ നിയമത്തില്‍ ബീഡിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നടപ്പാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ കൂലി വ്യവസ്ഥ അംഗീകരിക്കാതെ മാംഗ്ളൂര്‍ ഗണേഷ് ബീഡിയുടെ കമ്പനികള്‍ അടച്ചുപൂട്ടി. കാസര്‍കോട് ഉള്‍പ്പെടെയുള്ള അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുത്തിരുന്നു. കൂടാതെ വാധ്യാര്‍ ബീഡി, സാധു ബീഡി കമ്പനികളും അടച്ചതോടെ ലക്ഷങ്ങള്‍ തൊഴില്‍രഹിതരായി.

ഗണേഷ് ബീഡിക്കമ്പനിക്ക് ആര്‍എസ്എസ്സുമായി ബന്ധമുണ്ടായിരുന്നു. അവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ആര്‍എസ്എസ്സിനുള്ളതായിരുന്നു. ഓരോ മാസവും നിശ്ചിതശതമാനം തുക ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനത്തിന് അവര്‍ നീക്കിവച്ചു. കമ്പനി പൂട്ടിയതോടെ മാസപ്പടി നിലച്ചത് ആര്‍എസ്എസ്സുകാരെ നിരാശപ്പെടുത്തി. മാംഗ്ളൂര്‍ ഗണേഷ് ബീഡി മറ്റു പേരുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങി.

ദണ്ഡ വന്ന വഴി

മഹാലക്ഷ്മി, ഗുരുകൃപ കമ്പനികള്‍ക്കായി ഔട്ട് വര്‍ക്ക് എന്ന പേരില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചു. ഒരു ആനുകൂല്യവും നല്‍കാതെ വീടുകളില്‍ ഇലയും പുകയിലയും കൊടുത്താണിവരെക്കൊണ്ട് പണിയെടുപ്പിച്ചത്.

ഫാക്ടറി സംവിധാനം ഇല്ലാതായതോടെ സംഘടിത വ്യവസായ സംരംഭത്തെ തകര്‍ക്കാന്‍ കഴിഞ്ഞു. ഇതിനെ സിഐടിയു തൊഴിലാളികളെ നിരത്തി ചെറുത്തു. ചെറുത്തുനില്‍പ്പാരംഭിച്ചതോടെ ആര്‍എസ്എസ്സുകാര്‍ തൊഴിലാളികളെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനായാണ് ശാഖകളില്‍ ദണ്ഡപരിശീലനം തുടങ്ങിയത്. പലയിടത്തും ദണ്ഡകൊണ്ട് ആക്രമണങ്ങള്‍ നടത്തി.

ബീഡിക്കമ്പനി മാനേജർമാരെല്ലാം ആര്‍എസ്എസ്സുകാര്‍ ആയിരുന്നു

ഔട്ട് വര്‍ക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ബീഡി സ്ഥാപനങ്ങളുടെ സംഘാടകരും ഫീല്‍ഡ് ഓഫീസര്‍മാരും മാനേജര്‍മാരും ആര്‍എസ്എസ്സുകാര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ആര്‍എസ്എസ്സിനെതിരായ ചെറുത്തുനില്‍പ്പ് ബീഡി മുതലാളിമാര്‍ക്കെതിരായ തൊഴിലാളിസമരമായി. അതിന്റെ ഭാഗമായി ധാരാളം സംഘടനകള്‍ ഉണ്ടായി. തൊഴിലാളികള്‍ പരക്കെ ആക്രമിക്കപ്പെട്ടു.

ദണ്ഡക്കു പുറമെ മുള്ളുള്ള ചങ്ങല: പിറകെ കത്തിയും വടിവാളും

ഇത്തരം സംഘര്‍ഷങ്ങളിലാണ് ആദ്യമായി ദണ്ഡയും മുള്ളുള്ള ചങ്ങലയുമൊക്കെ ആര്‍എസ്എസ്സുകാര്‍ ഉപയോഗിച്ചുതുടങ്ങിയത്. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ ചെറുത്തുനില്‍ക്കാന്‍ തുടങ്ങി. പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച് കവുങ്ങ് വെട്ടിയുണ്ടാക്കിയ വടികൊണ്ട് അക്രമങ്ങളെ പ്രതിരോധിച്ചു. അവയെ നേരിടാൻ ദണ്ഡ പോരാതെ വന്നപ്പോഴാണ് ആർഎസ്എസ് കത്തിയും വടിവാളുമൊക്കെ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ആദ്യത്തെ ബോംബു പ്രയോഗം ദിനേശ് ബീഡി മേസ്തിരിക്കെതിരെ; നയിച്ചത് മമ്പറം ദിവാകരൻ

ഇതിനെതിരെയും സ്വാഭാവികമായ ചെറുത്തുനില്‍പ്പ് രൂപപ്പെട്ടു. ഒരു ഘട്ടത്തില്‍ ഇത് മാറി ബോംബിലേക്ക് വന്നു. കോണ്‍ഗ്രസ് ആണ് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ബോംബ് പ്രയോഗിച്ചത്, അടിയന്തരാവസ്ഥക്കാലത്ത്. 1976ല്‍.

പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനി ആക്രമിച്ച് മേസ്തിരിയായ കൊളങ്ങരോത്ത് രാഘവന്‍ എന്ന സഖാവിനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന് നു. ആദ്യത്തെ ബോംബ് പ്രയോഗം. ഞങ്ങളൊക്കെ അന്ന് മിസ തടവുകാരായി ജയിലിലാണ്. ആ കേസില്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഇപ്പോള്‍ അദ്ദേഹം ഡിസിസി സെക്രട്ടറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിച്ചത് ദിവാകരനാണ്.

ബോംബിന് ഇടവേള; വീണ്ടുമാരംഭിച്ചതും ബീഡിക്കമ്പനികൾക്കു നേരെ

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബോംബ് പ്രയോഗം അധികമുണ്ടായില്ല. 1979ല്‍ ബോംബാക്രമണങ്ങള്‍ പുനരാരംഭിച്ചത് ആര്‍എസ്എസ്സായിരുന്നു. 1979 ഏപ്രില്‍ ആറിന് തലശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിലെ ബീഡി സ്ഥാപനങ്ങള്‍ ഒരേ സമയം ആക്രമിച്ചു. അതിന് കാരണമുണ്ട്.

മാംഗ്ളൂര്‍ ദിനേശ് ബീഡി ഇല്ലാതായപ്പോള്‍ 1967ല്‍ ഇഎംഎസ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എകെജി ഇടപെട്ട് സഹകരണമേഖലയില്‍ ദിനേശ് ബീഡി തുടങ്ങിയിരുന്നു. ദിനേശ് ബീഡി തൊഴിലാളികള്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. അതിനാലായിരുന്നു തൊഴിലാളികളെ ആക്രമിക്കലും ബോംബെറിയലും. സ്വൈര്യമായി ജോലി ചെയ്യാന്‍ ദിനേശ് ബീഡി തൊഴിലാളികളെ അനുവദിക്കാതിരിക്കലായിരുന്നു ലക്ഷ്യം.

കൂട്ട ബോംബേറ്: നാലു മരണം; മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടായ ദിവസം


1979 ഏപ്രില്‍ ആറിനാണ് ഒരുമിച്ച് ബോംബാക്രമണമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും തലശ്ശേരി കോടതിയുടെ ഉദ്ഘാടനചടങ്ങിന് എത്തിയ ദിവസമായിരുന്നു അത്. പൊലീസ് സേന പൂര്‍ണമായും അതില്‍ കേന്ദ്രീകരിച്ചിരുന്നു.

മറ്റെവിടെയും പൊലീസ് സാന്നിധ്യം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അപ്രതീക്ഷിതമായ ബോംബേറ്. ഒരു പ്രകോപനവുമില്ലാത്ത ഘട്ടത്തില്‍ അപ്രതീക്ഷിതവും ഏകപക്ഷീയവുമായ ആക്രമണം. ജില്ലക്ക് പുറത്തുനിന്നുവന്നവരാണ് ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. നാലു പേര്‍ അന്ന് ഒരേസമയം കൊല്ലപ്പെട്ടു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

വാടിക്കൽ രാമകൃഷ്ണനെ കൊന്നതാണ് തുടക്കമെന്ന കഥ സത്യത്തിലിങ്ങനെയാണ്

1968ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ സിപിഐ എം കൊലപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ്  സംഘപരിവാര്‍ വക്താക്കള്‍ പറയുന്നത്. ആ സംഭവം ഇങ്ങനെയാണ്.

ആര്‍എസ്എസ് നിരന്തര ആക്രമണങ്ങള്‍ തുടരുകയായിരുന്നു. അപ്പുറത്തും ചില സംഭവങ്ങളുണ്ടായി. പക്ഷേ, അതൊന്നും കൊലപാതകത്തില്‍ എത്തിയിരുന്നില്ല. 1979 ഏപ്രില്‍ ആറിന് തലശ്ശേരി ടൗണില്‍ സിപിഎം പ്രവര്‍ത്തകരെ ഒരേ സമയം ആക്രമിച്ചു. പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് ഗ്രാമങ്ങളില്‍നിന്ന് ടൌണിലെത്തി. കോടിയേരിയില്‍നിന്ന് തലശ്ശേരിയിലെത്തിയ ഞങ്ങളെ ഒരു സംഘം ആക്രമിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകനായ എന്റെ പത്താംക്ളാസിലെ അവസാനപരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു അത്. അന്ന് ഞാൻ അവരുടെ നോട്ടപ്പുള്ളിയല്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ലോക്കല്‍ കമ്മിറ്റി അംഗം ജയരാജനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ജയരാജന്റെ തല വെട്ടിപ്പിളര്‍ന്നു. ദേഹമാസകലം വെട്ടി. മരിച്ചെന്നു കരുതി അവര്‍ ഉപേക്ഷിച്ചു. തല വെട്ടിപ്പിളര്‍ന്ന് എന്നെ ഓവുചാലിലിട്ടു. ഞങ്ങളെ ആക്രമിച്ച സംഭവം പെട്ടെന്ന് നാട്ടില്‍ പടര്‍ന്നു.

അക്രമിസംഘത്തിലെ അംഗമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്‍. സംഘര്‍ഷത്തിലാണ് രാമകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. സംഘട്ടനത്തില്‍ ഉണ്ടായ മരണമാണത്. ഇപ്പോള്‍ നടക്കുന്നതുപോലെ ഏകപക്ഷീയവും ആസൂത്രിതവുമായ ആക്രമണത്തിലല്ല രാമകൃഷ്ണനെ കൊലപ്പെടുത്തിയത്. ഞങ്ങളെ ആക്രമിച്ച സംഘത്തിലെ ആള്‍ ആക്രമണത്തിനുശേഷമുണ്ടായ സംഘര്‍ഷത്തില്‍ മരിക്കുകയായിരുന്നു. ആ വിഷയത്തില്‍ കേസും കൌണ്ടര്‍ കേസും ഉണ്ടായിരുന്നു. ഞങ്ങളെ ആക്രമിച്ചതിന്റെയും അതിനു ശേഷം സംഘര്‍ഷമുണ്ടായതിന്റെയും കേസുകള്‍.

ഗുരു സ്ഥാപിച്ച ജഗന്നാഥ ക്ഷേത്രത്തിൽ 'മുഹമ്മദീയര്‍ക്ക് പ്രവേശനമില്ല' ബോർഡ്


ശ്രീനാരായണ ഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥ  ക്ഷേത്രത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ഒരുനാള്‍ പൊടുന്നനെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍തന്നെ 'മുഹമ്മദീയര്‍ക്ക് പ്രവേശനമില്ല' എന്നെഴുതിയ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. മതജാതി പരിഗണനകള്‍ ഒന്നുമില്ലാതിരുന്ന ക്ഷേത്രത്തില്‍ ബോധപൂര്‍വമായ പ്രകോപനത്തിനായിരുന്നു ഇങ്ങനെയൊരു വിലക്ക്.

ആ വഴി പോകുന്ന മുസ്ലിം യുവാക്കളെ മര്‍ദിക്കാനും തുടങ്ങി. ആര്‍എസ്എസ്സുകാര്‍ക്ക് വൈരാഗ്യമുള്ള മുസ്ലിങ്ങളല്ലാത്തവര്‍ക്കും പലപ്പോഴും മര്‍ദനമേറ്റു. ഡയരക്ടര്‍ ബോര്‍ഡിനെ ഉപയോഗിച്ചായിരുന്നു ഇതെല്ലാം ചെയ്തത്.

ഒരിക്കല്‍ ബോര്‍ഡ്  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ കെ പി രത്നാകരന്റെ നേതൃത്വത്തിലുള്ള സംഘം മത്സരിച്ചു. സി പിഎം പിന്താങ്ങി. ക്ഷേത്രഭരണ സമിതിയില്‍ ആര്‍എസ്എസ്സുകാര്‍ അല്ലായിരുന്നു. പക്ഷേ, ആര്‍എസ്എസ്സുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള കോണ്‍ഗ്രസുകാരായിരുന്നു പലരും. ആര്‍എസ്എസ്സുകാര്‍ ബോര്‍ഡ് വച്ചപ്പോള്‍ എടുത്തുമാറ്റണമെന്ന് പറയാന്‍ ശേഷിയില്ലാത്തവര്‍.

ശ്രീനാരായണ ഗുരുവിന്റെ ക്ഷേത്രത്തില്‍ ഇതൊന്നും പാടില്ലെന്ന നിലപാട് സ്വീകരിച്ച രത്നാകരനെയും സംഘത്തെയും ഞങ്ങള്‍ പിന്തുണച്ചു. രത്നാകരന്‍ പ്രസിഡന്റായ ദിവസം തന്നെ ബോര്‍ഡ് എടുത്തുമാറ്റി. അന്നു മുതല്‍ ഇന്നുവരെ കെ പി രത്നാകരനാണ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്. ആ ബോര്‍ഡിനെ മാറ്റാനുള്ള ആര്‍എസ്എസ് ഇടപെടല്‍ ഇതുവരെ വിജയിച്ചിട്ടില്ല.

പ്രശ്ന പരിഹാരം: അനന്തകുമാറും  രാജ്നാഥ് സിങ്ങും വാക്കു പാലിച്ചിട്ടില്ല

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിയും ബിജെപി–ആര്‍എസ്എസ് നേതാവുമായ അനന്തകുമാറുമായി ചര്‍ച്ച നടത്തി. നിങ്ങളുമായി ചര്‍ച്ചക്ക് ഒരു നേതാവിനെ നിയോഗിക്കുമെന്നും അയാള്‍ വന്നുകാണുമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ബിജെപി നേതൃത്വം ഇതുവരെ വാക്കുപാലിച്ചിട്ടില്ല.

അതിനുശേഷം വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും മുഖ്യമന്ത്രി സംസാരിച്ചു. അനന്തകുമാറുമായി നടത്തിയ ചര്‍ച്ചയുടെ കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. ചര്‍ച്ചക്ക് പ്രതിനിധിയെ അയക്കാമെന്ന് പറഞ്ഞ കാര്യവും മുഖ്യമന്ത്രി അറിയിച്ചു. ചര്‍ച്ചക്ക് പ്രതിനിധിയെ അയക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. സംഘർഷം തുടര്‍ന്നോട്ടെ എന്നവര്‍ ചിന്തിക്കുന്നതുകൊണ്ടാണ് ചര്‍ച്ചക്ക് തയ്യാറാവാത്തത്.

(അഭിമുഖകാരൻ: എൻ. പി. ചന്ദ്രശേഖരൻ)

ഫോട്ടോ: ദേശാഭിമാനി
കടപ്പാട്: www.deshabhimani.com)