ഫൈസലിന്റെ കൊലപാതകത്തിനു ശേഷമുള്ള പ്രകോപനങ്ങളോട് പക്വതയോടെ പ്രതികരിച്ചു കൊടിഞ്ഞിക്കാർ; ഒരു നാട് മാതൃകയാകുന്നത് ഇങ്ങനെയാണ്

കൊലപാതകത്തിനു ശേഷം പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാരോട് ഇവിടുത്തെ ഒരാളും സഹകരിച്ചില്ലയെന്നതാണു യാഥാര്‍ത്ഥ്യം. കൊടിഞ്ഞിയില്‍ നിന്ന് ആളെ കിട്ടാതെ വന്നതോടെ ചെമ്മാട് അങ്ങാടിയിലാണ് ഐക്യസംഘത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. അപ്പോഴെല്ലാം കൊടിഞ്ഞിക്കാര്‍ വെട്ടേറ്റു മരിച്ച ഫൈസലിന്റെ വീട്ടിലായിരുന്നു.

ഫൈസലിന്റെ കൊലപാതകത്തിനു ശേഷമുള്ള പ്രകോപനങ്ങളോട് പക്വതയോടെ പ്രതികരിച്ചു കൊടിഞ്ഞിക്കാർ; ഒരു നാട് മാതൃകയാകുന്നത് ഇങ്ങനെയാണ്

മതപരമായ കാര്യങ്ങളില്‍ എപ്പോഴും വൈകാരികതയ്ക്കാണു മുന്‍തൂക്കം. അതെല്ലാം മാറ്റിവച്ചു പക്വതയോടെ വിഷയത്തെ സമീപിച്ച കൊടിഞ്ഞിക്കാരെയാണു മാതൃകയാക്കേണ്ടത്. ഇസ്ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫാറൂഖ് നഗറിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍ കഴിഞ്ഞ 19നാണു വീടിനു സമീപം വെട്ടേറ്റു മരിച്ചത്. കൊലയ്ക്കു കാരണം മതംമാറ്റമാണെന്നു വ്യക്തമായിട്ടും പ്രകോപനങ്ങളോ വൈകാരികമായ പ്രതികരണങ്ങളോ ഇല്ലാതെ തികച്ചും പക്വമായ സമീപനമാണ് ഇവിടുത്തുകാര്‍ സ്വീകരിച്ചത്.


സംഭവത്തില്‍ മുതലെടുപ്പു നടത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ടുകാരോട് ഇവിടുത്തെ ഒരാളും സഹകരിച്ചില്ലയെന്നതാണു യാഥാര്‍ത്ഥ്യം. കൊടിഞ്ഞിയില്‍ നിന്ന് ആളെ കിട്ടാതെ വന്നതോടെ ചെമ്മാട് അങ്ങാടിയിലാണ് ഐക്യസംഘത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. അപ്പോഴെല്ലാം കൊടിഞ്ഞിക്കാര്‍ വെട്ടേറ്റു മരിച്ച ഫൈസലിന്റെ വീട്ടിലായിരുന്നു. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നതെന്ന് പ്രദേശവാസിയായ മുഹമ്മദ് പറയുന്നു. അത്രത്തോളം ഒത്തൊരുമയോടും സ്‌നേഹത്തോടും കൊടുക്കല്‍ വാങ്ങലിലൂടെയും ജീവിക്കുന്നവരാണ് ഇവിടുത്തുകാര്‍. കൃത്യം നടത്തിയത് ആര്‍എസ്എസ് ആണെന്നറിഞ്ഞിട്ടും അത്തരത്തിലൊരു പ്രതികരണംപോലും നടത്താതെ ഇവിടുത്തുകാര്‍ സംയമനം പാലിച്ചു. സാമൂഹ്യപ്രവര്‍ത്തകരും മതപണ്ഡിതരുമെല്ലാം ഇക്കാര്യത്തില്‍ മികച്ച നിര്‍ദേശവും സന്ദേശവുമാണു ജനങ്ങള്‍ക്കു നല്‍കിയത്.

നന്നമ്പ്ര പഞ്ചായത്തില്‍ 90 ശതമാനത്തിലധികവും മുസ്ലിങ്ങളാണ് താമസിക്കുന്നത്. എട്ടില്‍ അഞ്ചു വാര്‍ഡും മുസ്ലിംലീഗിന്റെ ആധിപത്യത്തില്‍ ഭരണം കയ്യാളുന്നു. സമസ്ത ഇകെയും എപിയും ജമാഅത്തെ ഇസ്ലാമിയും മുജാഹിദുമൊക്കെയുള്ള നാട്. കൊടിഞ്ഞി വില്ലേജില്‍ 3000 ത്തോളം മുസ്ലിം കുടുംബങ്ങളും 200 ല്‍ താഴെ ഹൈന്ദവ കുടുംബങ്ങളുമാണ് കഴിയുന്നത്.

ഇക്കാലത്തിനിടയ്ക്ക് മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരു സംസാരം പോലും കേട്ടിട്ടില്ലെന്ന പ്രദേശവാസിയായ അന്ത്രുവിന്റെ വാക്കില്‍ അഭിമാനം സ്ഫുരിക്കുന്നു. പ്രദേശത്ത് പൊലീസ് ചാര്‍ജ്ജ് ചെയ്യുന്ന പെറ്റിക്കേസുകള്‍പോലും അപൂര്‍വം. അതിനു പിന്നിലൊരു ആത്മീയ ചരിത്രം കൂടിയുണ്ട്.

പ്രസിദ്ധമായ കൊടിഞ്ഞി മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മമ്പുറം പള്ളിയോളവും പൊന്നാനി മഖാമിനോളവും പാരമ്പര്യമുള്ളതാണ് കൊടിഞ്ഞി മസ്ജിദ്. തെറ്റ് ചെയ്യുന്നവരെ കൊടിഞ്ഞി മസ്ജിദില്‍ കൊണ്ടുവന്നു സത്യം ചെയ്യിക്കലാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. പതിറ്റാണ്ടുകളായുള്ള കീഴ്‌വഴക്കം ഇപ്പോഴും വെള്ളിയാഴ്ച്ചകളില്‍ ജുമുഅഃ നമസ്‌കാരത്തിനു ശേഷം നടക്കുന്നുണ്ട്.

മുസ്ലിങ്ങളെപ്പോലെ ഇതരവിഭാഗങ്ങള്‍ക്കും കൊടിഞ്ഞി മസ്ജിദിലേക്കു പ്രവേശനമുണ്ട്. ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ലാത്ത കൊടിഞ്ഞി മസ്ജിദിലേക്ക് എല്ലാ വിഭാഗം ആളുകളും എത്താറുണ്ട്. നേര്‍ച്ച നടക്കുന്ന സമയത്ത് ഇവിടെ തയ്യാറാക്കുന്ന വിഭവങ്ങള്‍ മൂന്നായി വീതം വയ്ക്കുകയാണ് പതിവ്. ഒരു വീതം ഹൈന്ദവര്‍ക്കും ഇനിയൊരു വീതം കബറെടുക്കുന്ന തൊഴിലാളികള്‍ക്കും പിന്നെയൊരു വീതം ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്കും. എത്രയൊക്കെ തലമുറകള്‍ മാറിയപ്പോഴും മതേതരമായ ഈ ആചാരങ്ങള്‍ ഇപ്പോഴും കൊടിഞ്ഞിയില്‍ തുടര്‍ന്നുപോരുന്നു.

മസ്ജിദിനു സമീപത്തായുള്ള ദേവീ ക്ഷേത്ര ഭൂമിയുടെ നികുതി ഇപ്പോഴും അടയ്ക്കുന്നത് മഹല്ല് കമ്മിറ്റിയാണ്. ഈ ക്ഷേത്രവും കൊടിഞ്ഞിയിലെ മതേതരമായൊരു സാംസ്‌കാരിക കേന്ദ്രമായി നിലകൊള്ളുന്നു. ന്യൂനപക്ഷമായൊരു ജനതയെ ഭൂരിപക്ഷങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നുവെന്നതറിയാന്‍ കൊടിഞ്ഞിയില്‍ നിന്ന് തന്നെ തുടങ്ങണം. ഈ ജനതയുടെ മനസ്സിലേറ്റ മുറിവാണ് ഫൈസലിന്റെ ദാരുണ അന്ത്യമെങ്കിലും ഒത്തൊരുമയുടെ കെടാനാളംപോലെ കൊടിഞ്ഞിക്കാര്‍ ഇനിയും ഒരുപാടു കാലം ഈ നാടിനെ സംസ്‌കാരംകൊണ്ടു ചൈതന്യവത്കരിക്കുകതന്നെ ചെയ്യുമെന്നുറപ്പുണ്ട്.