മിറാസ്ലാവ് ക്ലോസെ ബൂട്ടഴിച്ചു, ഇനി പരിശീലക കുപ്പായത്തിൽ

ഇപ്പോൾ 38 വയസുള്ള ജർമ്മൻ ഫോർവേഡ് 2014 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ക്ലബ് ഫുട്‌ബോളിൽ സജീവമായിരുന്നു.

മിറാസ്ലാവ് ക്ലോസെ ബൂട്ടഴിച്ചു, ഇനി പരിശീലക കുപ്പായത്തിൽ

ബർലിൻ: കോർണറുകളിൽ നിന്ന് പൊങ്ങിയുയരുന്ന പന്ത് തലകൊണ്ട് ചെത്തി വലയ്ക്കുള്ളിലാക്കുന്ന  ആ അത്ഭുത പ്രതിഭാസം മൈതാനത്ത് നിന്നും വിടവാങ്ങി. കാൽപ്പന്തുകളിയെ തലപ്പന്തുകളിയാക്കി മാറ്റിയ ജർമ്മൻ ഇതിഹാസം മിറാസ്ലാവ് ക്ലോസെ ബൂട്ടഴിക്കുന്നത് ഒരുപിടി നേട്ടങ്ങളോടെയാണ്.

കളി അവസാനിപ്പിക്കുന്ന കാര്യം ചൊവ്വാഴ്ചയാണ് ക്ലോസെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോൾ 38 വയസുള്ള ജർമ്മൻ ഫോർവേഡ് 2014 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ക്ലബ് ഫുട്‌ബോളിൽ സജീവമായിരുന്നു. ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ താരമായിരുന്നു ക്ലോസെ. നാലു ലോകകപ്പുകളിലായി 24 മത്സരങ്ങൾ കളിച്ച് 16 ഗോളുകൾ നേടിയ ജർമ്മൻ കുന്തമുനയ്ക്ക് 2002 ലോകകപ്പിലെ ഗോൾഡൻ ബൂട്ടും ലഭിച്ചിരുന്നു.

ജർമ്മനിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്ലോസെ തന്നെയാണ് ഏറ്റവുമധികം മത്സരം കളിച്ച രണ്ടാമത്തെ ജർമ്മൻ താരവും. ലോകകപ്പിൽ ഏറ്റവുമധികം മത്സരം കളിച്ച രണ്ടാമത്തെ താരവും ക്ലോസെ തന്നെ.

കളി അവസാനിപ്പിച്ചെങ്കിലും കളത്തിന് സമീപം ക്ലോസെയുണ്ടാകും. പരിശീലന കുപ്പായത്തിലാകും ഇനി ക്ലോസെയുടെ ഊഴം. കഴിഞ്ഞ സീസണിൽ ലാസിയോയുമായുള്ള കരാർ അവസാനിച്ചശേഷം ജർമ്മൻ ദേശീയ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം അദ്ദേഹം ട്രെയിനിംഗ് നടത്തിയിരുന്നു.

ക്‌ളോസെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തെ ജർമ്മൻ ദേശീയ ടീമിന്റെ സഹപരിശീലകനായി നിയമിച്ചതായി ജർമ്മൻ ഫുട്ബാൾ അസോസിയേഷന്റെ അറിയിപ്പ് വന്നിട്ടുണ്ട്. 11ന് സാൻമരീനോയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലും 15ന് ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തിലും ജർമ്മനിയുടെ പരിശീലക സംഘത്തിൽ ജോവാക്കിം ലോയുടെ സഹായിയായി  ക്ലോസെയും ഉണ്ടാകുമെന്നാണ് സൂചന.

2001 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ 137 അന്താരാഷ്ട്ര മത്സരൾ കളിച്ച ക്ലോസെ 71 ഗോളുകൾ നേടി. 2002, 2006, 2010, 2014 ലോകകപ്പുകളിൽ നിന്ന് ജർമ്മനിക്കായി 16 ഗോളുകളാണ് നേടിയത്. 2002ൽ അരങ്ങേറ്റ ലോകകപ്പിൽ അഞ്ചു ഗോൾ നേടിയാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 2001 ൽ
അൽബേനിയക്കെതിരെയായിരുന്നു ക്ലോസെയുടെ ജർമ്മൻ ജഴ്‌സിയിലെ അരങ്ങേറ്റം.

ജർമ്മൻ ക്‌ളബ് ബയേൺ മ്യൂണിക്കിനൊപ്പം രണ്ട് ബുണ്ടേഴ്‌സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള ക്‌ളോസെ വെൻഡർ ബ്രമൻ, ലാസിയോ, ഹാംബുർഗ് എഫ്.സി, കൈസർ സ്ലൗടേൺ എന്നീ ക്‌ളബുകൾക്കായും കളിച്ചു. പോളിഷ് വംശജരായ ജോസഫ് ക്‌ളോസെയുടെയും ബാർബറ ജെബിന്റെയും മകനായി പോളണ്ടിലെ ഓപോളിലായിരുന്നു ക്‌ളോസെ ജനിച്ചത്. ക്‌ളോസെയുടെ അച്ഛൻ പ്രൊഫഷണൽ ഫുട്ബാളറും അമ്മ പോളണ്ടിന്റെ ദേശീയ വനിതാ ഹാൻഡ് ബാൾ ടീമംഗവും ആയിരുന്നു.

പോളണ്ടുകാരിയായ സിൽവിയയാണ് ക്‌ളോസെയുടെ ഭാര്യ. ലുവാനും നോഹും മക്കളാണ്.


Story by