ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒ വി വിജയന്റെ പ്രതിമയ്ക്കു സ്ഥലം അനുവദിക്കാന്‍ തീരുമാനം

കോട്ടമൈതാനത്ത് എസ് ബി ഐ ജംഗ്ഷനില്‍ ഒരു സെന്റാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത നഗരസഭ യോഗത്തില്‍ ഉണ്ടാവും.

ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒ വി വിജയന്റെ പ്രതിമയ്ക്കു സ്ഥലം അനുവദിക്കാന്‍ തീരുമാനം

പാലക്കാട്: ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒ വി വിജയന്റെ പ്രതിമ നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കാന്‍ നഗരസഭ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. പാലക്കാട് നഗരമദ്ധ്യത്തില്‍ കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്ത്  സ്ഥാപിച്ചിരുന്ന ഒ വി വിജയന്റെ പ്രതിമ  വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടതിനെ കുറിച്ച് നാരദ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

മറ്റു ചില മാധ്യമങ്ങളും ഇതേറ്റെടുത്തതോടെ ഇക്കാര്യം വലിയ ചര്‍ച്ച വിഷയമായിരുന്നു. തുടര്‍ന്നാണ് പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാന്‍ നഗരസഭ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത്. കോട്ടമൈതാനത്ത് എസ് ബി ഐ ജംഗ്ഷനില്‍ ഒരു സെന്റാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത നഗരസഭ യോഗത്തില്‍ ഉണ്ടാവും.


പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിമ പുനര്‍നിര്‍മാണ സമിതി രൂപികരിച്ചിട്ടുണ്ട്. പാലക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം മോഹന്‍രാജാണ് ഇതിന്റെ ചെയര്‍മാന്‍. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ബോബന്‍ മാട്ടുമന്ത ( വൈ.ചെ) ഡി ജെ ചാരിറ്റബിള്‍ ട്രസ്റ്റ്  ചെയര്‍മാന്‍ ദിനേഷ്‌കുമാര്‍ ( കണ്‍) ഡി വൈ എഫ് ഐ പാലക്കാട് ബ്ലോക്ക് സെക്രട്ടറി എം എസ് ഷാജന്‍ ( ജോ. കണ്‍) എന്നിവരടുങ്ങന്നതാണ് സമിതി

തന്റെ രചനകളിലൂടെ ഇന്ദ്രപ്രസ്ഥം വരെ പിടിച്ചു കുലുക്കിയ ഒ വി വിജയന്റെ പ്രതിമ നഗരത്തില്‍ നിന്നു കാണാതായത് 2013 ലാണ്. 2010 ല്‍ സ്ഥാപിച്ച പ്രതിമ ഒരു രാത്രി കാണാതാവുകയായിരുന്നു.  വിജയന്റെ പ്രതിമക്കൊപ്പം തൊട്ടടുത്ത് മേഴ്‌സി കോളേജ് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രതിമയും കാണാതായി.

പ്രമുഖ സ്വകാര്യ ആസ്പത്രി മേഴ്‌സി കോളേജ് ജങ്ഷനില്‍ ഉള്ളതിനാല്‍ ആസ്പത്രിയുടെ പേരിലാണ് ജങ്ഷന്‍ അറിയപ്പെട്ടിരുന്നത്. ചെമ്പൈ പ്രതിമ വന്നതോടെ സ്ഥല പേര് ചെമ്പൈ ജങ്ഷന്‍ എന്നു മാറാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ എടുത്ത് മാറ്റിയതാണ് ചെമ്പൈ പ്രതിമ എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സമാനമായ അവസ്ഥയിലാണ് വിജയന്റേയും പ്രതിമ കാണാതായത്. എന്നാല്‍ ഇതിനൊപ്പം ബി ഇ എം സ്‌കൂളിന് മുമ്പിലായി സ്ഥാപിച്ച നാറാണത്തു ഭ്രാന്തന്റെ  പ്രതിമക്ക് മാറ്റം വന്നിട്ടില്ല.

ഖസാക്കിന്റെ സാഹിത്യകാരന് പാലക്കാട് ജില്ലയില്‍ ഒരിടത്തും പ്രതിമയില്ല. നേരത്തെ മലപ്പുറത്തെ കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ ഒ വി വിജയന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍ അത് തകര്‍ത്ത സംഭവം ഉണ്ടായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന വിജയന്റെ പ്രതിമ സ്ഥാപിക്കാന്‍  അനുമതി മുസ്ലീം ലീഗിന്റെ നേത്യത്വത്തിലുള്ള കോട്ടക്കല്‍ നഗരസഭ നല്‍കാത്ത സംഭവം  വിവാദമായിരുന്നു

Read More >>