തോക്കിന്‍ കുഴലിലൂടെയല്ല ഓടക്കുഴലിലൂടെയാണ് മലയാളികളുടെ വിപ്ലവ വിലാപം നടക്കുന്നത്

ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ യുഗത്തില്‍ ഒരു ഭരണത്തെ വലിച്ചെറിയാന്‍ അധികം സമയമൊന്നും വേണ്ട. അതിന് ഏറ്റവും വലിയ തെളിവാണ് ടുണീഷ്യയില്‍ നമ്മള്‍ കണ്ടത്. ഒരു വഴിയോര കച്ചവടക്കാരനില്‍നിന്നും തുടങ്ങിയ പ്രതിഷേധം മധ്യപൂര്‍വ്വേഷ്യ മുഴുവന്‍ മാറ്റിമറിച്ചു. എവിടെയാണ് സാമൂഹിക നീതി നടപ്പാക്കുന്നതില്‍ നമ്മള്‍ പിന്നില്‍ പോയത്?

തോക്കിന്‍ കുഴലിലൂടെയല്ല ഓടക്കുഴലിലൂടെയാണ് മലയാളികളുടെ വിപ്ലവ വിലാപം നടക്കുന്നത്

ഒരിടത്തു താലികെട്ട് മറ്റൊരിടത്തു വെടിവയ്പ്പ്! അര്‍ത്ഥം മാറ്റിചിന്തിക്കേണ്ട 'വെടിവെപ്പില്‍ കൊന്നു' എന്ന അവകാശത്തെ ഒന്നു വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ്. ഒരാഴ്ചക്കാലം വര്‍ത്തമാന മാധ്യമങ്ങള്‍ നിലംതൊടാതെ ആഘോഷിച്ച വാര്‍ത്ത ഒടുവില്‍ മണ്‍മറഞ്ഞ ക്യൂബയുടെ വിപ്ലവനായകന് രക്തത്തില്‍ ചാലിച്ച അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സമാപിച്ചു.

ഏതൊരു മലയാളിയിലും കുറഞ്ഞത്  ഇരുപതു ശതമാനം വിപ്ലവവീര്യമുണ്ട്. അത് സംഘപരിവാറുകാരനായ തീവ്ര കാവിക്കാരനും ഇസ്ലാമിക റാഡിക്കലായ മനുഷ്യനും ഒരുപോലെ ഈ വിപ്ലവ വീര്യം ഉണ്ടാവും. ഒരു മലയാളിയുടെ DNA അതാണ്.  അമേരിക്കയില്‍ കുടിയേറിയ വലതു പക്ഷ മലയാളികള്‍ പോലും 'ട്രംപ് ' എന്ന തീവ്രതയെ മാനസികമായി എതിര്‍ത്തു, എപ്പോഴും വിപ്ലവം മലയാളികളുടെ കയ്യിലും പോക്കറ്റിലും ഉണ്ട്. ആവശ്യമുള്ളപ്പോൾ എടുത്തണിയും.


എന്റെ നാട്ടുകാരാണ് പഴയ പോലീസ്‌കാരന്‍ രാമചന്ദ്രന്‍ നായര്‍. സർവ്വീസിൽനിന്നും വിരമിച്ച ശേഷം നക്‌സല്‍ വർഗീസിനെ താനാണ് വെടിവെച്ചതെന്നും അയാൾ നിരപരാധിയാണെന്നും രാമചന്ദ്രൻ നായരിലെ ചെറിയ വിപ്ലകാരി വിളിച്ചുപറഞ്ഞു. എനിക്കുറപ്പാണ് നിലമ്പൂരിൽ ഈ പാതകം ചെയ്ത പോലീസുകാരനുള്ളിലെ വിപ്ലവവും ഒരു ദിവസം ഇതാവർത്തിക്കും.

ഇതിന്റെ വേറൊരു വശം. ഇവരില്‍ ആര്‍ക്കും തോക്കില്‍ കുഴലിലൂടെ വിപ്ലവം കൊണ്ടുവരാനോ അതല്ലെങ്കിൽ പോലിസിനെ കൊന്ന് അവരുടെ മുകളില്‍ ചുവന്ന കൊടികുത്തുവാനോ താല്‍പര്യം അശേഷം ഇല്ല. 'സമാധാന വിപ്ലവം' അതായിരുന്നുവല്ലോ ആദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ക്കൂടി അധികാരത്തില്‍ വരുവാനുണ്ടായ കാരണം. 'തോക്കിൻകുഴലിലൂടെയല്ല മറിച്ച് ഓടക്കുഴൽ'. ഓടകുഴല്‍ വിപ്ലവം ഇന്നും കേരളത്തില്‍ നിര്‍ബാധം തുടരുന്നു, പക്ഷെ അതിനു മറ്റും സംഭവിച്ചോ...?

മാവോയിസ്റ്റുകള്‍ നിലമ്പൂർ വനത്തില്‍ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സംസ്ഥാന പോലീസ് വളരെ കാലത്തിനു ശേഷം അവരുടെ തോക്കുകള്‍ ആകാശത്തേക്ക് മാത്രം വെടിവയ്ക്കാനുള്ളതല്ലെന്നു തെളിയിച്ചു! ആയുധധാരികളായ കലാപകാരികളെ കൊന്നു പൊന്‍ തൂവല്‍ അവര്‍ സ്വയമേ ഏറ്റെടുത്തു ചന്തിയുടെ ഭാഗത്തു കുത്തി. ആയുധ ധാരികളായ സഖാക്കള്‍ എന്താണ് ചെയ്ത ഹീനകൃത്യം..? ആരും വെളിപ്പെടുത്തിയിട്ടില്ല, വരട്ടെ കാത്തിരുന്നുകാണാം. മറ്റൊരു രാമചന്ദ്രൻ നായര്‍ പിറക്കാതിരിക്കില്ല.

പോലീസ് വെടിവെയ്പ്പുകൊണ്ടും, അടിച്ചമർത്തലുകൾകൊണ്ടും ഒരു മൂവ്മെന്റിനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഡിജിറ്റല്‍ യുഗത്തില്‍ വിശ്വസിക്കുന്ന, ഭരണത്തിലിരിക്കുന്ന യജമാനന്മാർ കരുതുന്നുണ്ടെങ്കിൽ ഒന്നോർത്താൽ നല്ലതാണ്, നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്, നേരെ കണ്ണു തുറന്നു നോക്കൂ വളരെ ദൂരെയല്ലാത്ത ബംഗാളിലേക്ക്, ജ്യോതി ബസു മുഖ്യമന്ത്രിയായിരുന്ന സമയത്തും മാവോയിസം കത്തിക്കയറി 'സിംഗൂര്‍' എപ്പിസോഡ്. ദളിതരുടെയും ആദിവാസികളുടെയും മുന്‍പിലും പിന്നിലും തീവ്ര കമ്യൂണിസ്‌റ്റ് പ്രത്യയശാസ്ത്രങ്ങളായിരുന്നു. പിന്നീട് മമതയും ടിഎംസി യും ഏറ്റെടുത്തു, ആരംഭകാലം ജ്യോതി ബസുവില്‍ നിന്നും അത് അവസാനിച്ചത് ബുദ്ധദേവില്‍. പാര്‍ട്ടി എവിടെയും ഇല്ലാതെ അലഞ്ഞു തിരിയുന്നു ഒരു ചെറിയ മൂവ്മെന്റ്. പാര്‍ട്ടിയെ ജനങ്ങള്‍ വലിച്ചെറിഞ്ഞു!

ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ യുഗത്തില്‍ ഒരു ഭരണത്തെ വലിച്ചെറിയാന്‍ അധികം സമയമൊന്നും വേണ്ട. അതിന് ഏറ്റവും വലിയ തെളിവാണ് ടുണീഷ്യയില്‍ നമ്മള്‍ കണ്ടത്. ഒരു വഴിയോര കച്ചവടക്കാരനില്‍നിന്നും തുടങ്ങിയ പ്രതിഷേധം മധ്യപൂര്‍വ്വേഷ്യ മുഴുവന്‍ മാറ്റിമറിച്ചു. എവിടെയാണ് സാമൂഹിക നീതി നടപ്പാക്കുന്നതില്‍ നമ്മള്‍ പിന്നില്‍ പോയത്? ലോകത്ത് എവിടെയും ഇത് സംഭവിക്കാം. എവിടെയാണ് കേരളത്തിന് പിഴച്ചത്? സാമ്പത്തിക ഉദാരവത്ക്കരണം ഭാരതത്തില്‍ ആരംഭിച്ചിട്ട് ഏകദേശം ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിലുള്ള ജീവിത ശൈലിയ്ക്ക് വന്ന അന്തരം വലുതായിരുന്നു. പ്രത്യേകിച്ച് ദളിതുകളുടെയും ആദിവാസികളുടെയും ജീവിതം താരതമ്യം ചെയ്യുമ്പോള്‍ ഈ അന്തരം പ്രകടമായിരുന്നു. പട്ടണങ്ങളുടെ വികസനത്തിന് കുത്തകകള്‍ പണം കൂടുതല്‍ സ്വരൂപിക്കുവാനും ഈ വികസനത്തിനായി ആദിവാസികളുടെയും ദളിതരുടെയും കൂരകള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചുമാറ്റുവാനും തുടങ്ങി. നഗരങ്ങളിലെ ഇരുമ്പു തൂണുകള്‍ ഉയരണമെങ്കില്‍ വനമമേഖലയിലെ iron ore ഡെപ്പോസിറ്റുകള്‍ വേണം. അതിനു വനവും ആദിവാസികളും ചത്ത് വീഴണം. ഇതിനോടുള്ള ചെറുത്തുനില്‍പ്പാണ് പരമപ്രധാനമായി മാവോയിസ്‌റ്റ് കേന്ദ്രങ്ങള്‍ ശക്തി പ്രാപിക്കാന്‍ കാരണം. ദേശീയ തലത്തില്‍ മുന്‍പന്തിയില്‍ നിന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇതുൾക്കൊള്ളാൻ കഴിഞ്ഞില്ല. ആദിവാസികളുടെ ഇടയില്‍ പൂര്‍വ്വകാല കമ്മ്യൂണിസ്റ്റുകള്‍ വെറും പടമായി മാറി അവശേഷിച്ചു.

ഇനി കേരളത്തിലേക്ക് വരാം. ഇവിടെ എവിടെയാണ് നമുക്ക് തെറ്റിയത്? ആദിവാസികളെയും ദളിതരെയും സമൂഹത്തിന്റെ മുന്‍ധാരയില്‍ കൊണ്ടുവരാൻ ആത്മാര്‍ത്ഥമായി നമ്മള്‍ ശ്രമിച്ചിട്ടുണ്ടോ? സര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിക്കും. ഒടുവില്‍ അത് വെറും വാക്ക് മാത്രമായി മാറും. അതിനിടയില്‍ നില്‍ക്കുന്ന പലരും  തന്നാല്‍ ആവുംവിധം കൈയിട്ടുവാരും. പട്ടിണിയും പരിവട്ടവും നിറഞ്ഞ ആദിവാസി ഊരുകള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല. മാവോയിസ്റ്റായാല്‍ അല്ലെങ്കില്‍ സാമൂഹിക തിന്മക്കെതിരെ തോക്കെടുക്കുന്ന ഒരാളായാല്‍ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്ക്ക് അതില്‍ തെറ്റ് പറയാന്‍ കഴിയുമോ? ഇവിടെ സര്‍ക്കാരും സാമൂഹിക സംഘടനകളും ഇടപെടണം. ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കി അബലരെ വെടിവെച്ചു കൊല്ലാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പകരം ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അവരുമായി സ്റ്റേറ്റ് ആശയവിനിമയം നടത്തണം.അങ്ങനെയല്ലെങ്കില്‍ വയനാട് ആദിവാസിഗ്രാമങ്ങള്‍, മറ്റൊരു ദണ്ഡേവാഡ അല്ലെങ്കില്‍ നക്‌സല്‍ ബാരി വില്ലേജുകളായി മാറും!