കേരളപ്പിറവി ദിന വിവാദം; ഖേദം പ്രകടിപ്പിച്ച് ഗവര്‍ണര്‍ക്ക് സ്പീക്കറുടെ കത്ത്

സംഭവത്തില്‍ ക്ഷമ ചോദിച്ച് സ്പീക്കര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണറെ അവഗണിച്ചിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സ്പീക്കര്‍ കത്തില്‍ പറയുന്നു.

കേരളപ്പിറവി ദിന വിവാദം; ഖേദം പ്രകടിപ്പിച്ച് ഗവര്‍ണര്‍ക്ക് സ്പീക്കറുടെ കത്ത്

തിരുവനന്തപുരം: കേരളപ്പിറവി വജ്രജൂബിലി ആഘോഷ ചടങ്ങിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംഭവത്തില്‍ ക്ഷമ ചോദിച്ച് സ്പീക്കര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണറെ അവഗണിച്ചിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സ്പീക്കര്‍ കത്തില്‍ പറയുന്നു. പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. പരിപാടിയില്‍ നിന്നും ഗവര്‍ണറെ ബോധപൂര്‍വ്വം ഒഴിവാക്കിയതല്ല. ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും ഖേദം പ്രകടിപ്പിച്ച് അയച്ച കത്തില്‍ സ്പീക്കര്‍ വിശദീകരിച്ചു.


കേരളപ്പിറവി ദിനത്തോടനുന്ധിച്ച് നടത്തിയ വജ്രകേരളം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖരെ ക്ഷണിക്കാതിരുന്നത് വന്‍ വിവാദമായിരുന്നു. എന്നാല്‍ പരിപാടിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയതല്ലെന്നും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന വലിയ ചടങ്ങളില്‍ ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 60ല്‍ അധികം പേര്‍ പങ്കെടുക്കരുതെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ ഈ പരിപാടിയില്‍ 60ല്‍ അധികം പേരുണ്ടായതിനാല്‍ അത് പ്രോട്ടോക്കോള്‍ ലംഘനമാവുമെന്നു കരുതിയാണ് ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, ഗവര്‍ണറെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റ് ഒരു ഘട്ടത്തില്‍ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സ്പീക്കറുടെ ക്ഷമാപണ കത്ത്.