പടലപ്പിണക്കവും ഭിന്നതയും മറനീക്കി പുറത്ത്; കേരള രഞ്ജി ടീം കോച്ച് ബാലചന്ദ്രന് സ്ഥാനചലനം

ബൗളിംഗ് പരിശീലകൻ കൂടിയായ മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ മുഖ്യപരിശീലകനാകും.

പടലപ്പിണക്കവും ഭിന്നതയും മറനീക്കി പുറത്ത്; കേരള രഞ്ജി ടീം കോച്ച് ബാലചന്ദ്രന് സ്ഥാനചലനം

തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ പടലപ്പിണക്കങ്ങളും ആശയഭിന്നതയും മറനീക്കി പുറത്ത്. കളത്തിന് പുറത്തെ കളിയിൽ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകന് സ്ഥാനചലനം. രഞ്ജി ട്രോഫി ടൂർണമെന്റ് നടക്കുന്നതിനിടെയാണ് വിവാദങ്ങളും സ്ഥാനമാറ്റവും എന്നതാണ് ഏറെ ശ്രദ്ധേയം.
പ്രാഥമിക റൗണ്ടിലെ ഒമ്പത് മത്സരങ്ങളിൽ അഞ്ചു മത്സരങ്ങൾ പിന്നിട്ടപ്പോഴാണ് കോച്ചും മുൻ രഞ്ജി താരവുമായ പി. ബാലചന്ദ്രനെ മാറ്റിപ്രതിഷ്ഠിക്കുന്നത്. പകരം ബൗളിംഗ് പരിശീലകൻ കൂടിയായ മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ മുഖ്യപരിശീലകനാകും.

ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന കാരണം ഉന്നയിച്ചാണ് ബാലചന്ദ്രനെ മാറ്റുന്നതെങ്കിലും ഏറെക്കാലമായി ടീം മാനേജ്‌മെന്റുമായി നിലനിൽക്കുന്ന അസ്വാരസ്യമാണ് മാറ്റത്തിലേക്ക് വഴിതെളിച്ചതെന്നാണ് അണിയറ വർത്തമാനം. കഴിഞ്ഞ വർഷവും ബാലചന്ദ്രൻ തന്നെയായിരുന്നു ടീമിന്റെ പരിശീലകൻ. ആ സമയത്തും അസ്വാരസ്യം നിലനിന്നിരുന്നു. അക്കാര്യമെല്ലാം പരിഹരിച്ച ശേഷമാണ് പുതിയ സീസനിലും ബാലചന്ദ്രന് ചുമതല നൽകിയെങ്കിലും വീണ്ടും ഭിന്നത മറനീക്കി പുറത്തുവരികയാണ്.
പുതിയ സീസണിൽ സി ഗ്രൂപ്പിൽ കളിക്കുന്ന കേരളത്തിന് അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും കൈയെത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ല. നാലു മത്സരങ്ങൾ സമനിലയായപ്പോൾ ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു. നാലു മത്സരങ്ങളിലും ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പോയിന്റ് വീതം ടീമിന് നേടാനായത്. 12 പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്താണ് പട്ടികയിൽ. എന്നാൽ ഇക്കാര്യം മാത്രമല്ല, കോച്ചുമായുള്ള മറ്റു അഭിപ്രായവ്യത്യാസങ്ങളും നടപടിയിൽ കലാശിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നു. ടീം തീരുമാനിക്കുന്നതിൽ കോച്ച് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നു തുടങ്ങിയ അഭിപ്രായഭിന്നതകളും ചിലർ ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ടീമിൽ നിന്നും നിഖിലേഷ് സുരേന്ദ്രൻ, മനു കൃഷ്ണൻ, നിതീഷ്, റോബർട്ട് ഫെർണ്ണാണ്ടസ് എന്നിവരെ ഒഴിവാക്കിയതായി അറിയുന്നു. സി.കെ. നായിഡു ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ 23 വയസിന് താഴെയുള്ളവരുടെ ടീമിൽ അംഗങ്ങളായവരെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന ചില സൂചനകളുമുണ്ട്. അടുത്ത ഞായറാഴ്ച മുതൽ ശക്തരായ മുംബൈയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത രഞ്ജി മത്സരം.
എന്നാൽ ടീമിന്റെ പ്രകടനം മോശമല്ലെന്നും അഞ്ചു കളിയിൽ നിന്നും 12 പോയിന്റ് നേട്ടം മികച്ച പ്രകടനം തന്നെയാണെന്ന് പി. ബാലചന്ദ്രൻ വ്യക്തമാക്കുന്നു. ശക്തരായ ഹിമാചലിനും ഹരിയാനയ്ക്കും എതിരെയുള്ള മത്സരങ്ങൾ കഴിഞ്ഞ ശേഷമുള്ള മത്സരങ്ങൾ വിജയിച്ച് മുന്നേറാൻ കഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. വിവാദവും കോച്ചിന്റെയും കളിക്കാരുടെയും സ്ഥാനചലനവും സീസനിലെ വരുംമത്സരങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

Read More >>