കപട ദിവ്യന്‍മാര്‍ക്ക് കാണിക്കയിടുന്ന കേരളം

എന്തിനും ഏതിനും ജ്യോത്സ്യരുടെയും സിദ്ധന്‍മാരുടെയും ആശ്രമം തേടിപ്പോകുന്നതിൽ മലയാളി മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസും ഉയര്‍ന്ന ജോലിയും ജാതീയമായ മേല്‍ക്കോയ്മയുടെ പത്രാസുമൊക്കെ അളവില്‍കൂടുതല്‍ കാണിക്കുന്ന മധ്യവർഗ കുടുംബങ്ങളിലാണ് അനാചാരങ്ങള്‍ വര്‍ധിച്ച തോതിൽ കാണുന്നത്.

കപട ദിവ്യന്‍മാര്‍ക്ക് കാണിക്കയിടുന്ന കേരളം

ഓരോതവണയും ജോലിക്കയറ്റം ലഭ്യമാകേണ്ട സമയത്ത് കപ്പിനും ചുണ്ടിനും ഇടയില്‍ വഴുതി പോയിക്കൊണ്ടിരുന്നു. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകന്‍കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിഷമം അങ്ങനെ ഇരട്ടിച്ചു. ഒടുവില്‍ അത്യവാശ്യം അന്ധവിശ്വാസമൊക്കെയുള്ള ഭാര്യ അദേഹത്തെ ഉപദേശിച്ചു. തല്‍ക്കാലം കമ്മ്യൂണിസമൊക്കെ മാറ്റിവച്ച് അദേഹം ജോത്സ്യനെ പോയി കണ്ടു. കന്നിമൂലയില്‍ കിടപ്പുമുറിയായതിനാല്‍ വീടു മാറ്റിപ്പണിയണം. മറ്റു പ്രതിവിധിയൊന്നും കാണുന്നില്ലെന്നും പറഞ്ഞു ജ്യോത്സന്‍ കൈമലര്‍ത്തി. ഒപ്പം ദക്ഷിണവാങ്ങി പോക്കറ്റിലിടുകയും ചെയ്തു. കിടപ്പുമുറി മാറ്റി പണിതു. വീടൊരു ക്ഷേത്രം പോലെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തു. അങ്ങനെ കോഴിക്കോട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശുക്രദശ തെളിഞ്ഞെന്നാണ് സഹപ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.


കൊല്ലത്തേക്കെത്തിക്കഴിഞ്ഞാല്‍ സമാനമായ മറ്റൊരു സംഭവമാണുള്ളത്. അധ്യാപക ദമ്പതികള്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍. രണ്ടുപേരും നന്നായി പഠിക്കും. മൂത്തവള്‍ എസ്എസ്എല്‍സിയാണ്. അവള്‍ക്ക് കൂടിയ മാര്‍ക്കില്‍ എ പ്ലസ് കിട്ടുമെന്നതില്‍ കുറഞ്ഞൊരു സംശയമേ മാതാപിതാക്കള്‍ക്കില്ലായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പേടേണ്ടി വന്നു. ആ പ്രദേശത്തെ സകലമാനം ക്ഷേത്രങ്ങളിലും പരീക്ഷയ്ക്കു മുമ്പ് മകളുടെ പേരും നക്ഷത്രവും പറഞ്ഞ് വഴിപാട് കഴിച്ചത് വെറുതെയായി. ഒടുവില്‍ സ്ഥലത്തെ പ്രധാന ദിവ്യനെപ്പോയിക്കണ്ടു. അതും ദോഷം വീടിന് തന്നെ. വടക്കുഭാഗത്തേക്ക് മുഖം തിരിച്ചാണ് വീട് നില്‍ക്കുന്നതിനാല്‍ അതു  വാസ്തുശാസ്ത്ര വിരുദ്ധമെന്നൊക്കെ ദിവ്യന്‍ തട്ടിവിട്ടു. കയ്യില്‍ അത്യാവശ്യം ചെമ്പുള്ളതിനാല്‍ വീടിന്റെ മുഖം കിഴക്കോട്ട് തിരിച്ച് ' ദോഷം' അകറ്റി.

വയനാട്ടിലെത്തിയാല്‍ ഏതു പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയായി വെള്ളത്തില്‍ ഊതിക്കൊടുക്കുന്ന എരുമക്കൊല്ലി മുസ്ല്യാരുള്ളതിനാല്‍ പിന്നൊന്നും പേടിക്കണ്ട. വെള്ളത്തില്‍ ഊതിയും തുപ്പിയും മുസ്ല്യാര്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍. രാഷ്ട്രീയ നേതാക്കന്‍മാര്‍ പോലും ഇവിടെ സന്ദര്‍ശകരാണ്. ഈയുള്ളവന്‍ വയനാട്ടില്‍ ജോലി ചെയ്യുന്ന കാലത്ത് ചുണ്ടേലില്‍ സര്‍പ്പദോഷം മാറ്റാന്‍ യുവതിയെ പൂര്‍ണ്ണനഗ്നയാക്കി പൂജ നടത്താനുള്ള സ്ഥലത്തെ പേരുകേട്ട ആ'സാമി' പ്രിസ്‌ക്രിബ്ഷന്‍ കൊടുത്തതോര്‍മ്മയുണ്ട്. മാതാപിതാക്കള്‍ക്ക് സര്‍പ്പ പൂജയോട് താല്‍പര്യമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഇത് എതിര്‍ത്തത്തോടെ പൂജ നടന്നില്ലെന്നാണ് അറിവ്. പൂര്‍വാശ്രമത്തില്‍ തട്ടിപ്പും വെട്ടിപ്പുമായി നടന്ന പലരും ദിവ്യവേഷം കെട്ടി അരുളപ്പാട് നടത്തുമ്പോള്‍ തലവച്ചു കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രബുദ്ധ മലയാളികള്‍.

കേരളം എങ്ങോട്ട്?

സാക്ഷരകേരളം പതിനെട്ടാം നൂറ്റാണ്ടിലേക്ക് അതിവേഗം തിരിഞ്ഞു നടക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് മേല്‍ സൂചിപ്പിച്ച സംഭവങ്ങളുടെ ബാക്കിപത്രം. ഇന്റലക്ച്വലായ സൊസൈറ്റിയെന്ന് കേരളത്തെ പുകഴ്ത്തിപ്പാടുന്നവര്‍ക്ക് മുമ്പില്‍ പലപ്പോഴും സാംസ്‌കാരിക കേരളം ലജ്ജയോടെ തലതാഴ്ത്തുകയായിരുന്നു. അന്ധവിശ്വാസം അടിമുടി ഗ്രസിച്ചൊരു സമൂഹമായി കേരളം മാറുമ്പോള്‍ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ അഞ്ചു ബാങ്കിന് വേണ്ടി കാത്തിരിക്കണമെന്ന് പറഞ്ഞ ഹൈദ്രോസ് തങ്ങള്‍മാര്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.

അടിസ്ഥാനപരമായി ഹൈന്ദവ സമുദായത്തില്‍ ഇന്നു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നാലിലൊന്നേ മറ്റു സെമറ്റിക് മത വിഭാഗങ്ങളില്‍ കാണാന്‍ കഴിയുകയുള്ളു. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി അമൃതാനന്ദമായിയുടെ കാല്‍ക്കല്‍ വീഴുന്ന ഭക്തരാല്‍ സമ്പന്നമാണല്ലൊ കേരളം. അന്ധവിശ്വാസങ്ങളുടെ അനാചാരങ്ങളുടെയും വാരിക്കുഴിയില്‍ വീണൊരു തലമുറയുടെ അബദ്ധ സഞ്ചാരങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ആത്മീയ നാടകങ്ങള്‍. ചേരിപ്രദേശങ്ങളിലും തീരദേശ മേഖലയിലുമൊക്കെ കഴിയുന്ന ദളിത് വിഭാഗങ്ങള്‍ക്കിടയിലാണ് അന്ധവിശ്വാസികള്‍ കൂടുതലായുള്ളതെന്നാണ് പൊതുവെ സംസാരം. ചെറിയ ഉറുക്കുകെട്ടലും നൂല്‍ ഊതലും അരിയും മുളകും ഊതലുമൊക്കെയേ ഇവിടെ കാണാനുള്ളു. മധ്യവര്‍ഗ ബ്രാഹ്മണ-നായര്‍ കുടുംബങ്ങളിലാകട്ടെ ഇത്തരം അനാചാരങ്ങള്‍ വര്‍ധിച്ച തോതില്‍ത്തന്നെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
എന്തിനും ഏതിനും ജ്യോത്സ്യരുടെയും സിദ്ധന്‍മാരുടെയും ആശ്രമം തേടിപ്പോകുന്നതിലേക്ക് മലയാളി മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസും ഉയര്‍ന്ന ജോലിയും ജാതീയമായ മേല്‍ക്കോയ്മയുടെ പത്രാസുമൊക്കെ അളവില്‍കൂടുതല്‍ കാണിക്കുന്ന മധ്യവർഗ കുടുംബങ്ങളിലാണ് അനാചാരങ്ങള്‍ വര്‍ധിച്ചിട്ടുള്ളത്. കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നതിന് ബാങ്കു വിളിക്കണമെന്ന് പറയുന്ന ഹൈദ്രോസ് തങ്ങളെക്കാള്‍ അപകടകാരികളായ സിദ്ധന്‍മാര്‍ക്ക് യാതൊരു പഞ്ഞവുമില്ല കേരളത്തില്‍. രാജ്യം കണ്ടതന്നെ ഏറ്റവും വലിയ ആള്‍ദൈവം അമൃതാനന്ദമയീയുടെ ആശ്രമത്തില്‍ ദുരൂഹമരണങ്ങള്‍ വര്‍ധിച്ചപ്പോള്‍ ചെറുവിരലനക്കാന്‍ കഴിയാത്ത ഭരണകൂടമാണ് ഹൈദ്രോസ് തങ്ങളെപ്പോലുള്ള ചെറുമീനുകളെ വലയിലാക്കി ആത്മരതിയടയുന്നത്.

അമൃതാനന്ദമയീ മഠത്തില്‍ സത്‌നം സിംഗിന്റെയുള്‍പ്പെടെയുള്ള മരണം മറന്നാണ് നാം ഹൈദ്രോസ് തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ മുറവിളികൂട്ടുന്നത്. എല്ലാം വെട്ടിപ്പിടിക്കണമെന്നും നേടിയതെല്ലാം നിലനിര്‍ത്തണമെന്നുമൊക്കെയുള്ള ചിന്തകളില്‍ നിന്നാണ് ആള്‍ ദൈവങ്ങളെ കൂട്ടുപിടിക്കാന്‍ മലയാളി ഉപബോധ മനസ്സ് വെമ്പല്‍കൊണ്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ചെറുതും വലുതുമായ മന്ത്രവാദ കേന്ദ്രങ്ങള്‍ മുളച്ചുപൊങ്ങിയപ്പോള്‍ ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റമഡീസ് ആക്ട് പോലും മറന്ന ഭരണകൂടമാണ് സമൂഹത്തെ യുക്തിപരമായി ചലിപ്പിക്കാനാകാതെ ഊര്‍ധ്വന്‍ വലിക്കുന്നത്.

കൈത്തണ്ടയില്‍ ചരടിന്റെ എണ്ണം കൂടുകയും പേരില്‍ ജാതിവാല്‍ അലങ്കാരമാകുകയും ചെയ്യുന്ന കാലത്ത് അനാചാരങ്ങള്‍ വിശ്വാസങ്ങളായി കടന്നുവരികതന്നെ ചെയ്യും. കലിയുഗത്തിലെ കാല്‍പ്പനികത അങ്ങനെയാണ്. മാറേണ്ടത് മലയാളിയാണ്. യുക്തിഭദ്രമായ കാഴ്ച്ചപ്പാടിലേക്ക് തിരിച്ചുവരാത്ത പക്ഷം കേരളം ഇങ്ങനെയൊക്കെതന്നെയായിരിക്കും.

ഇടതുപക്ഷത്തെ അരാഷ്ട്രീയ വാദങ്ങള്‍

സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വി ടി ഭട്ടതിരിപ്പാട്, ഇഎംസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ കാലഘട്ടങ്ങളാണ് പലപ്പോഴും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായി പരിണമിച്ചത്. ക്ഷേത്രപ്രവേശന വിളംബരവും മാറുമറക്കല്‍ സമരവും ചാന്നാര്‍ ലഹളയുമൊക്കെ കേരള ചരിത്രത്തെ ചൈതന്യവത്കരിച്ച സംഭവങ്ങളായിരുന്നു. പിന്നീടങ്ങോട്ട് കേരളം നടന്നത് നാവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ടായിരുന്നു. 80കളുടെ തുടക്കം മുതല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പത്തിവിടര്‍ത്തിത്തുടങ്ങി.

ഇടതുപക്ഷത്തുള്ള വലതുപക്ഷ വ്യതിയാനത്തിന്റെ സൂചനകളായിരുന്നു പിന്നീടുണ്ടായ കേരത്തിന്റെ അന്ധവിശ്വാസ വഴികള്‍. തെരുവ് നാടകങ്ങളും പന്തംകുളത്തി പ്രകടങ്ങളും അനാചാരങ്ങള്‍ക്കെതിരായുള്ള സാംസ്‌കാരിക സദസ്സുകളുമൊക്കെയായി ഇടതുപക്ഷം നിലയുറപ്പിച്ച വഴികളെല്ലാം ഇപ്പോള്‍ ശൂന്യമാണ്. അന്ധവിശ്വാസത്തിന്റെ ദുര്‍ഭൂതങ്ങളെ തുറന്നുകാട്ടിയ ശാസ്ത്ര സാഹിത്യപരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇന്നെവിടെയെത്തി നില്‍ക്കുന്നെന്ന് കൂടി പരിശോധിക്കാവുന്നതാണ്.

ജൈവപച്ചക്കറികൃഷിയും ജനകീയാസൂത്രണപ്രവര്‍ത്തനങ്ങളും നടപ്പാക്കാനുള്ള കണ്‍സള്‍ട്ടിംഗ് ഏജന്‍സിയാക്കി പരിഷത്തിനെ മാറ്റി നിര്‍ത്തപ്പെട്ടതിന് പിന്നില്‍ സിപിഐഎമ്മിന്റെ പങ്ക് വളരെ വലുതായിരുന്നു. പി ഗോവിന്ദപിള്ളയുടെ നാടായ പുല്ലുവഴി ഒരുകാലത്ത് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായിരുന്നു. 60 കളുടെ ആദ്യപകുതിയില്‍ ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. പുരോഗമനമായി ചിന്തിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ആരാധാനാലയമായത് പ്രദേശത്തെ എണ്ണിയാലൊടുങ്ങാതെ പുസ്തകങ്ങളുള്ള വായനശാലയായിരുന്നു.

പകല്‍ കോണ്‍ഗ്രസായിരുന്നവരൊക്കെ രാത്രിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച മനോഹരമായ കാലം. ഇന്നവിടെയുണ്ടായ മാറ്റങ്ങള്‍ ഓരോ കേരളീയനെയും ഞെട്ടിക്കുന്നതാണ്. എങ്ങോട്ട് തിരിഞ്ഞാലും സിപിഐഎമ്മുകാരും സിപിഐക്കാരും. പക്ഷേ രാത്രിയില്‍ പലരും സംഘ് പരിവാറിന്റെ കുപ്പായമിടുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. വായനശാലയെക്കാള്‍ കൂടുതല്‍ പ്രാധാന്യം ക്ഷേത്ര സന്ദര്‍ശനത്തിന് മാറ്റിവെയ്ക്കുന്ന പുരുഷ കേസരികളാണിന്നവിടുത്തെ ഇപ്പോഴത്തെ കാഴ്ച്ച. കേരളത്തിന് അഞ്ചു പതിറ്റാണ്ടിനിടെയുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് പുല്ലുവഴിയെന്ന് തന്നെ വിശേഷിപ്പിക്കാം. അരാഷ്ട്രീയവത്ക്കരിക്കപ്പെട്ട ക്യാമ്പസുകളും ഇടതുപക്ഷ സംഘടനകളും എന്താണ് കേരളത്തില്‍ ചെയ്യുന്നതെന്ന് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുന്നു.

അകത്തേയ്ക്ക് കയറിയ അനാചാരങ്ങള്‍

തൊണ്ണൂറുകളുടെ ആദ്യപകുതി മുതല്‍ തന്നെ മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങിയിരുന്നു. യുക്തിഭദ്രമായ ജീവിത സാഹചര്യങ്ങളെ ദൃശ്യവത്കരിച്ച എംടി വാസുദേവന്‍ നായരും ഐവി ശശിയുമൊക്കെ പുതിയ ട്രാക്കിലൂടെ സഞ്ചരിക്കുന്ന കാലം. മംഗലശേരി നീലകണ്ഠനും പൂമുള്ളി ഇന്ദുചൂടനും വല്യേട്ടന്‍ മാധവമുണ്ണിയും ജഗനാഥനുമൊക്കെ മലയാള സിനിമയുടെ ഹീറോയിസത്തിന്റെ നെടുനായകത്വത്തിലേക്ക് ഉയര്‍ന്ന കാലഘട്ടം. ജ്യോത്സ്യനും ആള്‍ ദൈവങ്ങളും അനാചാരങ്ങളുമൊക്കെ സിനിമകളിലൂടെ തിരിച്ചു വന്നുകൊണ്ടിരുന്നു.

യുക്തിഹീനവും ഉള്‍ക്കരുത്തില്ലാത്തതുമായ തിരക്കഥകളില്‍ നിന്ന് സിനിമ പിറവിയെടുത്തപ്പോള്‍ എന്തിനധികം പറയുന്നു ഗുരുവായൂരപ്പന്‍പോലും കേരളത്തിലെത്തി. മഹാഭാരതവും രാമായണവും കാത്ത് ഓരോ ആഴ്ച്ചയിലും ടെലിവിഷന് മുന്നില്‍ കാത്തിരുന്നിട്ടും അക്കാലത്ത് അത് മലയാളിയെ കാര്യമായൊന്നും സ്വാധീനിച്ചില്ലെന്നു തന്നെ വേണം പറയാന്‍. അതേസമയം നന്ദനം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളിയുടെ യുക്തിചിന്തയെ മാറ്റിമറിക്കാന്‍ രഞ്ജിത്തിനെപ്പോലെ മികച്ചൊരു സംവിധായകന് കഴിഞ്ഞു.

മന്ത്രവാദവും ഉറുക്കുകെട്ടലും പൂജിച്ച ഭസ്മം കിടപ്പുമുറിയില്‍ വിതറി ഭര്‍ത്താവിനെ നേര്‍വഴിക്ക് നടത്തിയുമൊക്കെ മലയാളത്തിലെ കണ്ണീര്‍ സീരിയലുകള്‍ വീട്ടമ്മാരെ ഭക്തിയുടെയും അനാചാരത്തിന്റെയും പടുകുഴിയിലേക്ക് തള്ളിയിട്ടു. മദ്യപാനത്തേക്കാള്‍ വലിയൊരു അഡിക്ഷനായി കണ്ണീര്‍ പരമ്പരകള്‍ മാറിയപ്പോള്‍ മലയാളിയുടെ ഭക്തി ദൈവത്തിനപ്പുറം ആള്‍ദൈവത്തിലേക്ക് സഞ്ചരിച്ചു.മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലാണ് ഇത് കൂടുതല്‍ വേരോടിയത്.

പൂമുഖത്ത് ഓന്നോ രണ്ടോ ദേവന്‍മാരുടെ ചിത്രങ്ങളായിരുന്നു ഹൈന്ദവ തറവാടുകളില്‍ ആദ്യകാലങ്ങളില്‍ കാണാന്‍ കഴിഞ്ഞതെങ്കില്‍ ഇപ്പോഴാകട്ടെ വീടിന് സ്‌കെച്ചും പ്ലാനും തയ്യാറക്കുമ്പോള്‍ത്തന്നെ ദൈവത്തിനൊരു മുറി വേണമെന്ന നിര്‍ബന്ധത്തിലേക്ക് മാറി.

ഈ ചിത്രം ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നത് നടക്കുമെന്ന് കാണിച്ച് സോഷ്യല്‍മീഡിയയില്‍ ഒരു സര്‍പ്പക്കാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. നൂറുക്കണക്കിന് ഷെയറുകളും ലൈക്കുകളുംകൊണ്ടിത് നിറഞ്ഞു.

സമകാലിക വിഷയത്തിനപ്പുറം ദൈവചിന്തയും പടച്ചോന്റെ മഹത്വവും പതിക്കുന്ന മതിലുകളായി പലപ്പോഴും ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയയും ഉപയോഗിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയും ചെയ്യുന്നു.

ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത വിശ്വാസം പലപ്പോഴും ദുരൂപയോഗം ചെയ്യപ്പെട്ട് അന്തവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും കാടുകയറുമ്പോഴാണ് സ്വര്‍ഗത്തില്‍ നിന്ന് വരുന്ന പത്തിരിയും യേശുക്രിസ്തുവിനെക്കണ്ട് സായൂജ്യമടഞ്ഞ വിശ്വാസിയും മഴത്തുള്ളി പടച്ചോന്റെ കൃപകൊണ്ട് ഭാരംകുറയുന്നത് പോലുള്ള ഹിമാലയന്‍ മണ്ടത്തരങ്ങളുമായി മതപുരോഹിതന്‍മാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇത്തരം സംഭവങ്ങളില്‍ ആത്മീയ നേതൃത്വങ്ങളുടെ അര്‍ഥഗര്‍ഭമായ മൗനമാണ് ദൂരൂഹതയുയര്‍ത്തുന്നത്