കേരളത്തിലെ സ്‌കൂളുകളിൽ ഇനി 'ഹരിത മര്യാദ'; കുട്ടികളെ അണി നിരത്തി അതിഥികളെ സ്വീകരിക്കരുതെന്നും നിർദേശം

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബാനർ, കൊടിതോരണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണെന്നും കുടിവെള്ളം നൽകാൻ പ്ലാസ്റ്റിക് ഗ്ലാസ്സിനുപകരം സ്റ്റീൽ ഗ്ലാസോ ചില്ലു ഗ്ലാസോ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിലെ സ്‌കൂളുകളിൽ ഇനി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ഇനി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാദ്യാസ അഡീഷണൽ ഡയറക്ടർ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു.

'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പരിപാടിയുടെ ഉദ്ഘാടനം നവംബർ പത്തിന് നിർവഹിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് വന്നിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബാനർ, കൊടിതോരണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണെന്നും കുടിവെള്ളം നൽകാൻ പ്ലാസ്റ്റിക് ഗ്ലാസ്സിനുപകരം സ്റ്റീൽ ഗ്ലാസോ ചില്ലു ഗ്ലാസോ നൽകണമെന്നും ഉത്തരവിൽ പറയുന്നു. പേപ്പർ ഗ്ളാസുകളിൽ പ്ലാസ്റ്റിക് ആവരണം ഉണ്ടെങ്കിൽ അവ ഒഴിവാക്കണം. അതിഥികൾക്ക് നൽകുന്ന പൂവുകൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു പൊതിയരുതെന്നും പൊതുവേദിയിൽ അതിഥികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യരുതെന്നും നിർദേശമുണ്ട്.


കുട്ടികളെ അണിനിരത്തി അതിഥികളെ സ്വീകരിക്കരുത് എന്നതാണ് ഉത്തരവിലെ ശ്രദ്ധേയമായ കാര്യം. മണിക്കൂറുകളോളം താലപ്പൊലിയും മറ്റും ഏന്തി അതിഥികളെ കാത്തിരിക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ നേരത്തെതന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുട്ടികളെക്കൊണ്ട് താലപ്പൊലിയും മറ്റും എടുപ്പിക്കുന്നതു സംബന്ധിച്ച് നേരത്തെ തന്നെ ചില നിർദേശങ്ങൾ ഉണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്‌. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിലവിൽ നടന്നുവരുന്ന സ്‌കൂൾ കലോത്സവങ്ങളും 'ഗ്രീൻ പ്രോട്ടോക്കോൾ' പ്രകാരം നടത്തേണ്ടി വരും.