കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ദരിദ്രരുടെ ആശ്രയ കേന്ദ്രങ്ങളെന്ന് റിസർവ് ബാങ്ക് പഠനം; അവ തകർന്നാൽ ദരിദ്രർക്കിടയിൽ പിടിമുറുക്കുന്നത് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ 

സഹകരണ സ്ഥാപനങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിൽ പൂർണമായും സ്വകാര്യപണമിടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്കു ദരിദ്രവിഭാഗങ്ങൾ ചെന്നെത്തുമെന്ന് പഠനസംഘത്തിൽ അംഗമായിരുന്ന സിഎസ്ഇഎസ് ഡയറക്ടർ ഡോ. എൻ. അജിത് കുമാർ നാരദാ ന്യൂസിനോടു പറഞ്ഞു.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ദരിദ്രരുടെ ആശ്രയ കേന്ദ്രങ്ങളെന്ന് റിസർവ് ബാങ്ക് പഠനം; അവ തകർന്നാൽ ദരിദ്രർക്കിടയിൽ പിടിമുറുക്കുന്നത് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ 

സാമ്പത്തികാവശ്യങ്ങള്‍ക്ക് കേരളത്തിലെ ദരിദ്രരിലേറെയും പ്രധാനമായും ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്ന് റിസർവ് ബാങ്ക് പഠനം. അയൽപക്ക സ്ഥാപനങ്ങളെന്ന അടുപ്പത്തോടെയാണ് സഹകരണ ബാങ്കുകളെ പാവപ്പെട്ടവർ സമീപിക്കുന്നതെന്നും മുഖ്യധാരാ ബാങ്കുകളോട് ഈ മനോഭാവമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്കും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയമെന്റല്‍ സ്റ്റഡീസും(സിഎസ്ഇഎസ്) ചേര്‍ന്ന് എറണാകുളം ജില്ലയിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്. സഹകരണ സ്ഥാപനങ്ങൾക്കു പുറമെ സ്വയം സഹായ സംഘങ്ങളെയും സ്വകാര്യ പണമിടപാടുകാരെയുമാണ് ദരിദ്രർ ആശ്രയിക്കുന്നത്. ഇവയ്ക്കു പിന്നിലാണ് വാണിജ്യ ബാങ്കുകളുടെ സ്ഥാനം.


സഹകരണ സ്ഥാപനങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിൽ പൂർണമായും സ്വകാര്യപണമിടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്കു ദരിദ്രവിഭാഗങ്ങൾ ചെന്നെത്തുമെന്ന് പഠനസംഘത്തിൽ അംഗമായിരുന്ന സിഎസ്ഇഎസ് ഡയറക്ടർ ഡോ. എൻ. അജിത് കുമാർ നാരദാന്യൂസിനോടു പറഞ്ഞു. താരതമ്യേനെ ചെറിയ സാമ്പത്തിക ആവശ്യങ്ങൾക്കാണ് സ്വയം സഹായ സംഘങ്ങളെ സമീപിക്കുന്നത്. കൂടുതൽ ഉയർന്ന ആവശ്യങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയും ആശ്രയിക്കുന്നു. സഹകരണ സ്ഥാപനങ്ങൾ ഇല്ലാതായാൽ ദരിദ്രർക്കിടയിൽ സ്വകാര്യ പണമിടപാടുകാർ തഴച്ചു വളരുന്ന സാഹചര്യമുണ്ടാകും.

എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കും എന്നതാണ് സഹകരണസ്ഥാപനങ്ങളെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയും ദരിദ്രർക്കിടയിൽ ആകർഷകവും സ്വീകാര്യവുമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ദരിദ്രർക്കിടയിൽ അറുപതു ശതമാനത്തിലും സഹകരണസ്ഥാപനങ്ങളിൽ അംഗത്വമുണ്ട്. ദൈനംദിന ആവശ്യങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ദരിദ്രർ മാത്രമാണ്. കളളപ്പണക്കാരല്ല. സഹകരണ സ്ഥാപനങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിന്റെ ഇരകൾ ദരിദ്രർ മാത്രമാണെന്നും സിഎസ്ഇഎസ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി കോർപറേഷനിലും പളളിപ്പുറം, അസമാന്നൂർ, മണീട് പഞ്ചായത്തുകളിലും നിന്നായി 107 ദരിദ്ര കുടുംബങ്ങളുടെ ഒരു മാസത്തെ വരവു ചെലു കണക്കാണ് പഠനവിധേയമാക്കിയത്.
2013 ഏപ്രിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് റിസർവ് ബാങ്ക് വെബ് സൈറ്റിൽ ലഭ്യമാണ്.
 സഹകരണസ്ഥാപനങ്ങളെയും സ്വകാര്യ പണമിടപാടുകാരെയും സ്വയംസഹായ സംഘങ്ങളെയും പല സാമ്പത്തിക ആവശ്യങ്ങൾക്കും സമീപിച്ച ഇവരിലാരും ഇക്കാലളവിൽ ഒരിക്കൽപ്പോലും വാണിജ്യ ബാങ്കുകളെ സമീപിച്ചിട്ടില്ല എന്ന കാര്യം പഠനത്തിൽ എടുത്തു പറയുന്നുണ്ട്.

പാവപ്പെട്ടവര്‍ക്ക് ആവശ്യമുള്ള സമയത്ത് കടം നല്‍കുന്ന കാര്യത്തില്‍ വാണിജ്യബാങ്കുകളുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പണത്തിന് ആവശ്യം വരുമ്പോള്‍ വാണിജ്യബാങ്കുകളെ ആശ്രയിക്കു രീതി ദരിദ്രര്‍ക്കിടയില്‍ കാര്യമായില്ല. സ്വര്‍ണപണയത്തിന് ബാങ്കുകളില്‍ പലിശ കുറവാണ്. എന്നാല്‍ കൂടുതല്‍ പലിശയുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയാണ് പാവപ്പെട്ടവര്‍ സ്വര്‍ണ്ണപ്പണയത്തിന് സമീപിക്കുന്നത്.

പലിശ മാത്രമല്ല ഇതിനു കാരണം എന്ന് വ്യക്തമാണ്. പെട്ടെന്നു പണം ലഭിക്കുമോ എന്നു മാത്രമേ പാവപ്പെട്ടവർ കണക്കിലെടുക്കുന്നുളളൂ. ഇക്കാര്യത്തില്‍ സഹകരണ സ്ഥാപനങ്ങളും സ്വകാര്യ പണമിടപാടുകാരും വാണിജ്യബാങ്കുകളേക്കാള്‍ മികച്ച സേവനമാണ് നൽകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Read More >>