വിജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ; എതിരാളി പൂനെ സിറ്റി

ബ്ലാസ്റ്റേഴ്‌സും പൂനെയും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണവും ജയിച്ചത് കേരളം ആണെന്ന ചരിത്രം സ്റ്റീവ് കോപ്പലിന്റെ കുട്ടികൾക്ക് ശക്തി പകരും.

വിജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ; എതിരാളി പൂനെ സിറ്റി

കൊച്ചി: എവേ മത്സരത്തിൽ മുംബൈയോട് ടൂർണമെന്റിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ പൂനെ സിറ്റിയെ നേരിടും. സെമിഫൈനൽ സാദ്ധ്യത നിലനിറുത്താൻ ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം ഇരുടീമുകൾക്കും ഒരു പോലെ നിർണ്ണായകമാണ്.
ഐ.എസ്.എൽ ആദ്യ സീസനിലെ റണ്ണർ അപ്പുകളായിരുന്ന മഞ്ഞപ്പട 11 മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി അഞ്ചാംസ്ഥാനത്താണിപ്പോൾ. പൂനെ സിറ്റിക്ക് 12 മത്സരങ്ങളിൽ നിന്ന് 15 പോയിന്റേയുള്ളൂവെങ്കിലും ഗോൾ ശരാശരി മികവിൽ നാലാം സ്ഥാനത്താണ്. കേരളത്തിന്റെ ഗോൾ ശരാശരി നാലാണെങ്കിൽ പൂനെ സിറ്റിയുടേത് രണ്ടാണ്. ഇന്ന് സ്വന്തം തട്ടകത്തിൽ പൂനെക്കെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുപോക്കിന് ജയം മാത്രം പോരാ, അത് മികച്ച മാർജിനിൽ ആകുകയും വേണം.

കഴിഞ്ഞ മത്സരത്തിൽ ഫോർലാന്റെ ഹാട്രിക്കിൽ മുംബൈ സിറ്റി എഫ്.സി, യെല്ലോ ബ്രിഗേഡ്‌സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചതാണ് കേരളത്തെ ഗോൾ ശരാശരിയിൽ പിറകിലാക്കിയത്. മാർക്വീ താരം ആരോൺ ഹ്യൂസ് ബ്‌ളാസ്റ്റേഴ്‌സ് നിരയിൽ തിരിച്ചെത്തുന്നതും കളി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്നതും മഞ്ഞപ്പടയ്ക്ക് തുണയാകും.
ഇതേസമയം, കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ക്ഷീണവുമായാണ് പൂനെ സിറ്റി എത്തുന്നത്. സീസനിലെ 12 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ പൂനെ വിജയിച്ചിരുന്നു. മൂന്നെണ്ണത്തിൽ സമനില നേടിയപ്പോൾ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടു.
ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം കഴിഞ്ഞാൽ അത്‌ലറ്റികോ ഡി കൊൽക്കത്തയുമായി മാത്രമാണ് ഒരു മത്സരം പൂനെ സിറ്റിക്ക് ശേഷിക്കുന്നത്. അതിനാൽ സെമി സാദ്ധ്യത നിലനിറുത്താൻ ഈ മത്സരത്തിൽ വിജയം കണ്ടെത്താൻ തന്നെയാകും പൂനെ ശ്രമിക്കുക. ഡിസംബർ രണ്ടിനാണ് പൂനെയുടെ അടുത്ത മത്സരം.
മൂന്നാം സീസനിൽ പൂനെയും ബ്‌ളാസ്റ്റേഴ്‌സും തമ്മിൽ നടക്കുന്ന രണ്ടാം മത്സരമാണിത്. പൂനെയിൽ നടന്ന ആദ്യ മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. കഴിഞ്ഞ അഞ്ചു മത്സരത്തിൽ മൂന്ന് മത്സരങ്ങളിലും പൂനെ വിജയിച്ചു എന്നതാണ് കേരള കോച്ച് സ്റ്റീവ് കോപ്പലിനെ ഭയപ്പെടുത്തുന്നത്. ഇതേസമയം ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. രണ്ടെണ്ണത്തിൽ തോൽക്കുകയും ഒരു മത്സരം സമനിലയാകുകയും ചെയ്തു. എന്നാൽ ഹോം ഗ്രൗണ്ടിലെ രണ്ട് മത്സരവും ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാനായി എന്നത് ഇന്ന് പൂനെക്കെതിരെ ആത്മവിശ്വാസം നൽകും.
ബ്ലാസ്റ്റേഴ്‌സും പൂനെയും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണവും ജയിച്ചത് കേരളം ആണെന്ന ചരിത്രം സ്റ്റീവ് കോപ്പലിന്റെ കുട്ടികൾക്ക് ശക്തി പകരും.

ഗോവയ്‌ക്കെതിരെ കൊൽക്കത്തയ്ക്ക് ജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി ഗോവയെ അത്‌ലറ്റികോ ഡി കൊൽക്കത്ത ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. വിജയത്തോടെ കൊൽക്കത്ത പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി.
28-ആം മിനുറ്റിൽ ബെലൻകോസോയും അവസാന മിനുറ്റിൽ സ്റ്റീവൻ പിയേഴ്‌സണുമാണ് കൊൽക്കത്തയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. 80-ആം മിനുറ്റിൽ മിനുറ്റിൽ മന്ദാർറാവു ദേശായി ഗോവയ്ക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തിയെങ്കിലും ഇൻജ്വറി ടൈമിൽ പിയേഴ്‌സന്റെ ഗോളിൽ കൊൽക്കത്ത വിജയം കൈയെത്തിപ്പിടിച്ചു. വിജയത്തോടെ കൊൽക്കത്തയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 18 പോയിന്റായി. 22 പോയിന്റുള്ള മുംബൈ ഒന്നാം സ്ഥാനത്ത്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമുള്ള ഗോവ ടൂർണമെന്റിന്റെ സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി.