ചെന്നൈയെ മുട്ടുകുത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത്; സി കെ വിനീതിന് ഇരട്ട ഗോൾ

85-ആം മിനുറ്റിലും 89-ആം മിനുറ്റിലും വിനീത് ഇരട്ട ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിന് വിജയം കൊണ്ടുവന്നതോടെ ഗാലറി ആഘോഷത്തിമിർപ്പിലായി. വിജയത്തോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

ചെന്നൈയെ മുട്ടുകുത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത്; സി കെ വിനീതിന് ഇരട്ട ഗോൾ

ഒരു ഗോളിന് പിറകിൽ നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മൂന്നടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് അയൽക്കാരായ ചെന്നൈയിൻ എഫ്.സിയെ മുട്ടുകുത്തിച്ചു. മലയാളി താരം സി.കെ. വിനീതിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് നിലവിലെ ചാമ്പ്യൻമാരെ 3-1 ന് കീഴടക്കിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിസാദ്ധ്യത സജീവമായി.
അത്യന്തം ആവേശകരമായ മത്സരത്തിന്റെ 22-ആം മിനുറ്റിൽ ബെർനാഡ് മെൻഡിയിലൂടെയാണ് ചെന്നൈയിൻ മുന്നിലെത്തിയത്. 66-ആം മിനുറ്റിൽ ദിദിയർ കാഡിയോയിലൂടെ ബ്‌ളാസ്റ്റേഴ്‌സ് ആദ്യ ഗോൾ മടക്കി. 85, 89 മിനുറ്റുകളിലായിരുന്നു വിനീതിന്റെ ഗോളുകൾ പിറന്നത്. ഗോവയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും വിനീതിന്റെ വകയായിരുന്നു വിജയഗോൾ. ചെന്നൈയിനെതിരായ വിജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി കേരളം പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.


ആദ്യ മിനുറ്റുകളിൽ കേരളം ചില പിഴവുകൾ വരുത്തി. അത് മുതലെടുക്കാൻ ചെന്നൈയിനും കഴിഞ്ഞു. ആദ്യ 20 മിനുറ്റ് കേരളത്തിന് ഒട്ടും അനുകൂലമായിരുന്നില്ല. ബെൽഫോർട്ടിന്റെ ചില മുന്നേറ്റങ്ങളൊഴിച്ചാൽ തീർത്തും ദുർബലമായിരുന്നു ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ്. 22-ആം മിനുറ്റിൽ അതിനുള്ള പിഴയും കേരളം സ്വീകരിച്ചു. റാഫേൽ അഗസ്റ്റൂസോ നൽകിയ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ബെർണാഡ് മെൻഡി തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം സന്ദേശ് ജിംഗാന്റെ കാലിൽത്തട്ടി വലയിൽ. തുടർന്നും മെൻഡി നിരവധിത്തവണ ബ്ലാസ്റ്റേഴസ് ഗോൾ മുഖത്തേക്ക് പന്തുമായെത്തി.

ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിനും ഒരവസരം ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈയിൻ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ.
മൈക്കൽ ചോപ്രയ്ക്ക് പകരം രണ്ടാം പകുതിയുടെ തുടക്കത്തിൽ ദിദിയർ കാഡിയോയെ മൈതാനത്തിറക്കിയ കോച്ച് സ്റ്റീവ് കോപ്പലിന്റെ തീരുമാനം ഫലം കണ്ടു. അന്റോണിയോ ജർമ്മനൊപ്പം കാഡിയോ കൂടി ചേർന്നതോടെ മുന്നേറ്റങ്ങൾക്ക് മൂർച്ചകൂടി. പിന്നീട് 66-ആം മിനുറ്റിൽ സമനില ഗോൾ പിറന്നു. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച അന്റോണിയോ ജർമ്മൻ നൽകിയ പാസ് കാഡിയോ ക്ലോസ് റേഞ്ചിൽ വച്ച് വലയ്ക്കുള്ളിലാക്കി.

സമനില പിടിച്ച ആവേശത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശഭരിതരായി. മുഹമ്മദ് റഫീഖിന് പകരം മലയാളി താരം റിനോ ആന്റോ കൂടി കളത്തിലെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിങ്ങിലൂടെയുള്ള ആക്രമണത്തിന് വേഗം കൂടി.
85-ആം മിനുറ്റിലും 89-ആം മിനുറ്റിലും വിനീത് ഇരട്ട ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിന് വിജയം കൊണ്ടുവന്നതോടെ ഗാലറി ആഘോഷത്തിമിർപ്പിലായി. വിജയത്തോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

Story by
Read More >>