കൊച്ചിയിലിന്ന് അയൽക്കാരുടെ തീപാറും പോരാട്ടം

12 പോയിന്റ് കൈവശമുള്ള കേരളത്തിന് ഈ മത്സരം കൂടി വിജയിച്ചാൽ പോയിന്റ് പട്ടികയിൽ മുന്നേറാനാകും

കൊച്ചിയിലിന്ന് അയൽക്കാരുടെ തീപാറും പോരാട്ടം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്.സിയും ഇന്ന് ഏറ്റുമുട്ടും. സെമി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റീവ് കോപ്പലിന്റെ മഞ്ഞപ്പട ഇന്ന് വൈകീട്ട് ഏഴിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. വൈകീട്ട് ഏഴിനാണ് മത്സരം.
ഒമ്പതു കളികളിൽ നിന്നും 12 പോയിന്റ് കൈവശമുള്ള കേരളത്തിന് ഈ മത്സരം കൂടി വിജയിച്ചാൽ പോയിന്റ് പട്ടികയിൽ മുന്നേറാനാകും. ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് കേരളം. എട്ടു മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുകളാണ് ചെന്നൈയിനുള്ളത്. കഴിഞ്ഞ സീസനിലെ ചാമ്പ്യൻമാർ കൂടിയായ ചെന്നൈയിൻ എഫ്.സി ഇപ്പോൾ ഏഴാം സ്ഥാനത്താണ്. സെമിസാദ്ധ്യത നിലനിറുത്താൻ മറ്റെരാസിയുടെ ടീമിന് വിജയം അനിവാര്യമാണ്.

മൂന്നാം സീസനിൽ ചെന്നൈയിൽ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു. ഗോവയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ അന്തിമ നിമിഷം ഗോൾ നേടി 2-1ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ദോഹയിൽ നടന്ന എ.എഫ്.സി കപ്പ് ഫൈനലിന് ശേഷം ബംഗളൂരു എഫ്.സിയിൽ നിന്നും സി.കെ. വിനീതും റിനോ ആന്റോയും ടീമിനൊപ്പം ചേർന്നത് കോച്ച് കോപ്പലിന് മുൻനിരയിലും പിൻനിരയിലും ആശ്വാസം പകരും.
കഴിഞ്ഞ മത്സരത്തിൽ ഇൻജ്വറി ടൈമിൽ വിജയഗോൾ നേടിയത് സി.കെ. വിനീതായിരുന്നു. ഇതേസമയം, വലതു വിങ്ങിലെ പ്രതിരോധ താരമായ റിനോയ്ക്ക് എവിടെ കോച്ച് ഇടം നൽകുമെന്നതാണ് എല്ലാവരും കൗതുകത്തോടെ നോക്കുന്നത്. റിനോ ടീമിൽ എത്തുന്നതോടെ കോസുവിനെ മദ്ധ്യനിരയിലേക്ക് മാറ്റി അവിടം ശക്തപ്പെടുത്താനായിരിക്കും കോച്ചിന്റെ തീരുമാനം.
ഇതേസമയം, ഡൽഹി ഡയനാമോസിനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റാൻ ചെന്നൈയിന് ഇന്ന് വിജയം മാത്രമാകും ലക്ഷ്യം. ഇരുടീമുകളും മൈതാനമദ്ധ്യത്ത് ഏറ്റുമുട്ടുമ്പോൾ മത്സരത്തിൽ തീപാറുമെന്ന് ഉറപ്പ്.
ഗോവൻ ജയം
ഐ.എസ്.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഗോവയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സീക്കോയുടെ ടീം ജയിച്ചത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം നോർത്ത് ഈസ്റ്റിനായി 50-ആം മിനുറ്റിൽ സെത്യാസെൻ സിങാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ 62-ആം മിനുറ്റിൽ റോബിൻ സിങും രണ്ടാം പകുതിയിൽ കളി അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള ഇൻജ്വറി ടൈമിൽ റോമിയോ ഫെർണാണ്ടസും ഗോൾ മടക്കിയാണ് വിജയം കൈയെത്തിപ്പിടിച്ചത്. 72-ആം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗോവൻ താരം സഹീൽ ടവോര പുറത്തേക്ക് പോയ ശേഷമാണ് ഗോവ തിരിച്ചടിച്ചതെന്നതും അവരുടെ വിജയമധുരം ഇരട്ടിപ്പിക്കുന്നു.

Read More >>