പൂനെയെ തോൽപ്പിച്ചു ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്

ജയത്തോടെ മൂന്നു പോയിന്റ് നേടി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനക്കാരായി. അടുത്ത രണ്ടു മത്സരങ്ങളിലും മികച്ച മാർജിനിൽ ജയിക്കാൻ കഴിഞ്ഞാൽ യെല്ലോ ബ്രിഗേഡ്‌സിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം.

പൂനെയെ തോൽപ്പിച്ചു ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്

കൊച്ചി: മുംബൈയോടേറ്റ ദയനീയ പരാജയത്തിന്റെ ക്ഷീണമകറ്റാൻ സ്വന്തം തട്ടകത്തിൽ പൂനെ സിറ്റിക്കെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ജയത്തോടെ മൂന്നു പോയിന്റ് നേടി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനക്കാരായി. അടുത്ത രണ്ടു മത്സരങ്ങളിലും മികച്ച മാർജിനിൽ ജയിക്കാൻ കഴിഞ്ഞാൽ യെല്ലോ ബ്രിഗേഡ്‌സിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം.

പൂനെയ്‌ക്കെതിരെയുള്ള മത്സരം ആരംഭിച്ചതു മുതൽ ആതിഥേയരായിരുന്നു കളത്തിൽ നിറഞ്ഞത്. ടീമിൽ തിരിച്ചെത്തിയ റാഫിക്കും ബെൽഫോർട്ടിനുമൊപ്പം ഡക്കൻസ് നാസണും വിനീതും ചേർന്നതോടെ മികച്ച മുന്നേറ്റങ്ങളുണ്ടായി. ഇതിന്റെ ഫലം പത്തു മിനുറ്റിനകം തന്നെ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. നാസൺ ആയിരുന്നു ആർത്തിരമ്പിയ ആരാധകർക്ക് വേണ്ടി ആദ്യഗോൾ പൂനെയുടെ വലയിൽ കയറ്റിയത്. ധർമ്മരാജ് രാവണന്റെ ബാക്ക് പാസ് തട്ടിയെടുത്ത് ബോക്സിനുള്ളിലെത്തിയ ശേഷം ഗൗർമാംഗിസിങ്ങിനെ കബളിപ്പിച്ച് നാസൺ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു.

ഇതിനിടെ നാസണ് മഞ്ഞക്കാർഡും കാണേണ്ടിവന്നു. ആഹ്ലാദം അതിരുകടന്നതാണ് കാരണം. ആഹ്ലാദ പ്രകടനത്തിനിടെ കളിക്കുന്ന സ്ഥലത്തിന് പുറത്തേക്ക് പോയതിനായിരുന്നു ശിക്ഷ. ഗോൾ വീണതിന് ശേഷവും ബ്ലാസ്‌റ്റേഴ്‌സ്, പൂനെ ഗോൾ മുഖത്തേക്ക് ആക്രമിച്ചുകയറുന്നുണ്ടായിരുന്നു. ഇതിനിടെ പൂനെയും ചില പ്രത്യാക്രമണം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ തട്ടിയുടഞ്ഞു. ആദ്യ പകുതിക്ക് കളി നിറുത്തുന്നതിന് തൊട്ടുമുൻപ് പൂനെയുടെ അരാട്ട ഇസുമിക്ക് ഉഗ്രനൊരു അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

ഗുസ്താവോ ഒബർമാനു പകരം മോമർ എൻഡോയയെ രണ്ടാം പകുതിയിൽ പൂനെ കളത്തിലിറക്കി. 55-ആം മിനുറ്റിൽ നാസണിന് പകരം അന്റോണിയോ ജർമ്മൻ കളത്തിലെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾക്ക് വേഗം കൂടി. മൂന്നു മിനുറ്റിനകം ആരോൺ ഹ്യൂസിലൂടെ രണ്ടാം ഗോളും നേടി ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയർത്തി. ഇടതുവിങ്ങിൽ നിന്ന് വിനീത് ഉയർത്തി നൽകിയ പന്തിന് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ഹ്യൂസിന് തലകൊണ്ട് വഴി കാണിച്ചു നൽകേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഹമ്മദ് റാഫിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഇഷ്ഫാഖ് അഹമ്മദിന് ലീഡ് ഉയർത്താൻ 71-ആം മിനുറ്റിൽ അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.

പിന്നീട് രണ്ടാം പകുതിക്ക് കളി അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള ഇൻജ്വറി ടൈമിലാണ് പൂനെ ആശ്വാസ ഗോൾ കണ്ടെത്തിയത്. അധികസമയത്ത് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ചാണ് അനിബാൾ പൂനെയുടെ ഗോൾ നേടിയത്. അഞ്ചാം സ്ഥാനത്തുള്ള പൂനെയ്ക്ക് ഒരു മത്സരം മാത്രമേ ശേഷിക്കുന്നുള്ളൂ എങ്കിലും സെമി സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

Read More >>