സഭയോട് ഇഷ്ടം കൂടാന്‍ പിണറായി കോട്ടയത്ത്: ഒന്നും മറന്നിട്ടില്ലെന്ന് പൊട്ടിത്തെറിച്ച് ബിഷപ്പുമാര്‍; ഐഡിയ പൊളിഞ്ഞ് കര്‍ദ്ദിനാള്‍ ക്ലിമ്മിസ്

കര്‍ദ്ദിനാള്‍ ആലഞ്ചേരി റോമില്‍ പോയ തക്കം നോക്കി കാരുണ്യവര്‍ഷത്തിന്റെ സമാപനം സംഘടിപ്പിച്ചുവെന്നും ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച പിണറായിയെ പങ്കെടുപ്പിച്ചതും അതൃപ്തിക്കിടയാക്കി- കേരള കത്തോലിക്ക സഭയില്‍ പിണറായിയെ ചൊല്ലി പൊട്ടിത്തെറി

സഭയോട് ഇഷ്ടം കൂടാന്‍ പിണറായി കോട്ടയത്ത്: ഒന്നും മറന്നിട്ടില്ലെന്ന് പൊട്ടിത്തെറിച്ച് ബിഷപ്പുമാര്‍; ഐഡിയ പൊളിഞ്ഞ് കര്‍ദ്ദിനാള്‍ ക്ലിമ്മിസ്താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് പിണറായി വിജയന്‍ വിളിച്ചത് കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാര്‍ മറന്നു എന്നു കരുതാന്‍ വരട്ടെ- കേരളത്തിലെ മൂന്ന് കത്തോലിക്ക സഭകളിലേയും ബിഷപ്പുമാരുടെ കൂട്ടായ്മയായ കെസിബിസിയുടെ അഭിമുഖ്യത്തില്‍ ഇന്ന് കോട്ടയത്ത് നടക്കുന്ന കാരുണ്യ സംഗമത്തില്‍ പിണറായി വിജയന്‍ ഉദ്ഘാടകനായതിനെതിരെ ബിഷപ്പുമാര്‍ തിരിഞ്ഞതായി സൂചന. അലിവിന്റേയും കാരുണ്യത്തിന്റേയും സന്ദേശവുമായി കത്തോലിക്ക സഭ ഒരു വര്‍ഷമായി ലോകമെമ്പാടും ആചരിക്കുന്ന കാരുണ്യവര്‍ഷം പരിപാടികളുടെ സമാപന ചടങ്ങിലേയ്ക്കാണ് ഉദ്ഘാടകനായി പിണറായി ക്ഷണിക്കപ്പെട്ടത്.


സീറോമലബാര്‍ സഭയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞാല്‍ കരുത്തനായ ബിഷപ്പുമാരിലൊരാള്‍ പിണറായിയെ പങ്കെടുപ്പിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് സ്വന്തം സഭയിലെ ബിഷപ്പുമാര്‍ക്കും പ്രധാനവ്യക്തികള്‍ക്കും കത്തെഴുതിയതായി പറയുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം എന്നിവയും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും എടുത്തു പറഞ്ഞ്, ഇത്തരത്തില്‍ കളങ്കിതനായ ഒരാളെ എങ്ങനെ കാരുണ്യവര്‍ഷത്തില്‍ പങ്കെടുപ്പിക്കുമെന്ന് ചോദിക്കുന്നു.
കാരുണ്യവര്‍ഷ പരിപാടികള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്ന പ്രോ ലൈഫ് എന്ന സംഘടനയാണ്- 'കാരുണ്യ വര്‍ഷം പരിപാടിക്ക് കാരുണ്യമില്ലാത്ത ഒരാളെ കൊണ്ടുവരുന്നു' എന്ന നിലയില്‍ വിഷയം ബിഷപ്പുമാര്‍ക്കു മുന്നിലെത്തിച്ചത്.

എംപിയടക്കമുള്ള കാത്തോലിക്കര്‍ ജനപ്രതിനിധികളായി കോട്ടയം ജില്ലയില്‍ ഉണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയോ സഭാവിശ്വാസിയായ കെ.എം മാണിയോ പങ്കെടുപ്പിച്ചില്ല. ഇരുവരും കോട്ടയംകാരാണ്. പിണറായിക്ക് അലോസരമുണ്ടാകരുതെന്ന് കരുതി അവരെയും ഒഴിവാക്കിയെന്നതും സഭയ്ക്കുള്ളില്‍ വലിയ നീരസമാണുണ്ടാക്കിയിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും പ്രവര്‍ത്തിയും കേരളസഭയില്‍ നടപ്പിലാക്കാന്‍ കെസിബിസി ഐക്യത്തോടെ മുന്നോട്ട് പോകുന്നതിനിടയിലാണ് സഭതിരിഞ്ഞുള്ള പുതിയ കലാപം.
കേരളത്തിലെ കാത്തോലിക്ക സഭയില്‍ പോപ്പിനെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാനടക്കമുള്ള അധികാരമുള്ള രണ്ട് കര്‍ദ്ദിനാള്‍മാരാണുള്ളത്. ജോര്‍ജ് ആലഞ്ചേരിയും ക്ലിമിസും. ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ കേരളത്തിലെ തലവനും ക്ലിമ്മിസ് മലങ്കര സഭയുടെ തലവനുമാണ്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്‌റന്‍സ് ഓഫ് ഇന്ത്യയുടെയും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെയും (കെസിബിസി) അധ്യക്ഷന്‍ ക്ലിമ്മിസാണ്. കേരളത്തിലെ അധ്യക്ഷപദവിയുടെ കാലാവധി അവസാനിക്കുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന അവസാന പരിപാടിയാണിത്.

ലാറ്റിന്‍ സഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പിണറായി പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അറിയുന്നു. റോമില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആലഞ്ചേരി പോകുന്നതിന്റെ അസാന്നിധ്യം കണക്കാക്കി, തക്കം നോക്കിയാണ് പരിപാടി നടത്തുന്നതെന്നും ആരോപണമുണ്ട്. കേരളത്തിലെ മൂന്നു കാത്തോലിക്ക സഭകളിലേയും മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ ഒന്നിച്ചു നില്‍ക്കേണ്ട വേദിയില്‍ നിന്ന് ആലഞ്ചേരി ഒഴിവാക്കപ്പെട്ടുവേ്രത. കേരളത്തിലെ എല്ലാ കാത്തോലിക്ക ബിഷപ്പുമാരും പങ്കെടുക്കേണ്ട വേദിയാണ് കാരുണ്യവര്‍ഷത്തിന്റെ സമാപനം.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമാപന പരിപാടികളില്‍ ആധ്യാത്മിക പ്രസക്തമായ ഇന്നലെ ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ പവ്വത്തില്‍ പങ്കെടുത്തിരുന്നു. ബാര്‍ വിഷയത്തില്‍ കെ.എം മാണിക്ക് അനുകൂലമായി പരസ്യ നിലപാടെടുത്തയാളാണ് പൗവ്വത്തില്‍. പൗവ്വത്തില്‍ ഇന്ന് പിണറായിയുടെ വേദിയില്‍ എത്തില്ല. ആലഞ്ചേരിയുടെ അസാന്നിധഅയത്തില്‍ വേദിയില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടത് അദ്ദേഹമാണ്.
കോട്ടയത്ത് പരിപാടി നടക്കുമ്പോള്‍ പാല, കോട്ടയം, ചങ്ങനാശ്ശേരി ബിഷപ്പുമാരുടെ അസാന്നിധ്യമാകും പിണറായി പങ്കെടുക്കുന്നതിലും കോളിളക്കമുണ്ടാക്കുക.
ക്ലിമ്മിസിന്റെ അറിവോടെ കത്തോലിക്ക സഭയുമായി സൗഹൃദത്തിലാണ് പിണറായി എന്ന സന്ദേശം പരത്തുന്നതിന് ബിഷപ്പുമാരുടെ എതിര്‍പ്പ് കൂട്ടാക്കാതെ ചടങ്ങ് സംഘടിപ്പിക്കുന്നതത്രേ.

സെന്റ് ആന്റണീസ് ധ്യാന കേന്ദ്രം കണ്ണവം ചെറുപുഷ്പം ഇടവകയില്‍ നടത്തുന്ന ആരാധനയോടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന കാരുണ്യവര്‍ഷം സമാപന പരിപാടികള്‍ ആരംഭിക്കും.

കാരുണ്യ സന്ദേശ പ്രേക്ഷിത റാലിയില്‍ സഭയിലെ കാരുണ്യ പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും പങ്കെടുക്കും. അയ്യായിരത്തോളം പേരുടേതാകും റാലി. പൊതുസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ബസേലിയേസ് മാര്‍ ക്ലിമ്മിസ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും- കെസിബിസി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാടന്‍ പറഞ്ഞു.

പിണറായി പങ്കെടുക്കുന്ന ചടങ്ങില്‍ എല്ലാ രൂപതയിലേയും കാരുണ്യ പ്രവര്‍ത്തകരെ ആദരിക്കും. പൊതുസഭയിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദയാഭായി, ആകാശപ്പറവകളിലെ ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍, നവജീവന്‍ ടി.വി തോമസ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വാഹനാപകടങ്ങളിലെ കരുണാര്‍ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് ഷമീര്‍ എന്നിവരേയും ആദരിക്കും.

കേരളത്തിലെ പ്രബലമായ സീറോ മലബാര്‍ സഭ ഇടഞ്ഞതോടെ പിണറായിയെ കാത്തോലിക്കരുടെ സുഹൃത്തായി ഏകപക്ഷീയമായി അവതരിപ്പിക്കാനുള്ള കര്‍ദ്ദീനാള്‍ ക്ലിമ്മിസിന്റെ നീക്കത്തിന് തിരിച്ചടിയാകും.

Read More >>