ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ ആവശ്യകതയെന്തെന്ന് കർണാടകയോട് ഹൈക്കോടതി

10ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കത്തിനെതിരായി കുടക് സ്വദേശി കെപി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ ആവശ്യകതയെന്തെന്ന് കർണാടകയോട് ഹൈക്കോടതി

ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ അവശ്യകതയെന്താണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി. 'തന്റെ അറിവു വച്ച് മൈസൂര്‍ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ടിപ്പുസുല്‍ത്താന്‍. അല്ലാതെ അദ്ദേഹം സ്വാതന്ത്ര്യ സമര പോരാളിയായിരുന്നില്ല'. ചീഫ് ജസ്റ്റിസ് എസ്‌കെ മുഖര്‍ജി വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടിഷ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ധീരനായിരുന്നു മൈസൂര്‍ സുല്‍ത്താനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. 10ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കത്തിനെതിരായി കുടക് സ്വദേശി കെപി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.


'കുടക് ദേശക്കാരെ കൊന്നൊടുക്കിയ ഏകാദിപതിയായിരുന്നു ടിപ്പു. അത്തരമൊരാളുടെ ജന്മദിനം ജനങ്ങളുടെ പണമുപയോഗിച്ച് ആഘോഷിക്കുന്നതെന്തിനാണെന്നാണ്' മഞ്ജുനാഥ് ഹര്‍ജിയില്‍ ചോദിക്കുന്നത്. വിഎച്ച്പി, സംഘപരിവാര്‍ സംഘടനകളാണ് അന്ന് കനത്ത പ്രതിഷേധമുയര്‍ത്തിയത്. അതേതുടര്‍ന്ന് രണ്ടുപേര്‍ മരിക്കാനിടയായിരുന്നു. കഴിഞ്ഞയാഴ്ച മഞ്ജുനാഥ് സമര്‍പ്പിച്ച റിട്ട്, പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചിനു കൈമാറാന്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിച്ചത്.

ടിപ്പുജയന്തി ആഘോഷം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര ശിവമൊഗ്ഗയില്‍ പറഞ്ഞു. അഘോഷവുമായി മുന്നോട്ടുപോയാല്‍ എട്ടാം തിയതിമുതല്‍ സംസ്ഥാന വ്യപകമായി പ്രക്ഷോഭം നടത്താനുള്ള ബിജെപിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ക്രമസമാധാന നില തകര്‍ക്കുന്ന രീതിയില്‍ വ്യക്തികളോ പ്രസ്ഥാനങ്ങളോ നീങ്ങിയാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ജനങ്ങളെ തമ്മിലടിപ്പിച്ചുള്ള വോട്ടു രാഷ്ട്രീയമാണ് ടിപ്പു ജയന്ത്രി ആഘോഷത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും കര്‍ണ്ണാടക ബിജെപി നേതൃത്വം ആരോപിച്ചു.

Read More >>