'ആനവണ്ടി' ബ്ലോഗിനെ തളയ്ക്കാന്‍ കര്‍ണ്ണാടകയും; അഞ്ചു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

ബ്ലോഗ് പൂട്ടണമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി ഈ വര്‍ഷം ജൂണില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോള്‍ നോട്ടീസ് അയച്ചതിന് പിന്നില്‍ കേരള ആര്‍ടിസിയിലെ ഉന്നതര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് സുജിത് ഭക്തന്‍ നാരദയോട് പറഞ്ഞു.

കൊച്ചി: 'ആനവണ്ടി' പ്രേമികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ബ്ലോഗ് പൂട്ടിക്കാന്‍ കര്‍ണ്ണാടക ആര്‍ടിസി. കെഎസ്ആര്‍ടിസി എന്ന പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബ്ലോഗ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക ആര്‍ടിസി ബ്ലോഗുടമ സുജിത് ഭക്തന് നോട്ടീസ് അയച്ചു. കെഎസ്ആര്‍ടിസി ഡൊമൈന്‍ ഉപയോഗിക്കുന്നതിന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.

കെഎസ്ആര്‍ടിസി എന്ന ട്രേഡ്മാര്‍ക്ക് കര്‍ണ്ണാടക ആര്‍ടിസിയ്ക്ക്് മാത്രം അവകാശപ്പെട്ടതാണ്. ഇന്റര്‍നെറ്റില്‍ കെഎസ്ആര്‍ടിസി എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത് 'ആനവണ്ടി'യുടെ ബ്ലോഗാണ്. വ്യാപാരമുദ്ര തെറ്റിദ്ധരിപ്പിച്ച് കര്‍ണ്ണാടക ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയിരിക്കുകയാണ്. അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്നും വക്കീല്‍നോട്ടീസില്‍ പറയുന്നു.


ബ്ലോഗ് പൂട്ടണമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി ഈ വര്‍ഷം ജൂണില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോള്‍ നോട്ടീസ് അയച്ചതിന് പിന്നില്‍ കേരള ആര്‍ടിസിയിലെ ഉന്നതര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് സുജിത് ഭക്തന്‍ നാരദയോട് പറഞ്ഞു. ബ്ലോഗിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. നിയമപരമായി ഇതിനെ നേരിടാനാണ് സുജിത്തിന്റെ തീരുമാനം.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ബ്ലോഗിലൂടെ അറിയാന്‍ കഴിയും. ബസുകളുടെ സമയ വിവരങ്ങളും ചിത്രങ്ങളും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ബ്ലോഗില്‍ ലഭ്യമാണ്. പ്രതിദിനം അമ്പതിനായിരത്തോളം സന്ദര്‍ശകരാണ് ബ്ലോഗിനുള്ളത്. ആനവണ്ടിയെന്ന ഫേസ്ബുക്ക് പേജിന് 5.34 ലക്ഷം ലൈക്കുകളുണ്ട്.

ബെംഗ്‌ളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ കോഴഞ്ചേരി സ്വദേശി സുജിത് ഭക്തന്‍ 2008-ലാണ് കെഎസ്ആര്‍ടിസി ബ്ലോഗ് ആരംഭിച്ചത്. ഇപ്പോള്‍ ജോലി രാജി വെച്ച് മുഴുവന്‍സമയം ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളിലാണ്. 2013 ജനുവരിയിലാണ് കര്‍ണ്ണാടക കെഎസ്ആര്‍ടിസി എന്ന പേര് രജിസ്റ്റര്‍ ചെയ്തത്. ഇതെതുടര്‍ന്ന് കേരളവും കര്‍ണ്ണാടകയും തമ്മില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിന് പരാതികള്‍ നല്‍കിയിരുന്നു.

Story by
Read More >>