നോട്ടിന്റെ കാര്യമെത്തിയപ്പോള്‍ മോദിയെ തള്ളിപ്പറഞ്ഞ് കാന്തപുരവും

ഗുജറാത്ത് വംശഹത്യയടക്കമുള്ള വിഷയങ്ങളില്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ആര്‍എസ്എസ് സംഘടിപ്പിച്ച സൂഫി സമ്മേളനത്തില്‍ പങ്കെടുത്ത് ബന്ധം ഉറപ്പിക്കുകയും ചെയ്ത കാന്തപുരം അബൂബക്കര്‍ മുസ്ല്യാറും നോട്ട് വിഷയത്തില്‍ മോദിയെ കയ്യൊഴിയുന്നു

നോട്ടിന്റെ കാര്യമെത്തിയപ്പോള്‍ മോദിയെ തള്ളിപ്പറഞ്ഞ് കാന്തപുരവും

മോദിയെ പറ്റി 1998 മുതലിങ്ങോട്ട് തള്ളിപ്പറഞ്ഞില്ലെന്ന വിമര്‍ശനം നേരിടുന്ന അഖിലേന്ത്യാ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ നോട്ട് വിഷയമെത്തിയപ്പോള്‍ നിലപാട് മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ ശക്തവും വ്യക്തവുമായ ഭാഷയില്‍ തുറന്നടിച്ചിരിക്കുകയാണ് കാന്തപുരം.

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയെ വിമര്‍ശിക്കാതിരിക്കാന്‍ കാന്തപുരം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി വിമര്‍ശനമുണ്ട്. മോദി അധികാരത്തില്‍ വന്നതിനു ശേഷം അടുപ്പം പുലര്‍ത്തുകയും ചെയ്തു. ആ അടുപ്പം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.


മോദി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നു കരുതുന്നില്ലെന്നും അടക്കം നിരവധി മോദി അനുകൂല പ്രസ്താവനകള്‍ നടത്തിയ ആളാണ് കാന്തപുരം. പോരാത്തതിന് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന നിലയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലോക സൂഫി സമ്മേളനത്തിലും കാന്തപുരം പങ്കെടുത്തു.

കാന്തപുരത്തിന്റെ പുതിയ പ്രസംഗ വീഡിയോയില്‍ നോട്ട് നിരോധനത്തെ അദ്ദേഹം വിമര്‍ശിക്കുകയാണ്- നോട്ട് നിരോധിക്കുന്നത് വലിയ പണക്കാര്‍ നേരത്തെ അറിഞ്ഞിട്ടുണ്ടാകും എന്ന ഗുരുതരമായ ആരോപണം അദ്ദേഹം ഉയര്‍ത്തുന്നു. പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:
'നോട്ട്മാറ്റം കൊണ്ട് വലിയ വലിയ പണക്കാര്‍ക്കൊന്നും നാശമുണ്ടാകില്ല. അവരൊക്കെ നേരത്തേ തന്നെ ഈ വിവരം അറിഞ്ഞിട്ടുണ്ടാകും. അദ്ധ്വാനിക്കാന്‍ പോകുന്ന പാവപ്പെട്ടവന്‍ ഒരു ദിവസത്തെ കൂലി കൊണ്ടുവന്ന്, ഒരാഴ്ചത്തെ കൂലി ഒരുമിച്ചു കൂട്ടി അയ്യായിരമോ ആറായിരമോ ഉണ്ടാക്കി വെച്ചാണ് അരിയും മറ്റും വാങ്ങുന്നത്. അങ്ങനെയുള്ള പാവപ്പെട്ടവര്‍ ദുരിതത്തിലാണ്. ജനങ്ങള്‍ക്ക് നോട്ട് മാറ്റാനുള്ള അവധി നീട്ടി കൊടുക്കണം. ബാങ്കിലേയ്ക്കുള്ള ക്യൂവില്‍ വെയില്‍ കൊണ്ട് റോഡിന്റെ നടുവില്‍ വീണ് ജനങ്ങള്‍ മരിക്കുകയാണ്. ഇന്ത്യാ ഗവര്‍ണമെന്റ് പരിഹാരമുണ്ടാക്കിയേ മതിയാകൂ. ഒറ്റദിവസം കൊണ്ട് ഇത് നടപ്പില്‍ വരുത്തിയാല്‍ ഈരാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ്, കഷ്ടപ്പെടുന്ന ജനങ്ങളാണ് വീണ്ടും കഷ്ടപ്പെടുന്നത്.
എത്ര സ്ഥാപനങ്ങളാണ് പൂട്ടി പോകുന്നത്. ഇത് ഗവര്‍ണമെന്റ് അറിയുന്നില്ലെന്നു വെച്ചാല്‍ അവരെ അറിയിക്കാന്‍ നോതാക്കന്മാര്‍ക്ക് കഴിയണം'

[video width="1008" height="564" mp4="http://ml.naradanews.com/wp-content/uploads/2016/11/kanthapuram-1.mp4"][/video]
ഏകസിവില്‍ നിയമം നടപ്പിലാക്കാന്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് മോദി സര്‍ക്കാരെന്നിരിക്കെ കാന്തപുരം ആ വിഷയത്തിലേയും നിലപാട് വ്യക്തമാക്കുന്നുണ്ട്- ശരിയത്തിനു വേണ്ടി നിലകൊള്ളുമെന്ന് ദൃഢസ്വരത്തില്‍ അദ്ദേഹം പറയുന്നു. സലഫിസത്തേയും മൗദൂദിസത്തേയും തലയിലേറ്റി നടക്കുന്നവര്‍ക്ക് ഇവിടെ ഒരിക്കലും ശരിയത്ത് സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ബിജെപി ദേശീയ കൗണ്‍സിലിന് കോഴിക്കോട് എത്തുന്ന മോദിയെ കാണാന്‍ കാന്തപുരം അനുമതി ചോദിച്ചിരുന്നുവെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. ഇതിനു ശേഷം കാന്തപുരത്തെ ഒറ്റപ്പെടുത്തണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തു വന്നിരുന്നു. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷം വലിയ ഭീഷണി നേരിടുമ്പോള്‍ സംഘപരിവാറിനേയും മോദിയേയും തൃപ്തിപ്പെടുത്തുകയാണ് കാന്തപുരമെന്ന് അവര്‍ ആരോപിച്ചു. ലീഗ് സംഘടിപ്പിച്ച ഏകസിവില്‍ കോഡ് സംബന്ധിച്ച യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടും കാന്തപുരം വരാതിരുന്നതിനെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കാന്തപുരത്തിന് വേറെ അസുഖമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് കാന്തപുരത്തിന് വേറെ നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചിരുന്നു.

മോദിയോടും സംഘപരിവാറിനോടുമുള്ള അകലം പ്രഖ്യാപിക്കുന്നതാണ് നോട്ട് വിഷയത്തിലും ശരിയത്തിലുമുള്ള കാന്തപുരത്തിന്റെ ശക്തമായ പുതിയ നിലപാട്. എന്നാൽ ഈ രണ്ടുവിഷയത്തിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇത്തരം നിലപാട് സ്വീകരിച്ചതിന്റെ പിന്നിലെ കാരണമെന്താണെന്ന ദുരർത്ഥത്തിലുള്ള ചോദ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു.  ഗുജറാത്ത് കലാപം, മോദി അധികാരത്തില്‍ വന്നതിനു ശേഷമുള്ള ന്യൂനപക്ഷ അതിക്രമങ്ങള്‍, അസഹിഷ്ണുത എന്നിവയോടെല്ലാം മുഖം തിരിച്ച കാന്തപുരം കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദിക്കെതിരെ തിരിഞ്ഞതിന്റെ ഗുട്ടൻസെന്ത് എന്ന നിലയിലാണ് ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.

Read More >>