കള്ളപ്പണ ആരോപണം ഉന്നയിക്കുന്നവർ വരിക; സഹകരണ പ്രസ്ഥാനങ്ങളെ നട്ടെല്ലാക്കിയ കണ്ണൂരിലേക്ക്

സർക്കാർ പദ്ധതികളോ സ്വകാര്യനിക്ഷേപമോ മാഹിപ്പുഴ കടന്നെത്താതിരുന്ന കാലത്ത് സഹകരണ പ്രസ്ഥാനങ്ങളുടെ ബലത്തിലാണ് കണ്ണൂർ വികസിച്ചത്. മുതലാളിത്ത കാലഘട്ടത്തിലെ ജനകീയബദൽ ആയി കണ്ണൂരിലെ സഹകരണസ്ഥാപനങ്ങളെ നോക്കിക്കാണുമ്പോൾ അതിനൊരു രാഷ്ട്രീയ മാനവും കൈവരുന്നു. കണ്ണൂരുകാരന്റെ വിശ്വാസവും അതിജീവനവുമാണ് സഹകരണപ്രസ്ഥാനങ്ങൾ.

കള്ളപ്പണ ആരോപണം ഉന്നയിക്കുന്നവർ വരിക; സഹകരണ പ്രസ്ഥാനങ്ങളെ നട്ടെല്ലാക്കിയ കണ്ണൂരിലേക്ക്

സഹകരണബാങ്കുകളിൽ കള്ളപ്പണനിക്ഷേപം ഉണ്ടെന്നും മലയാളികൾ എല്ലാം ആഡംബരത്തിനായി പണം വിനിയോഗിക്കുന്നവരാണെന്നും ആരോപണം ഉന്നയിക്കുന്നവർ കണ്ണൂരിലേക്ക് വരിക. ഈ നാടിന്റെ നട്ടെല്ല് സഹകരണ പ്രസ്ഥാനങ്ങളാണ്. സർക്കാർ പദ്ധതികളോ സ്വകാര്യനിക്ഷേപമോ മാഹിപ്പുഴ കടന്നെത്താതിരുന്ന കാലത്ത് സഹകരണ പ്രസ്ഥാനങ്ങളുടെ ബലത്തിലാണ് കണ്ണൂർ വികസിച്ചത്. മുതലാളിത്ത കാലഘട്ടത്തിലെ ജനകീയബദൽ ആയി കണ്ണൂരിലെ സഹകരണസ്ഥാപനങ്ങളെ നോക്കിക്കാണുമ്പോൾ അതിനൊരു രാഷ്ട്രീയ മാനവും കൈവരുന്നു.


സഹകരണത്തിലൂടെ അതിജീവനം, പോരാട്ടം

ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി ദരിദ്രരായ കർഷകത്തൊഴിലാളികൾക്കു ഭൂമി ലഭിച്ചു. എന്നാൽ മുന്നോട്ടുള്ള പോക്കിന് പണം ഒരു അത്യാവശ്യ ഘടകമായിരുന്നു. തുച്ഛമായ തുകകൾ ചേർത്തുവച്ചാരംഭിച്ച സഹകരണ സംഘങ്ങൾ അവർക്കു ജീവവായുവായി. സഹകരണസംഘങ്ങൾ വളർന്നു കാർഷിക സഹകരണ ബാങ്കുകളും വൻകിട സൊസൈറ്റികളും എല്ലാം ആയി. അതിനോടൊപ്പം തന്നെ കാർഷിക മേഖലയിലെ തൊഴിലാളികളും സാമ്പത്തികമായും സാമൂഹികമായും വളർന്നു.

പരമ്പരാഗത തൊഴിൽ മേഖലയിലെയും സാഹചര്യം സമാനമായിരുന്നു. തിറകളുടെ നാടായ കണ്ണൂർ വീവിങ് സൊസൈറ്റികളിലൂടെ പുതിയ ആകാശം നെയ്തെടുത്തു. കാഞ്ഞിരോട്ടെയും വളപട്ടണത്തെയും സഹകരണ നെയ്ത്തിന്റെ പെരുമ കടൽ കടന്നു. പട്ടിണിയിലായിരുന്ന തൊഴിലാളികൾക്ക് കൃത്യമായി കൂലി ലഭിക്കാനും സ്വയം തൊഴിലുടമകൾ ആകാനും  ലാഭം പങ്കിട്ടെടുക്കാനും സാധിച്ചു.

മംഗലാപുരത്തെ മുതലാളിയുടെ ഗണേഷ് ബീഡിക്കെതിരായ അതിജീവനപ്പോരാട്ടത്തിന്റെ ഭാഗമായാണ് ദിനേശ് ബീഡി ഉദയം കൊള്ളുന്നത്. 1969ൽ ബീഡിത്തൊഴിലാളികളുടെ സഹകരണ സൊസൈറ്റിയായാണ് 'ദിനേശ്' രൂപം കൊള്ളുന്നത്. ആയിരക്കണക്കിനു തൊഴിലാളികളുടെ പട്ടിണി മാറ്റിയ ദിനേശ് കണ്ണൂരിലെ സിപിഐഎമ്മിന്റെ കരുത്തായിരുന്നു. ബീഡി ഉപഭോഗം കുറഞ്ഞ് മാർക്കറ്റ് നഷ്ടപ്പെട്ടതോടെ ദിനേശ് വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങി.

നിലവിൽ ദിനേശ് ഫുഡ്സ്, വസ്ത്രങ്ങൾ, കുടകൾ, ഐടി ഡിവിഷൻ എന്നിങ്ങനെ 6000 പേർക്ക് 'ദിനേശ്' നേരിട്ടു തൊഴിൽ നൽകുന്നുണ്ട്. കണ്ണൂരിലെ ഏതൊരു വലിയ പരിപാടിയെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ നഗരമധ്യത്തിൽ 'ദിനേശി'ന് ഓഡിറ്റോറിയവും ഉണ്ട്.

വികസനത്തിന്റെ വാതിൽ തുറന്ന് സഹകരണ പ്രസ്ഥാനങ്ങൾ

കണ്ണൂരിലെ ആദ്യത്തെയും സമീപകാലത്തെ വരെ ജില്ലയിലെ ഏക മെഡിക്കൽ കോളേജുമായ പരിയാരം സഹകരണ മെഡിക്കൽ കോളേജാണ് കണ്ണൂരുകാരന്റെ ആദ്യ ഉന്നത ചികിത്സാകേന്ദ്രം. പരിയാരത്തുതന്നെ പ്രവർത്തിക്കുന്ന 'സഹകരണ ഹൃദയാലയ' മലബാറിന്റെ ഹൃദയചികിത്സാരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ്. കണ്ണൂരിലെ എകെജി സഹകരണ ആശുപത്രി, തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശേരി സഹകരണ ആശുപത്രി എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ജില്ലയിലെ എല്ലാ ചെറുപട്ടണങ്ങളിലും സഹകരണ മേഖലയിൽ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.

റബ്ബർ ഉത്പന്നങ്ങൾ നിർമിക്കുന്ന റബ്‌കോ, ക്ഷീര മേഖലയിലെ വെള്ളൂർ ജനത, ടൂറിസം മേഖലയിലെ വിസ്മയ പാർക്ക്, നിരവധി സ്‌കൂളുകൾ, സഹകരണ കോളേജുകൾ, സഹകരണ ഹോട്ടലുകൾ, സഹകരണ സ്റ്റോറുകൾ, ജനകീയ ബസ് സർവീസുകൾ, സഹകരണ മെഡിക്കൽ ഷോപ്പുകൾ നിർമ്മാണ മേഖലയിലെ പിണറായി ഇൻഡസ്ട്രിയൽ കോപ്പറേറ്റിവ് സൊസൈറ്റി എന്നിങ്ങനെ ഒരു പാടുപേർക്ക് താങ്ങും തണലുമാണ് കണ്ണൂരിലെ സഹകരണ പ്രസ്ഥാനം.

സഹകരണത്തിന് എന്താണ് ബദൽ?

കള്ളപ്പണ ആരോപണം ഉന്നയിച്ച് സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ബദൽ നിർദേശങ്ങൾ ഒന്നും തന്നെ മുന്നോട്ടുവെക്കാൻ ഇല്ല. സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച കുത്തക മുതലാളിമാർക്ക് ലാഭം വർധിപ്പിക്കാനും അതുവഴി സമ്പത്തിന്റെ കേന്ദ്രീകരണവും കള്ളപ്പണവും ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ. സഹകരണ മേഖലയിലായിരുന്നെങ്കിൽ കണ്ണൂർ വിമാനത്താവളം ഇതിനുള്ളിൽ യാഥാർത്ഥ്യമായേനേ എന്ന് പകുതി കളിയായും പകുതി കാര്യമായും പറയുന്ന കണ്ണൂരുകാരന്റെ വിശ്വാസവും അതിജീവനവുമാണ് സഹകരണപ്രസ്ഥാനങ്ങൾ.