പഴശ്ശി ഡാമിൽ ജലസംഭരണം തുടങ്ങിയില്ല; കണ്ണൂരിനെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ള ക്ഷാമം

നവംബർ മുതൽ എല്ലാ ഷട്ടറുകളും അടച്ചുകൊണ്ട് 23 മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിക്കേണ്ട റിസർവോയറിൽ നിലവിൽ 10 മീറ്ററിൽ താഴെ മാത്രമാണ് വെള്ളം ഉള്ളത്. ജില്ലയിൽ ഇത്തവണ മഴ 78% കുറഞ്ഞ സാഹചര്യത്തിൽ ജലസംഭരണം തുടങ്ങാൻ കഴിയാത്തത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

പഴശ്ശി ഡാമിൽ ജലസംഭരണം തുടങ്ങിയില്ല; കണ്ണൂരിനെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ള ക്ഷാമം

കണ്ണൂർ: അറ്റകുറ്റപ്പണി അനന്തമായി നീളുന്നതിനാൽ പഴശ്ശി ഡാമിൽ ഷട്ടറുകൾ താഴ്ത്തി ജലസംഭരണം തുടങ്ങിയില്ല. കാലവർഷം തുടങ്ങുന്ന ജൂൺ മാസത്തിൽ ഷട്ടറുകൾ തുറക്കുന്ന പഴശ്ശി ഡാമിൽ നവംബർ ഒന്നാം തീയതി ഷട്ടറുകൾ താഴ്ത്തി ജലസംഭരണം തുടങ്ങുന്നതായിരുന്നു പതിവ്. എന്നാൽ അണക്കെട്ടിലെ ചോർച്ച പരിഹരിക്കാനായുള്ള അറ്റകുറ്റപ്പണികൾ അനന്തമായി നീണ്ടതോടെ നവംബർ തുടങ്ങിയിട്ടും ഷട്ടറുകൾ താഴ്ത്താൻ കഴിഞ്ഞിട്ടില്ല.

പതിനാറ് ഷട്ടറുകളുള്ള അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു കൊണ്ടാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. നവംബർ മുതൽ എല്ലാ ഷട്ടറുകളും അടച്ചുകൊണ്ട് 23 മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിക്കേണ്ട റിസർവോയറിൽ നിലവിൽ 10 മീറ്ററിൽ താഴെ മാത്രമാണ് വെള്ളം ഉള്ളത്. ജില്ലയിൽ ഇത്തവണ മഴ 78% കുറഞ്ഞ സാഹചര്യത്തിൽ ജലസംഭരണം തുടങ്ങാൻ കഴിയാത്തത് കടുത്ത ആശങ്കയാണ് കണ്ണൂരിന് സമ്മാനിക്കുന്നത്.


pazhasi-2

കണ്ണൂർ നഗരത്തിന് പുറമെ പെരളശ്ശേരി, കൊളച്ചേരി, ചാവശ്ശേരി ജലവിതരണ പദ്ധതികൾക്കും ഇരിക്കൂർ പഞ്ചായത്ത്, തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂർ നഗരസഭ എന്നിവിടങ്ങളിലേക്കും കുടിവെള്ള വിതരണം നടക്കുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.

pazhasi-1
2012ൽ ഉണ്ടായ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനെയും തുടർന്ന് പഴശ്ശി അണക്കെട്ടിനും റിസർവോയറിനും അനുബന്ധ ഉദ്യാനത്തിനും വാൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഡാമിൽ നടത്തുമെന്ന് സ്ഥലം എംഎൽഎ സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും നാളിതുവരെയായി കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ ഡാമിൽ നടന്നിട്ടില്ല.

pazhasi-3
അണക്കെട്ടിലേയും ഷട്ടറിലെയും ചോർച്ചകൾ അടക്കുന്നതിനും റീസർവോയറിന്റെ അരികുകൾ കരിങ്കല്ല് പാകി ബലപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. ഇത് ഇപ്പോൾ പൂർത്തീകരിക്കാൻ കഴിയും എന്നത് സംബന്ധിച്ച് യാതൊരു വിവരവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കയ്യിൽ ലഭ്യമല്ല. എത്രയും പെട്ടന്ന് ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചു തുടങ്ങിയില്ലെങ്കിൽ കണ്ണൂർ നേരിടേണ്ടിവരുന്നത് കടുത്ത ജലക്ഷാമത്തെയായിരിക്കും.

Read More >>