കണ്ണൂര്‍ കോട്ടയിലേക്കുള്ള വഴിയില്‍ കന്റോണ്‍മെന്റ് ബോര്‍ഡ് വക പിരിവ്‌

റോഡ് കന്റോണ്‍മെന്റിന്റേതാണെങ്കിലും പുരാവസ്തു വകുപ്പിനു കീഴിലുള്ള കണ്ണൂര്‍ കോട്ടയിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് ഓഫിസുകളിലേക്കും സാധാരണക്കാര്‍ക്ക് എത്തിച്ചേരണമെങ്കില്‍ ഈ റോഡാണ് ഏക ആശ്രയം.

കണ്ണൂര്‍ കോട്ടയിലേക്കുള്ള വഴിയില്‍ കന്റോണ്‍മെന്റ് ബോര്‍ഡ് വക പിരിവ്‌

കണ്ണൂര്‍: പുരാവസ്തു വകുപ്പിനുകീഴിലുള്ള കണ്ണൂര്‍ കോട്ടയിലേക്കുള്ള വഴിയില്‍ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ അന്യായ പിരിവ്. വിവിധ വാഹനങ്ങള്‍ക്കുള്ള ചാര്‍ജ് രേഖപ്പെടുത്തിയ ബോര്‍ഡും വഴിയരുകില്‍ സ്ഥാപിച്ചിട്ടുണ്ട്. വിനോദ സഞ്ചാരത്തിനെത്തുന്ന ബസുകള്‍ക്ക് 80 രൂപയും മിനി ബസ്സുകള്‍ക്ക് 50 രൂപയും കാറിന് 20 രൂപയും ഓട്ടോറിക്ഷയ്ക്ക് 10 രൂപയുമാണ് ചാര്‍ജ്ജായി നല്‍കേണ്ടത്. പണം പിരിക്കുന്നതിനായി രണ്ടുപേരെ നിയോഗിച്ചാണ് കന്റോണ്‍മെന്റ് അധികൃതരുടെ കൊള്ള. റോഡ് കന്റോണ്‍മെന്റിന്റേതാണെങ്കിലും പുരാവസ്തു വകുപ്പിനു കീഴിലുള്ള കണ്ണൂര്‍ കോട്ടയിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് ഓഫിസുകളിലേക്കും സാധാരണക്കാര്‍ക്ക് എത്തിച്ചേരണമെങ്കില്‍ ഈ റോഡാണ് ഏക ആശ്രയം. മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആശുപത്രി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ ട്രിപ്പ് വിളിച്ചാല്‍ ചാര്‍ജ് 20 രൂപയാണ്. 10 രൂപ ടോളായി പിരിച്ചെടുക്കുന്ന തീരുമാനം വന്നതോടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ കിട്ടുന്ന നിരക്കിന്റെ പകുതിയും ടോളായി നല്‍കേണ്ടിവരും. കന്റോണ്‍മെന്റധികൃതരുടെ നിലപാട് യാത്രക്കാര്‍ക്ക് പ്രഹരമായിരിക്കുകയാണ്. കണ്ണൂര്‍ കോട്ടയില്‍ എത്തുന്ന വാഹനങ്ങള്‍ക്കു നിലവില്‍ കോട്ടയ്ക്കു സമീപം പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഫിഷറീസ് ഓഫീസിലേക്കും കോട്ടയിലേക്കും ഓട്ടോറിക്ഷകള്‍ ഓട്ടം പോകാന്‍ തയാറാകാത്ത സ്ഥിതിയാണ്.

ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്നായ കോട്ടയിലേക്ക് പ്രധാനമായും വാഹനങ്ങളെ ആശ്രയിച്ചാണെത്തുന്നത്. പുരാവസ്തു വകുപ്പിന്റെ ഓഫീസും കോട്ടയിലാണ് പ്രവര്‍ത്തിക്കുന്നത്. കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കന്റോണ്‍മെന്റിന്റെ നിലപാടിനെതിരെ വ്യപക പ്രതിഷേധമാണുയരുന്നത്. നേരത്തേ ജില്ലാ ആശുപത്രിക്ക് സമീപം കോട്ടയിലേക്കുള്ള വഴിയില്‍ ടോള്‍ പിരിക്കാന്‍ കന്റോണ്‍മെന്റധികൃതരുടെ ശ്രമം നടന്നിരുന്നു.

Read More >>