കണ്ണൂർ മെഡിക്കൽ കോളേജും സ്ഥലവും വിൽപ്പനയ്ക്ക്; ഭൂമി കാരന്തൂർ മർക്കസിന്റേത്; അന്വേഷണം നേരിടുന്ന ഭൂമി വിൽക്കുന്നത് വിജിലൻസ് അറിയാതെ

രേഖകളിൽ വസ്തുവിന്റെ സ്വഭാവം തിരുത്തിയ വിവരം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മർക്കസ് പവർ ഓഫ് അറ്റോർണി കൈമാറുന്നതുവരെ വില്ലേജ് രേഖകളിൽ തോട്ടം എന്നാണ് പ്രസ്തുത ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ മെഡിക്കൽ കോളേജും സ്ഥലവും വിൽപ്പനയ്ക്ക്; ഭൂമി കാരന്തൂർ മർക്കസിന്റേത്; അന്വേഷണം നേരിടുന്ന ഭൂമി വിൽക്കുന്നത് വിജിലൻസ് അറിയാതെ

കണ്ണൂർ: ഭൂമി ഇനം മാറ്റി രജിസ്ട്രേഷൻ നടത്തിയെന്ന് ആരോപണം നേരിടുന്ന അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് വിൽപ്പനയ്ക്ക്. ചെന്നൈ ആസ്ഥാനമായുള്ള 'അൽ-എസ്എൻജി പ്രോപ്പർടീസ്' എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം മുഖാന്തരമാണ് വില്പന നടത്തുന്നത്. വിൽപനയെക്കുറിച്ച് ഇവരുടെ വെബ്‌സൈറ്റിൽ പരസ്യം നൽകിയിട്ടുണ്ട്. സീറ്റുകളുടെ എണ്ണവും ഭൂവിസ്തൃതിയുമെല്ലാം പരസ്യത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കറപ്പത്തോട്ടമായിരുന്ന ഭൂമി രേഖകളിൽ തിരിമറി കാട്ടി രജിസ്ട്രേഷൻ നടത്തിയതിന്റെ പേരിൽ വിജിലൻസ് കേസുണ്ട്. 2000ലെ ആധാരമനുസരിച്ച് കറപ്പത്തോട്ടത്തിന്റെ ഉടമകളായ സുരേഷ് മൈക്കിൾ, നിർമ്മലാ മൈക്കിൾ എന്നിവരിൽ നിന്ന് ഭൂമി വാങ്ങിയത് കാരന്തൂർ മർക്കസാണ്. 2003ൽ മർക്കസ് പവർ ഓഫ് അറ്റോർണി കണ്ണൂരിലെ പഴയങ്ങാടിക്കാരനായ അബ്ദുൽ ജബ്ബാറിനു കൈമാറി. ജബ്ബാറാണ് ഇപ്പോൾ കോളജിന്റെ ചെയർമാൻ.


രേഖകളിൽ വസ്തുവിന്റെ സ്വഭാവം തിരുത്തിയ വിവരം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മർക്കസ് പവർ ഓഫ് അറ്റോർണി കൈമാറുന്നതുവരെ വില്ലേജ് രേഖകളിൽ തോട്ടം എന്നാണ് പ്രസ്തുത ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. അതേവർഷം അബ്ദുൽ ജബ്ബാർ ഈ വസ്തു 19 വയസുള്ള തന്റെ മകന്റെ പേരിൽ എഴുതിക്കൊടുത്തുകൊണ്ട് നാല് ആധാരങ്ങൾ രജിസ്റ്റർ ചെയ്തു.

ഈ ആധാരങ്ങളിലാണ് വസ്തു കൃഷി ഭൂമിയല്ലെന്നും കാർഷികാവശ്യങ്ങൾക്കോ അനുബന്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചിട്ടേയില്ലെന്നും തിരുത്തിയത്. ഈ തിരുത്തലുകളാണ് വിജിലൻസ് കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്  മെഡിക്കൽ കോളേജും സ്ഥലവും വിൽക്കാൻ ഒരുങ്ങുന്നത്.

പവർ ഓഫ് അറ്റോർണി എഴുതി വാങ്ങിയ ശേഷം അബ്ദുൽ ജബ്ബാർ ഹാജിയാണ് ഈ ഭൂമിയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകൾ പണികഴിപ്പിച്ചത്.

കോളേജുകൾ സ്ഥിതി ചെയ്യുന്ന ഭൂമി വിൽപ്പന നടത്താൻ നിയമപരമായി ജബ്ബാർ ഹാജിക്ക് അധികാരമില്ല. അതിനാൽ  വിൽപ്പന മർക്കസാണ് നടത്തിയത് എന്നു വേണം മനസ്സിലാക്കാൻ. മർക്കസിന്റെ ഭൂമിയിൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് ജബ്ബാർ ഹാജി നിർമിച്ച കോളേജിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം ആർക്ക് എന്ന് നിയമപരമായി തീർപ്പുകൽപ്പിക്കേണ്ടിവരും.

കണ്ണൂർ മെഡിക്കൽ കോളേജിലെ തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് കോളേജ് കണ്ണൂരിൽ നിന്നും മലപ്പുറത്തേക്ക് മാറ്റുകയാണെന്ന് മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നീട് സമരം ഒത്തുതീർപ്പാവുകയും കോളേജിന്റെ പ്രവർത്തനം സാധാരണഗതിയിൽ ആവുകയും ചെയ്‌തു.

നിലവിൽ നടന്നുവരുന്ന വിജിലൻസ് അന്വേഷണത്തിൽ ഭൂമി ഇനം മാറ്റി രജിസ്റ്റർ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടാൽ ഭൂമി മിച്ചഭൂമിയായി സർക്കാരിൽ എത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് നിയമവിദഗ്ദ്ധർ നാരദാ ന്യൂസിനോട് അഭിപ്രായപ്പെട്ടു. ഇത് മനസ്സിലാക്കിയാണ് തൊഴിലാളി സമരം മറയാക്കി മലപ്പുറത്തേക്ക് മാറാൻ മാനേജ്‌മെന്റ് ശ്രമിച്ചത്. കോടതി വിധി വരും മുൻപ് ഭൂമി കിട്ടുന്ന വിലയ്ക്ക് വിൽക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അൽ-എസ്എൻജി പ്രോപ്പർടീസിന്റെ വെബ് സൈറ്റിൽ കോളേജിനെയും ഭൂമിയെയും സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ തുക സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. വാങ്ങാൻ തയ്യാറുള്ളവർ ട്രസ്റ്റുകളുടെയോ നിലവിലെ കോളേജുകളുടെയോ വൻകിട ബിസിനസ് സംരംഭകരുടെയോ ലെറ്റർപാടുമായി അൽ-എസ്എൻജി പ്രോപ്പർടീസിനെ സമീപിക്കാനാണ് വെബ്സൈറ്റ് പറയുന്നത്.

Read More >>