കൈരളിയ്ക്കുള്ളിൽ കള്ളക്കച്ചവടം; ജോൺ ബ്രിട്ടാസിന്റെ ഉറ്റ അനുയായി സസ്പെൻഷനിൽ

കൈരളിയിൽ ബ്രിട്ടാസുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് രാജീവ്. ബ്രിട്ടാസ് അറിയാതെ രാജീവ് ഇത്ര ഗുരുതരമായ ഒരു മുൻകൈയ്ക്കു തുനിയില്ല എന്ന് കൈരളിയ്ക്കുള്ളിൽത്തന്നെ അഭിപ്രായമുണ്ട്.

കൈരളിയ്ക്കുള്ളിൽ കള്ളക്കച്ചവടം; ജോൺ ബ്രിട്ടാസിന്റെ ഉറ്റ അനുയായി സസ്പെൻഷനിൽ

തിരുവനന്തപുരം : കൈരളി ചാനലിന്റെ ഭൌതിക സൗകര്യങ്ങളുപയോഗിച്ച് ചാനലിനുള്ളിലിരുന്ന് മറ്റൊരു മാധ്യമസ്ഥാപനം നടത്തിയതിന്  എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എം രാജീവിനെ സസ്പെൻഡു ചെയ്തു. വെബ്ബ് ഡിസൈനര്‍ മാനേജര്‍ അജിനാണ് നടപടി നേരിട്ട മറ്റൊരാൾ.

കൈരളി മാനേജിംഗ് എഡിറ്റർ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയുടെ നിർമ്മാതാവു കൂടിയാണ് എം രാജീവ്. എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എൻ പി ചന്ദ്രശേഖരൻ ന്യൂസ് ഡയറക്ടറായപ്പോള്‍, സീനിയറായ മറ്റു പലരെയും മറികടന്ന് ബ്രിട്ടാസ് തന്നെയാണ് രാജീവിനെ എക്സിക്യൂട്ടീവ് എഡിറ്ററാക്കിയത്. കൈരളിയിൽ ബ്രിട്ടാസുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് രാജീവ്. ബ്രിട്ടാസ് അറിയാതെ രാജീവ് ഇത്ര ഗുരുതരമായ ഒരു മുൻകൈയ്ക്കു തുനിയില്ല എന്ന് കൈരളിയ്ക്കുള്ളിൽത്തന്നെ അഭിപ്രായമുണ്ട്.


കൈരളിയുടെ സൗകര്യങ്ങളുപയോഗിച്ചാണ് ഇവർ സമാന്തര ന്യൂസ് സൈറ്റ് പ്രവർത്തിപ്പിച്ചത്. വാർത്തയെഴുതുന്നത് കൈരളിയിലെ മാധ്യമപ്രവർത്തകർ. തയ്യാറാക്കുന്നത് കൈരളിയിലെ കമ്പ്യൂട്ടറിൽ. കൈരളിയുടെ ഇന്റർനെറ്റ് സൗകര്യങ്ങളുപയോഗിച്ചാണ് വാർത്ത അപ് ലോഡു ചെയ്തുവന്നത്. കൈരളിയുടെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കൈരളിയുടെ ജോലി സമയത്തു തന്നെയാണ് ഈ സൈറ്റിന്റെ രൂപകൽപന നടന്നതും.

സിപിഎമ്മിനെതിരെയുളള വാർത്തകളും സൈറ്റിൽ നിർബാധം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൈറ്റിൽത്തന്നെയാണ് വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടതും. തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പരാമർശത്തിനെതിരെയും സൈറ്റിൽ വാർത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചതും.

കൈരളിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് സിപിഎം വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ സമാന്തരമായ വാർത്താ പോർട്ടൽ ഉണ്ടാക്കിയതിനെതിരെ പാർടി നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് എം രാജീവിനെ സസ്പെൻഡു ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ രാജീവ് വെറും ബലിയാടു മാത്രമാണെന്നാണ് സഹപ്രവർത്തകർ വിശ്വസിക്കുന്നത്. രാജീവ് തൊഴിലില്ലാതെ അലയേണ്ടി വരില്ലെന്നും കേരളത്തിലെ ഒന്നാംനിര ചാനലിൽ നല്ല ശമ്പളത്തിന് ഉടൻ നിയമിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്.

കൈരളിയും പീപ്പിളും വൻ നഷ്ടത്തിലോടുമ്പോഴാണ് ഓഹരിയുടമകളെ വിഡ്ഢികളാക്കി കൈരളിയ്ക്കുള്ളിൽ നിന്ന് മറ്റൊരു സമാന്തര വാർത്താ പോർട്ടൽ ഉണ്ടായത്.  കൈരളി ഓൺലൈൻ വാർത്തകളൊന്നുപോലും ഷെയർ ചെയ്യാത്ത ചാനലിലെ പല മുതിർന്ന മാധ്യമലേഖകരും ഈ സമാന്തര ന്യൂസ് പോർട്ടലിലെ വാർത്താ ലിങ്കുകൾ പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തതും പാർടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഒരുവശത്ത്, അശ്ലീലവും പൈങ്കിളിയും കുത്തിനിറച്ച് കൈരളി ഓൺലൈൻ  സിപിഎം അനുകൂലികളുടെപോലും എതിർപ്പു ക്ഷണിച്ചു വരുത്തുമ്പോഴാണ്, മാനേജ്മെന്റിന്റെ ഭാഗമായവരുടെ മുൻകൈയിൽ അതൊന്നുമില്ലാത്ത വാർത്താ പോർട്ടൽ കൈരളിയ്ക്കുള്ളിൽനിന്നു പിറന്നതും. അത്യുന്നതരുടെ പിന്തുണയില്ലാതെ സിപിഎം നിയന്ത്രണത്തിലുള്ള ചാനലിൽ ആരും ഇത്രയ്ക്ക് ഒരുമ്പെട്ടിറങ്ങില്ല.

ഭീമമായ നഷ്ടത്തിലോടുന്ന ചാനലിന്റെ ഓഹരിയുടമകൾക്ക് ഇത്തരമൊരു പണി കൊടുത്ത  ബിസിനസ് ബുദ്ധിയുടെ ഉടമയ്ക്കെതിരെയാണ് യഥാർത്ഥത്തിൽ നടപടിയെടുക്കേണ്ടത് എന്നാണ് കൈരളിയിലെ മുറുമുറുപ്പ്.

Read More >>