കൈരളി ചാനലിന്റെ ശമ്പളം പറ്റുന്നവർക്കു പോലും പാർടി നേതാക്കളിൽ വിശ്വാസമില്ല; മീഡിയാ സിൻഡിക്കേറ്റിന് പുതിയ അർത്ഥം തേടി സിപിഐഎം

ഇ പി ജയരാജൻ ഇതിനൊന്നിനും മടിക്കാത്ത ആളാണെന്ന് പാർടി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു പോലും ബോധ്യമുണ്ട് എന്ന വ്യക്തമായ സന്ദേശം അത്തരമൊരു വാർത്തയിൽ കണ്ടാൽ കുറ്റം പറയാനാവില്ല.

കൈരളി ചാനലിന്റെ ശമ്പളം പറ്റുന്നവർക്കു പോലും പാർടി നേതാക്കളിൽ വിശ്വാസമില്ല; മീഡിയാ സിൻഡിക്കേറ്റിന് പുതിയ അർത്ഥം തേടി സിപിഐഎം

തിരുവനന്തപുരം : കൈരളി ചാനലിനുള്ളിൽ പ്രവർത്തിച്ച കള്ളസ്ഥാപനം സിപിഐഎം നേതാക്കൾക്കെതിരെ പ്രസിദ്ധീകരിച്ചത് ഗുരുതരമായ ആരോപണങ്ങൾ. ഇതോടെ മാധ്യമസിൻഡിക്കേറ്റ് എന്ന പ്രയോഗത്തിന് പുതിയ നിർവചനം കണ്ടുപിടിക്കേണ്ട ഗതികേടിലാണ് സിപിഐഎം. പാർടി നേതാക്കളെ താറടിച്ചു കാണിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മനപ്പൂർവം വാർത്ത മെനയുന്നുവെന്ന് സ്ഥിരമായി പരാതി പറയുന്നവരാണ് സിപിഐഎം നേതാക്കൾ.

കുത്തക മാധ്യമ ഉടമസ്ഥതയുടെ തൊഴിലാളിവിരുദ്ധ സമീപനമാണിതെന്ന സിദ്ധാന്തം പ്രചരിപ്പിക്കാൻ മാധ്യമ പഠനക്ലാസുകളും പാർടി സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ പാർടി സ്ഥാപനത്തിലെ തൊഴിലാളികൾക്കു പോലും പാർടി നേതാക്കളെ വിശ്വാസമില്ല എന്ന നിലയിലാണ് കാര്യങ്ങൾ. പാർടി നേതാക്കളെയാണോ, അവർ ഒപ്പം കൊണ്ടുനടന്നു പോറ്റുന്നവർ ഒളിച്ചു പ്രചരിപ്പിക്കുന്ന വാർത്തകളെയാണോ വിശ്വസിക്കേണ്ടത് എന്ന ചോദ്യത്തിന് സിപിഐഎം ഉത്തരം പറയേണ്ടി വരും.


ഇരണാവിലെ ഇപിയുടെ കുടുംബക്ഷേത്രവും കൈരളി ചാനലിലെ ജീവനക്കാരും

ep-teakഇരണാവിലെ കുടുംബക്ഷേത്രത്തിലേയ്ക്ക് സൗജന്യമായി തേക്കുമരം സംഘടിപ്പിച്ചുകൊടുക്കാൻ മന്ത്രിയായിരിക്കെ ഇ പി ജയരാജൻ വഴിവിട്ട് ഇടപെട്ടു എന്നൊരു വാർത്ത സമീപകാലത്ത് ഏറെക്കുറെ എല്ലാ മാധ്യമങ്ങളും നൽകിയിരുന്നു. എന്നാൽ ഇരണാവിലേത് ഇ പി ജയരാജന്റെ കുടുംബക്ഷേത്രമല്ലെന്നും ക്ഷേത്രഭാരവാഹികൾ മന്ത്രിയ്ക്കു നൽകിയ നിവേദനം വകുപ്പു മന്ത്രിയ്ക്ക് കൈമാറുക മാത്രമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.

ഇരണാവിലേത് ഇ പി ജയരാജന്റെ കുടുംബക്ഷേത്രം എന്ന മട്ടിൽ വാർത്ത നൽകിയ മാതൃഭൂമി ചാനലിലെ സി കെ വിജയന്റെ ഫേസ് ബുക്ക് പേജ് സിപിഐഎം അനുകൂലികളുടെ തെറിയഭിഷേകത്തെ തുടർന്ന് പൂട്ടിക്കെട്ടുന്ന അവസ്ഥയുമുണ്ടായി.

പീപ്പിൾ ചാനലിലോ ദേശാഭിമാനിയിലോ ഈ വാർത്ത വരില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, കൈരളിയിൽ നിന്നു ശമ്പളം പറ്റുന്നവർ രഹസ്യമായി നടത്തുന്ന പോർട്ടലിൽ ഈ വാർത്ത ഇതുപോലെ പ്രത്യക്ഷപ്പെടുമ്പോൾ വായനക്കാർ അമ്പരക്കും. ഇ പി ജയരാജൻ ഇതിനൊന്നിനും മടിക്കാത്ത ആളാണെന്ന് പാർടി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു പോലും ബോധ്യമുണ്ട് എന്ന വ്യക്തമായ സന്ദേശം അത്തരമൊരു വാർത്തയിൽ കണ്ടാൽ കുറ്റം പറയാനാവില്ല.

സംശയമുണ്ടെങ്കിൽ പീപ്പിൾ ചാനലിലെ മുൻനിര ജേണലിസ്റ്റുകളിലൊരാൾ കള്ളസ്ഥാപനത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇതൊടൊപ്പമുള്ളതു വായിക്കുക. ഇരണാവിലെ കുടുംബക്ഷേത്രത്തിനു വേണ്ടിയാണ് ഇടപെടൽ എന്നു കൃത്യമായി ആ വാർത്തയിൽ പറഞ്ഞിട്ടുണ്ട്. ക്ഷേത്രഭാരവാഹികളിൽ പലരും ഇ പി ജയരാജന്റെ കുടുംബബന്ധുക്കളാണെന്നു കൂടി കൈരളി ചാനലിലെ ജീവനക്കാർ പറഞ്ഞുവച്ചു. വിജയന്റെ ഫേസ് ബുക്ക് പേജ് തെറിവിളിച്ചു പൂട്ടിച്ചവർ ഇനി എങ്ങനെയാവും പ്രതികരിക്കുക?

ഇ പി ജയരാജൻ കെ ബാബുവിനു സമശീർഷൻ, ചക്കിട്ടപ്പാറയിലെ വില്ലൻ എളമരം... പറയുന്നത് കൈരളിയിൽ നിന്നു ശമ്പളം പറ്റുന്നവർ

ep-equels-babuജേക്കബ് തോമസിന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവരിൽ കെ ബാബു മുതൽ ഇ പി ജയരാജൻ വരെയുളളവർ ഉണ്ടെന്നായിരുന്നു കൈരളി ജീവനക്കാരുടെ മറ്റൊരു വെളിപ്പെടുത്തൽ. കെ ബാബുവിനു സമശീർഷനായി സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗത്തെ പ്രതിഷ്ഠിച്ചത് മനോരമയോ മാതൃഭൂമിയോ വീക്ഷണമോ ജന്മഭൂമിയോ അല്ല. സിപിഐഎം സ്ഥാപനത്തിലെ ജീവനക്കാരാണ്.

നവംബർ ഒന്നിന്  പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയും വാചാലമാണ്. "ജയരാജൻ പറഞ്ഞത് നേരോ..? ചക്കിട്ട പാറ ഖനനാനുമതി നിഷേധിച്ചത് ശത്രുക്കളെ കൂട്ടിയോ…?ഖനനാനുമതി നിഷേധിച്ചത് ബന്ധു നിയമന വിവാദത്തിന് തൊട്ട് മുമ്പ്" എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്.

"ചക്കിട്ടപാറയില്‍ കര്‍ണാടക കമ്പനിക്ക് ഇരുമ്പയിര് ഖനനാനുമതി നിഷേധിച്ച മുന്‍ സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചു വ്യവസായ വകുപ്പ് വീണ്ടും ഉത്തരവിറക്കി" എന്ന ലീഡിനോട് കൂട്ടിവായിക്കേണ്ടത് അവസാന ഖണ്ഡികയാണ്.

അതിങ്ങനെയായിരുന്നു:

ep-elamaramവിഎസ് സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണു 2010ല്‍ സ്വകാര്യ കമ്പനിക്കു ഖനനാനുമതി നല്‍കി ഉത്തരവിട്ടത്. ചക്കിട്ടപാറ, കാക്കൂര്‍, മാവൂര്‍ വില്ലേജുകളിലെ 1854 ഏക്കര്‍ ഭൂമിയില്‍ 30 വര്‍ഷം ഇരുമ്പയിര് ഖനനം ചെയ്യാനാണു സര്‍ക്കാര്‍ കര്‍ണാടക കമ്പനിക്ക് അനുമതി നല്‍കിയത്. ഇത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.

എത്ര സൂക്ഷ്മമായാണ് മുൻ സർക്കാരിനും ഇ പി ജയരാജനും ക്ലീൻ ചിറ്റു നൽകി കൈരളിയിലെ ജീവനക്കാർ എളമരം കരീമിനെ ചക്കിട്ടപ്പാറയിലെ വില്ലനായി പ്രതിഷ്ഠിക്കുന്നത്? ഖനനാനുമതി നിഷേധിച്ചുവെന്നു പാർടി ചാനലിലെ ജീവനക്കാർ ഉറപ്പിച്ചു പറയുമ്പോൾ, അനുമതിയ്ക്കു വേണ്ടി ശ്രമം നടന്നുവെന്നു തന്നെയാണ് അർത്ഥം.

അവസാന പാരഗ്രാഫിൽ അനുമതി ലഭിച്ച വഴി കൂടി സൂചിപ്പിച്ചതോടെ ഇ പി ജയരാജന്റെ ശത്രുവിനെ വായനക്കാർക്കു മനസിലായി. ഇതൊന്നും കുത്തകമാധ്യമങ്ങളിലെ കൂലിയെഴുത്തുകാരല്ല ചെയ്യുന്നത്. പാർടി സ്ഥാപനം പോറ്റി വളർത്തുന്നവരാണ്. സ്വാഭാവികമായും അവരെ  വിശ്വസിക്കാനായിരിക്കും കൂടുതൽ പേരും തയ്യാറാവുക.