വടക്കാഞ്ചേരി പീഡനം; വിവാദത്തിന് തിരക്കഥയൊരുക്കിയത് കൈരളിക്കുള്ളിലെ കള്ളസ്ഥാപനം; സ്വന്തം ചാനലിൽ നിന്ന് ഇരുട്ടടിയേറ്റ് സിപിഐഎം

മാതൃഭൂമിയടക്കമുള്ള പത്രങ്ങളിൽ നേരത്തെ വാർത്ത വന്നിട്ടും ഈ വിഷയം സിപിഐഎമ്മിനെതിരെ കത്തിച്ചു നിർത്താൻ പാർടി സ്ഥിരമായി ശത്രുപക്ഷത്തു നിർത്തുന്ന മാധ്യമ പ്രവർത്തകർക്കു കഴിഞ്ഞിരുന്നില്ല. പക്ഷേ, പാർടി ചാനലിൽ നിന്നു ശമ്പളം പറ്റുന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ പാർടിയെ പ്രതിസന്ധിയിലാക്കിയ വൻ വിവാദമായി പ്രശ്നം വളർന്നു.

വടക്കാഞ്ചേരി പീഡനം; വിവാദത്തിന് തിരക്കഥയൊരുക്കിയത് കൈരളിക്കുള്ളിലെ കള്ളസ്ഥാപനം; സ്വന്തം ചാനലിൽ നിന്ന് ഇരുട്ടടിയേറ്റ് സിപിഐഎം

തിരുവനന്തപുരം : തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് വടക്കാഞ്ചേരി സ്വദേശിനി 2016 ആഗസ്റ്റ് പതിമൂന്നിന് പോലീസിനു നൽകിയ പരാതിയെ സിപിഐഎമ്മിനെതിരെയുള്ള വിവാദമാക്കി വളർത്തിയത് കൈരളി ചാനലിനുള്ളിൽ പ്രവർത്തിച്ച കള്ളസ്ഥാപനം. പരാതി നൽകിയ സമയത്തു തന്നെ മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ പ്രതികളുടെ പേരും രാഷ്ട്രീയബന്ധവും സഹിതം വാർത്ത നൽകിയിരുന്നു. എന്നാൽ അക്കാലത്ത് സംസ്ഥാനം ശ്രദ്ധിക്കുന്ന വിവാദമായി അതു വളർന്നിരുന്നില്ല. കൈരളിക്കുള്ളിൽ നിന്ന് രഹസ്യമായി പ്രവർത്തിച്ച ന്യൂസ് പോർട്ടലിന്റെ പ്രചാരണത്തിന് വേണ്ടി ഈ കേസ് ഉപയോഗിക്കാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാനം ശ്രദ്ധിക്കുന്ന വിവാദമായി പ്രശ്നം മാറിയത്.


fir-vadakkanchery

കൈരളി ചാനലിൽ അവതാരകയായ ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റും  തുടർന്നു നടന്ന പത്രസമ്മേളനവുമൊക്കെ ആസൂത്രണം ചെയ്തത് കള്ളസ്ഥാപനത്തിന്റെ അണിയറ പ്രവർത്തകരായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ സിപിഐഎം ശേഖരിച്ചിട്ടുണ്ട്. കൈരളി ചാനലിൽ പല പരിപാടികളുടെയും അവതാരകയായ ഭാഗ്യലക്ഷ്മിയുമായി ഏറെ അടുപ്പമുള്ളയാളാണ് സസ്പെൻഷനിലായ എക്സിക്യൂട്ടീവ് എഡിറ്റർ എം രാജീവ്. പൊലീസിനു മുന്നിൽ നേരത്തെ തന്നെ പരാതിയാവുകയും പണമിടപാടു സംബന്ധിച്ച തർക്കമായി തൃശൂരിലെ പാർടി നേതൃത്വത്തിനു മുന്നിലെത്തുകയും ചെയ്ത പ്രശ്നം ഇവർ നടത്തിയ ആസൂത്രണത്തിലൂടെയാണ് സംസ്ഥാനത്തിനകത്തും പുറത്തും കോളിളക്കമുണ്ടാക്കിയ വിവാദമായി വളർന്നത്.

ആഗസ്റ്റ് മാസത്തിൽ യുവതി പോലീസിനു നൽകിയ പരാതിയിൽ പ്രതികളായ നാലുപേരുടെയും പേരും രാഷ്ട്രീയബന്ധവും വ്യക്തമായി പറഞ്ഞിരുന്നു. ജയന്തൻ കൗൺസിലറാണെന്നും പ്രതികളെല്ലാം സിപിഐഎം പ്രവർത്തകരാണെന്നും ആ പരാതിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ആഗസ്റ്റ് 15ന് മാതൃഭൂമി തൃശൂർ എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്തയിലും ജയന്തന്റെ സിപിഐഎം ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അവസാന ആശ്രയമായി കരുതി യുവതി സമീപിച്ച ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ മാത്രം ആദ്യം അക്കാര്യം പരാമർശിക്കപ്പെട്ടില്ല.

mathrubhumi-vadakkancheryഭാഗ്യലക്ഷ്മിയുടെ ആദ്യ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികളുടെ പേരും രാഷ്ട്രീയബന്ധവും മറച്ചുവെയ്ക്കപ്പെട്ടതും പിന്നീടു നടന്ന പത്രസമ്മേളനത്തിൽ നാടകീയമായ വെളിപ്പെടുത്തൽ എന്ന നിലയിൽ അവതരിപ്പിച്ചതും വിവാദം ലക്ഷ്യമിട്ടു തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു.

കൈരളിയിൽ നിന്നു ശമ്പളം പറ്റുന്നവർ, ചാനലിന്റെ കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് തങ്ങളെ വൻപ്രതിസന്ധിയിലാക്കിയത് പാർടി നേതൃത്വത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. മാതൃഭൂമിയടക്കമുള്ള പത്രങ്ങളിൽ നേരത്തെ വാർത്ത വന്നിട്ടും ഈ വിഷയം സിപിഐഎമ്മിനെതിരെ കത്തിച്ചു നിർത്താൻ പാർടി സ്ഥിരമായി ശത്രുപക്ഷത്തു നിർത്തുന്ന മാധ്യമപ്രവർത്തകർക്കു കഴിഞ്ഞിരുന്നില്ല.

പക്ഷേ, പാർടി ചാനലിൽ നിന്നു ശമ്പളം പറ്റുന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ പാർടിയെ പ്രതിസന്ധിയിലാക്കിയ വൻവിവാദമായി പ്രശ്നം വളർന്നു. കൈരളിയിലെ ഉന്നതരുടെ പിൻബലമില്ലാതെ ഇത്തരമൊരു ആസൂത്രണം സാധ്യമാവില്ല എന്ന് പാർടി കരുതുന്നതിനു കാരണവും ഇതാണ്.

kairali-channel-cheatingവിവാദത്തിലേയ്ക്ക് സമർത്ഥമായി മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇവർ വലിച്ചിട്ടു. "വാർത്ത വൈറലായതോടെ മുഖ്യമന്ത്രിയുടെ മീഡിയ സെൽ വിശദാംശങ്ങൾ തിരക്കിയിരുന്നു" എന്നൊരു പരാമർശം ഭാഗ്യലക്ഷ്മിയുടെ പത്രസമ്മേളന വാർത്തയിലുണ്ട്.

സസ്പെൻഷൻ വാർത്ത പുറത്തുവരുന്നതുവരെ പുറംലോകത്തിന് വിവാദമായ ന്യൂസ് പോർട്ടലിന്റെ അണിയറക്കാർ അപരിചിതരായിരുന്നു. പ്രസ്തുത ന്യൂസ് പോർട്ടലിന്റെ പ്രവർത്തകരെന്ന നിലയിൽ ആരെയും മുഖ്യമന്ത്രിയുടെ ഓഫീസിനു പരിചയമുണ്ടാകാൻ ഒരു സാധ്യതയുമില്ല. പക്ഷേ, കോ ടെർമിനസ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന മാധ്യമ ബന്ധത്തിന് കൈരളിക്കുള്ളിൽ ഇങ്ങനെയൊരു വെബ് പോർട്ടൽ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം അറിയാമെന്ന സൂചനയല്ലേ ഈ പരാമർശം എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനുമാവില്ല.

കൈരളിയിലെ ഒട്ടേറെ മാധ്യമപ്രവർത്തകരുടെ തൊഴിൽ സമയം ഉപയോഗിച്ച് ഇത്രയും ഉള്ളടക്കം മാനേജ്മെന്റ് അറിയാതെയോ പിന്തുണയ്ക്കാതെയോ നിർമ്മിക്കാനാവില്ല. അതുകൊണ്ടുതന്നെ ബലിയാടുകൾക്കപ്പുറത്തേയ്ക്ക് അന്വേഷണം നീട്ടാൻ കോടിയേരി ബാലകൃഷ്ണനു കഴിയുമോ എന്നു കാത്തിരിക്കുകയാണ് മാധ്യമലോകം.