മിസ്റ്റര്‍ മോഡി, നോട്ട് കത്തിച്ച യഹിയ കാത്തിരിക്കുന്നു; തലപാതി വടിച്ച്...

വെറും കടലാസായ 23000 രൂപ നോട്ടുകളുമായി കടയ്ക്കലെ ചായക്കടക്കാരന്‍ യഹിയ രണ്ടു ദിവസം ബാങ്കില്‍ കയറിയിറങ്ങി. നോട്ട് മാറ്റിക്കിട്ടിയില്ല- പിന്നെ എല്ലാ ഇന്ത്യാക്കാരേയും മനസാസ്മരിച്ച് അതങ്ങ് ചെയ്തു- രാജ്യം ഭരിക്കുന്നവരെ 'പോടാ പുല്ലേ'യെന്നു ജീവിതം കൊണ്ടു വെല്ലുവിളിക്കാന്‍ ഏറെപ്പേര്‍ക്കു കഴിയണമെന്നില്ല. ത്രില്ലടിപ്പിക്കുന്ന അനേകം വെല്ലുവിളികളുമായി ഒരു മാക്സിയിട്ട ജീവിതം.

മിസ്റ്റര്‍ മോഡി, നോട്ട് കത്തിച്ച യഹിയ കാത്തിരിക്കുന്നു; തലപാതി വടിച്ച്...

rms-thattukada-1കടയ്ക്കൽ എന്നസ്ഥലനാമത്തിന് തലകുനിക്കാനറിയാത്തവരുടെ കലാപവാസന എന്ന് ചരിത്രത്തിലൊരു അർത്ഥമുണ്ട്. സർ സി പിയ്ക്കെതിരെ പൊരുതി ഏതാനും ദിവസത്തേയ്ക്കെങ്കിലും സ്വന്തം രാജ്യവും ഭരണകൂടവും സ്ഥാപിച്ച ഫ്രാങ്കോ രാഘവന്‍പിള്ളയുടെയും ബീഡി വേലുവിന്റെയും കാളിയമ്പിയുടെയും നാടാണിത്. കടയ്ക്കല്‍ ചന്തയിലെ അന്യായമായ കരംപിരിവിനെതിരെ ഉശിരുള്ള ചെറുപ്പക്കാർ ആരംഭിച്ച സമാന്തര ചന്തയാണ് കടയ്ക്കൽ വിപ്ലവമായും സ്വതന്ത്രരാജ്യമായുമൊക്കെ വളർന്നത്. ആ മണ്ണിൽ ജനിച്ചു വളർന്ന യഹിയ എന്ന ദരിദ്രനായ ഒരെഴുപത്തിമൂന്നുകാരൻ നരേന്ദ്രമോദിയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം ചരിത്രം  വർത്തമാനത്തിലേയ്ക്കെറിയുന്ന തീക്കനലാവുന്നതു സ്വാഭാവികം. ചങ്കൂറ്റമിരമ്പുന്ന മണ്ണിന്റെ വളർത്തു ഗുണം.


കൊല്ലം ജില്ലയിലെ കടയ്ക്കൽ - തൊളിക്കുഴി റോഡിൽ മുക്കുന്നം എന്ന കൊച്ചു പ്രദേശത്താണ് യഹിയയുടെ ആർഎംഎസ് എന്ന ചായക്കട. നവംബർ എട്ടിനു രാത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു പിൻവലിക്കപ്പെടുമ്പോൾ ചായക്കടയിൽ നിന്നു സമ്പാദിച്ച പത്തിരുപത്തിമൂവായിരം രൂപയുണ്ടായിരുന്നു അദ്ദേഹത്തിന്റെ പക്കൽ. പണം മാറാൻ രണ്ടുദിവസം ക്യൂവിൽ. രണ്ടാം ദിവസം രക്തത്തിൽ പഞ്ചസാര കുറഞ്ഞ് ക്യൂവിൽ തളർന്നു വീണു. നാട്ടുകാരെടുത്ത് ആശുപത്രിയിലാക്കി.

തിരികെ വന്ന് കോഴിയെ പൊരിക്കുന്ന അടുപ്പിലിട്ട് ആ നോട്ടുകൾ യഹിയ കത്തിച്ചു കളഞ്ഞു. നേരെ ബാർബർ ഷോപ്പിൽ ചെന്ന് കഷണ്ടിത്തലയിൽ അവശേഷിക്കുന്ന മുടി പാതി വടിച്ചു കളഞ്ഞു. മോഡിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്നു മാത്രമേ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളുവെന്നൊരു ശപഥവുമെടുത്തു, ഈ വയോവൃദ്ധൻ. അഷ്റഫ് കടയ്ക്കൽ എന്ന യൂണിവേഴ്സിറ്റി അദ്ധ്യാപകന്റെ
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
ഈ ശപഥം പുറംലോകമറിഞ്ഞതും നാരദാ ന്യൂസ് വാർത്താതാരത്തെ തേടിയെത്തിയതും.

പൊലീസിനോടുള്ള പ്രതിഷേധമായി മാക്സിയുടുത്തു ജീവിതം...

rms-thattukada-5ഈ പോരാളിയെത്തേടി മുക്കുന്നത്തെ ചായക്കടയിലെത്തിയപ്പോൾ സമയം ഉച്ച. അടുപ്പിലിരുന്നു തിളയ്ക്കുന്ന പാത്രങ്ങളിലൊന്നിൽ മീനും മറ്റൊന്നിൽ കോഴിയും. രണ്ടു മിനിറ്റിനകം കഥാനായകനെത്തി. പോക്കറ്റുള്ള മാക്സിയാണു വേഷം. കാക്കിയുടെ അധികാരത്തിളപ്പിനോടുള്ള പ്രതിഷേധമാണ്   യഹിയയുടെ ഉടുതുണി.

പണ്ടൊരു എസ്ഐ, യഹിയയെ കാക്കിയുടെ കരുത്തറിയിച്ചു. യജമാനനെ കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് മുണ്ടിന്റെ മടക്കിക്കുത്തഴിച്ചില്ല എന്നതായിരുന്നു കുറ്റം. അന്നുപേക്ഷിച്ചതാണ് മുണ്ട്. പകരം മാക്സിയാക്കിയൊരു തിരിച്ചടി.  പോലീസുകാരനോ ഡിജിപിയോ, എംഎൽഎയോ മന്ത്രിയോ മുന്നിലെത്തിയാലും വേഷത്തെക്കുറിച്ച് യഹിയയ്ക്കു വേവലാതിയില്ല. നാടും പോലീസും ഭാര്യയും മക്കളും അംഗീകരിച്ച വേഷം. അടുത്തകാലത്ത് മകൾ വാങ്ങി നൽകിയ പുതിയ മാക്സിയും അഭിമാനത്തോടെ അദ്ദേഹം ഞങ്ങൾക്കു കാണിച്ചു തന്നു.

മരുഭൂമിയിലെ നെരിപ്പോടിൽ ഉരുകിയുറച്ച നട്ടെല്ല്

പതിനെട്ടുകൊല്ലം ഗൾഫിലായിരുന്നു. ആടുമേയ്ക്കലും ഒട്ടകത്തെ വളർത്തലുമായിരുന്നു ജോലി. കുളിക്കാതെയും പല്ലുതേയ്ക്കാതെയും ഷേവു ചെയ്യാതെയും ജീവിച്ചത് തുടർച്ചയായ മൂന്നു വർഷം. പിക്കപ്പു വാനിൽ എത്തിക്കുന്നത് മേയ്ക്കാൻ കിട്ടിയ 300 ആടുകൾക്കു കഷ്ടിച്ചു വേണ്ട വെള്ളം. കുളിക്കാനോ പല്ലുതേയ്ക്കാനോ അതിൽനിന്നൊരു തുള്ളി എടുക്കുന്നത് അറബി കണ്ടാൽ അടിച്ചു പുറം പൊളിക്കും.

ആടു ജീവിതത്തിൽ ബെന്യാമിൻ പരിചയപ്പെടുത്തിയ ഒരു കഥാപാത്രമുണ്ട്. ജടപിടിച്ച മുടിയും വയറോളം താഴ്ന്നു വളർന്ന താടിരോമങ്ങളും മുഷിഞ്ഞതിലും മുഷിഞ്ഞ അറബിവസ്ത്രവും ധരിച്ച, അടുത്തു ചെല്ലാൻ കഴിയാത്തവിധം മുശടു നാറ്റമുളള മനുഷ്യൻ. അതുപോലൊരാളാണ് ഞങ്ങളുടെ മുന്നിൽ ജീവിതത്തിന്റെ പുസ്തകം തുറന്നിട്ടത്.

പതിനെട്ടു മക്കളായിരുന്നു മുഹമ്മദു കണ്ണ്, ആഷിയ ദമ്പതിമാർക്ക്. പരമദരിദ്രമായ ബാല്യം പോത്തു വളർത്തിയും കൂലിപ്പണിയെടുത്തുമാണ് പിന്നിട്ടത്. സ്കൂളിൽപോകാനോ എഴുത്തും വായനയും പഠിക്കാനോ അവസരം കിട്ടാത്ത ബാല്യവും കൌമാരവും.

ആർഎംഎസ് തട്ടുകട... നേരിന്റെ രുചി.. നേരുള്ള പാചകം...

rms-thattukada-2വ്യത്യസ്തമാണ് ഈ തട്ടുകടയിലെ  രീതികൾ. ആ വ്യത്യസ്തത രുചിക്കാൻ അന്യനാട്ടിൽനിന്നുപോലും ആളെത്തുന്നുണ്ടെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. ഊണിന് പത്തുരൂപയേ ഉള്ളൂ. പത്തുരൂപയ്ക്കു ഒരു പ്ലേറ്റ് കപ്പ. അരപ്ലേറ്റ് കോഴിക്കറി നാൽപതു രൂപ. അറുപതു രൂപയ്ക്ക് മൃഷ്ടാന്നം കഴിക്കാം. കഴിക്കാനെത്തുന്നവർ ഓർമ്മിക്കുക, രണ്ടാമതു വാങ്ങുന്ന ചോറ് ബാക്കിവെച്ചാൽ 25 രൂപ ഫൈനടയ്ക്കേണ്ടി വരും.

അഞ്ചു ചിക്കൻ വാങ്ങിയാൽ ഒരു ചിക്കൻ ഫ്രീ. പത്തു ദോശ വാങ്ങിയാൽ അഞ്ചെണ്ണം ഫ്രീ. ദോശയ്ക്ക് നാലു രൂപ. ചായയ്ക്ക് അഞ്ചു രൂപ.

ഒരു ദിവസം ഉപയോഗിക്കുന്ന എണ്ണ പിറ്റേന്ന് ഉപയോഗിക്കില്ല. ഉപയോഗിച്ച എണ്ണ ഒരു കന്നാസിൽ നിറച്ചു വച്ചിരിക്കുന്നത് ഞങ്ങൾക്കു കാണിച്ചുതന്നു. അപരിചിതർക്കോ മറ്റു ഹോട്ടലുകാർക്കോ അതു വിൽക്കില്ലെന്നും നിർബന്ധം. റബ്ബർ ഷീറ്റു പുകയ്ക്കാൻ വിറകുകത്തിക്കുമ്പോൾ അതിലൊഴിക്കാൻ വാങ്ങിക്കൊണ്ടുപോകുന്ന സ്ഥിരം കസ്റ്റമറുണ്ട്. അവർക്കേ എണ്ണ വിൽക്കൂ. വേറെ ആർക്കെങ്കിലും കൊടുത്താൽ അവരിതു പാചകത്തിനുപയോഗിക്കില്ലെന്ന് എന്താണുറപ്പ്?

പത്തുവർഷമായി ചായക്കടയാണ്. നാലു വീൽ വണ്ടിയിൽ തുടങ്ങിയ തട്ടുകട ഇപ്പോൾ ആർഎംഎസ് ഹോട്ടലായി. നോട്ടു പിൻവലിക്കലിനു മുമ്പ് ദിവസം അമ്പതു കിലോ ചിക്കൻ വിറ്റുപോകുമായിരുന്നു. ഇപ്പോഴത് പതിനഞ്ചു കിലോ ആയി ചുരുങ്ങി.

പാചകത്തിനും വിൽപനയ്ക്കും യഹിയ സ്റ്റൈൽ

കോഴിയൊക്കെ പൊരിക്കുന്നതിനും തനതു രീതിയുണ്ട്. മഞ്ഞൾ പുരട്ടി വച്ചിരിക്കുന്ന വലിയ കഷണങ്ങൾ ഉച്ചയ്ക്ക് മുളകുവെള്ളത്തിൽ പുഴുങ്ങിയെടുക്കും. മസാല തേച്ച് അഞ്ചുമണി വരെ വച്ചിരിക്കും. മസാലയ്ക്ക് പൊടികളൊന്നും ഉപയോഗിക്കില്ല. വിശ്വാസമുളള കടയിൽ നിന്ന് പിരിയൻ മുളകും വറ്റൽമുളകും ഒരു മാസത്തേയ്ക്കുളളത് രൊക്കം കാശുകൊടുത്ത് എടുക്കും. വറുക്കുന്നതും പൊടിപ്പിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. പിരിയൻ മുളക് ചതച്ചു ചാക്കിൽ നിറച്ചു വെച്ചിരിക്കുന്നത് ഞങ്ങൾക്കു കാണിച്ചു തന്നു. ഇപ്പോ വിശ്വാസമായോ എന്നൊരു നോട്ടവും.

വിലക്കുറിവിനൊക്കെ ന്യായവും കാരണങ്ങളും പറഞ്ഞു തരും. ഒരു ലിറ്റർ പാല് ഒരുമിച്ചു ചായയൊഴിച്ചാൽ പതിനാലു ചായയ്ക്കു തികയും. അറച്ചറച്ച് ഒഴിച്ചാൽ ഒമ്പതു ചായയേ വരൂവത്രേ. ഊണിന് ചിക്കനും കപ്പയും മാത്രമാണ് കറി. അച്ചാറോ തൈരോ സൌകര്യം പോലെ ഏതെങ്കിലും ഒരു സൈഡ് ഡിഷും ഉണ്ടാകും. അതു മുൻകൂട്ടി പറയാനാവില്ല. ശനിയാഴ്ച വൈകുന്നേരം പത്തിരിയും ചിക്കൻ ഫ്രൈയും സ്പെഷ്യൽ. വിളിച്ചിട്ടു ചെല്ലാൻ ക്ഷണം.

പണം സാമ്പാദിക്കണമെന്ന ചിന്തയോ ആർത്തിയോ യഹിയയ്ക്കില്ല. ചെലവു കഴിഞ്ഞ് അഞ്ഞൂറു രൂപ കിട്ടണം. അതു കിട്ടിയാൽ ബാക്കി ഫ്രീയാണ്. സ്ഥിരം ക്വാട്ട കഴിക്കാൻ കടയുടമ രംഗം വിടും. ബാക്കിയുള്ള ഭക്ഷണം ആവശ്യക്കാർക്ക് ഉപയോഗിക്കാം. ചിക്കൻ ഫ്രൈയൊക്കെ സ്വയം ഉണ്ടാക്കേണ്ടി വരുമെന്നേയുള്ളൂ.

ഇരുട്ടടികളുടെ രാത്രികൾ... വിലകെട്ടുപോയ അധ്വാനം... 

rms-thattukada-4

യഹിയക്ക് ജീവിതത്തിൽ ഒരു തത്ത്വശാസ്ത്രമേയുളളൂ. ആരുടെയും മുന്നിൽ കൈനീട്ടാതെ, മരിക്കുന്നതുവരെ അധ്വാനിച്ചു ജീവിക്കണം. ആരോടും പരാതിയില്ലാതെ, ഈ മനുഷ്യൻ സ്വന്തം അധ്വാനം ആസ്വദിച്ചു ജീവിക്കുകയാണ്. ആ ജീവിതത്തിൽ  അടുപ്പിച്ചടുപ്പിച്ചു രണ്ട് ഇരുട്ടടികൾ...

ഒരു ദിവസം അർദ്ധരാത്രി ആർഎംഎസ് തട്ടുകടയിൽ നിന്നു കോഴി പൊരിച്ചതു കഴിക്കാൻ കാറിൽ രണ്ടുപേരെത്തി. മൃഷ്ടാന്നം കഴിച്ചു കൈയും കഴുകിയ ശേഷം അവരിലൊരാൾ യഹിയയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. മറ്റേയാൾ കടയിലിരുന്ന പത്തയ്യായിരം രൂപ കവർന്നെടുത്തു. പാതിരാത്രി നിലവിളിച്ചാൽ ആരു കേൾക്കാൻ.

അങ്ങനെയൊരു ദുരനുഭവം ഉണ്ടായശേഷം പണം കടയിൽ സൂക്ഷിക്കാറില്ല. വിചിത്രമായ വഴികളിൽ അദ്ദേഹം പണം ഒളിപ്പിച്ചു. ചിലേടത്തു കുഴിച്ചിട്ടു. ചില സ്ഥലത്ത് ചുരുട്ടിക്കൂട്ടി ഒളിച്ചു വെച്ചു. അതിൽ പലതും ചിതലെടുത്തു പോയി. ബാക്കി വന്ന പണമാണ് ഇരുപത്തി മൂവായിരം രൂപ.

ആ പണമാണ് മറ്റൊരു രാത്രി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രി വിലകെട്ട കടലാസു കഷണങ്ങളാക്കിയത്. എല്ലു മുറിയെ പണിയെടുത്ത്, കവർച്ചക്കാരെ ഭയന്ന് പലേടത്തായി സ്വരുക്കൂട്ടി വച്ച പണം ഒറ്റരാത്രി കൊണ്ടു കള്ളപ്പണമായി.

തന്റേടത്തോടെ ജീവിച്ച ഈ മനുഷ്യൻ തന്റേടത്തോടെ തീരുമാനവുമെടുത്തു. മടക്കിക്കുത്തഴിക്കാൻ ആജ്ഞാപിച്ച പോലീസുകാരനു മുന്നിലൂടെ മാക്സിയുടുത്തു ജീവിച്ചു കാണിച്ചുകൊടുത്തവന്റെ പ്രതിഷേധത്തിൽ പത്തിരുപത്തിമൂവായിരം രൂപ ചാരമായി. മോദിയെ ജനം പടിയിറക്കുന്നതുവരെ കഷണ്ടിത്തലയുടെ പകുതി ഭാഗത്തു മുടി വളർന്നാൽ മതിയെന്നും തീരുമാനിച്ചു.

രാജ്യം ഭരിക്കുന്നവരെ  "പോടാ പുല്ലേ"യെന്നു ജീവിതം കൊണ്ടു വെല്ലുവിളിക്കാൻ ഏറെപ്പേർക്കു കഴിയണമെന്നില്ല.

Read More >>