വെന്തുമരിക്കുന്ന ലിംഗനീതി

ചെന്നെെയിലെ താരയുടെ ദാരുണാന്ത്യത്തെ കുറിച്ച് കവിയും ചലച്ചിത്രകാരിയുമായ ലീന മണിമേഖല എഴുതുന്നു

വെന്തുമരിക്കുന്ന ലിംഗനീതി

പൊതുസമൂഹത്തിന് വിമത ലൈംഗികതയോടുള്ള ഭയവും മുന്‍വിധികളും കാരണം കൊല്ലപ്പെട്ടവരെ ഓര്‍ക്കാനുള്ള ദിവസമാണ് നവംബര്‍ 20.ലോകമെങ്ങുമുള്ള ട്രാന്‍സ്‌ജെന്‍ഡന്‍ സമൂഹം അവരുടെ ഓര്‍മ്മനാള്‍ ആചരിക്കാനിരിക്കെയാണ് ചെന്നെയില്‍ താര എന്ന ട്രാന്‍സ്‌വുമണ്‍ വെന്തുമരിക്കുന്നത്. ട്രാസ്‌ജെന്‍ഡര്‍ സമുദായം നിലനില്‍ക്കുന്നുണ്ടെന്നു പോലും അംഗീകരിക്കാന്‍ തയ്യാറാവാത്ത ഈ പൊതുസമൂഹത്തില്‍ നിന്നുകൊണ്ടാണ് ഇത്തവണയും നമ്മള്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മദിവസം ആചരിക്കുന്നത്.


നവംബര്‍ ഒമ്പതിന് പുലര്‍ച്ചെയാണ് താരയെ നഗരത്തിലെ പോണ്ടിറോഡ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കില്‍പോക് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമണിയോടെ അവള്‍ അന്ത്യശ്വാസം വലിച്ചു.

ഇന്ത്യയിലെങ്ങും ജീവിതത്തിന്റെ നാനാമേഖലകളിലുംട്രാന്‍സ്‌ജെന്‍ഡറുകള്‍ അവരുടെ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുകയാണ്. കോളെജ്പ്രിന്‍സിപ്പല്‍മാരായും ടിവി അവതാരകരായും പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായും അവര്‍ പൊതുജീവിതത്തിലേക്കെത്തുന്ന ഈ കാലത്തും നിയമപാലകര്‍ എന്നവകാശപ്പെടുന്നവരില്‍ നിന്നാണ് അവര്‍ക്ക് ഏറ്റവുമധികം പീഡനമേല്‍ക്കേണ്ടി വരുന്നതെന്നത് വിരോധാഭാസമാണ്. താരയുടെ കാര്യം തന്നെയെടുക്കാം. സ്റ്റേഷനില്‍ വച്ച് താര ആത്മാഹുതി ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

ഇത് വിശ്വസിക്കണമെങ്കില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ആത്മഹത്യ ചെയ്യുകയായിരുന്നു താരയുടെ ഉദ്ദേശമെങ്കില്‍ എന്തിനവള്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് അത് ചെയ്യണം എന്നതുതന്നെയാണ് ഏറ്റവും പ്രധാന ചോദ്യം. സ്റ്റേഷനുമുന്നില്‍ ഒരാള്‍ സ്വയം തീക്കൊളുത്തി മരിക്കാന്‍ തുനിഞ്ഞാല്‍ അത് തടയാനുള്ള ബാധ്യത പൊലീസിനില്ലേ ? അന്നു പുലര്‍ച്ചെ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ രാത്രിമുഴുവന്‍ തുറന്നിരിക്കുന്ന ഒരു കടയിലേക്ക് പോയതായിരുന്നു താര. ലൈംഗികത്തൊഴിലാളിയെന്നാരോപിച്ചാണ് വഴിയില്‍ വച്ച് പൊലീസ് അവളെ തടഞ്ഞുവക്കുന്നതും സ്‌കൂട്ടറും മൊബൈല്‍ഫോണും പിടിച്ചെടുക്കുന്നതും. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ താര അവിടെ പൊലീസുകാരുമായി തര്‍ക്കിച്ചിരുന്നു. പൊലീസുകാര്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു നല്‍കിയ ഒരു വിഡിയോ ക്ലിപ്പില്‍ ഇത് വ്യക്തവുമാണ്. വിഡിയോ ദൃശ്യത്തില്‍ കാണാവുന്നതും കേള്‍ക്കാവുന്നതുമായ സംഭാഷണം ഇങ്ങനെയാണ്.

താര : സര്‍ എന്റെ മൊബൈലും വണ്ടിയും തിരിച്ചു തരൂ
പൊലീസ്  : തരാന്‍ പറ്റില്ല, നീ എന്താണെന്നു വച്ചാല്‍ ചെയ്‌തോ
താര  : അത് തരാതെ ഞാനിവിടെ നിന്ന് പോവില്ല
പൊലീസ്  : എടാ ഒമ്പതേ ( ട്രാന്‍സ് ജെന്‍ഡറുകളേയും സ്‌ത്രൈണഭാവമുള്ള പുരുഷന്‍മാരേയും അപമാനിക്കാനായി ഉപയോഗിക്കുന്ന പ്രയോഗം) നീ എസ് ഐക്ക് നേരെ കല്ലെറിയും അല്ലേ ?
താര  : എനിക്കതൊന്നുമറിയില്ല, എനിക്ക് ഫോണും ബൈക്കും തിരിച്ചു തന്നാല്‍ മതി ഞാന്‍ പൊയ്‌ക്കോളാം.
പൊലീസ്  :തന്നില്ലെങ്കില്‍ നീ എന്തു ചെയ്യുമെടാഇന്നേരമത്രയും പൊലീസ് താരയെ പുരുഷനായാണ് പരിഗണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംഭാഷണത്തില്‍ താര ഒരു എസ് ഐയെ കല്ലെറിഞ്ഞതായി പൊലീസ് പറയുന്നുണ്ട്, തനിക്കതൊന്നുമിറിയില്ലെന്ന് താരയും.ഇതെന്താണെന്നോ ആ എസ് ഐക്ക് സംഭവവുമയുള്ള ബന്ധമെന്താണെന്നോ ഇനിയും വ്യക്തമല്ല.

ഇതിനു ശേഷമാണ് താര പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് കുത്തിയിരിക്കുന്നതും അവിടെനിന്ന് കിട്ടിയ ഒരു കല്ലെടുത്ത് കഴുത്ത് മുറിക്കാന്‍ ശ്രമിക്കുന്നതും. കഴുത്തില്‍ നിന്ന് ചോരവന്നതിനു ശേഷവും അവള്‍ ബൈക്ക് തിരിച്ചുതരാന്‍ ആവശ്യപ്പെടുന്നുണ്ട്.

'ചാവുന്നെങ്കില്‍പോയി ചാവെടാ'  ..ഇതായിരുന്നു പൊലീസിന്റെ മറുപടി.

ഇതെല്ലാം പൊലീസ് ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പിന്നീടുള്ള രംഗങ്ങള്‍ അവര്‍ ക്യാമറയില്‍ പകര്‍ത്താതെ വിട്ടുകളഞ്ഞത്?

താരയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ ദൃശ്യങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 27 മുതല്‍ സ്‌റ്റേഷനിലെ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇതേക്കുറിച്ച് ചോദിച്ച ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗ്രെയ്‌സ്ബാനുവിന് അവര്‍ നല്‍കിയ മറുപടി.

ഇതില്‍ നിന്നെല്ലാം ഒരു കാര്യം ഉറപ്പാവുകയാണ് താരയെ കൊലപ്പെടുത്തിയതു തന്നെയാണ് , പൊലീസാണ് അത് ചെയ്തത്. എത്രമാത്രം നമ്മള്‍ ചികഞ്ഞന്വേഷിക്കുന്നുവോ അത്രമാത്രം വ്യക്തമായ തെളിവുകളുമുണ്ടാവും.

രാജ്യത്തെ ഇരുപത്തഞ്ചു ലക്ഷത്തോളം വരുന്ന ട്രാന്‍സ് ജെന്‍ഡറുകള്‍ ദിനം പ്രതിയെന്നോണം പൊലീസ് പീഡനത്തിനിരയാവുന്നുണ്ട്. കോളനി വാഴ്ചയുടെ പ്രേതമെന്നോണം രാജ്യത്ത് നിലനില്‍ക്കുന്ന ചില നിയമങ്ങളാണ് ഇവരെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലരാക്കുന്നത്. അനുഭാവപൂര്‍വമായ പെരുമാറ്റം പോകട്ടെ മനുഷ്യരാണെന്ന് പരിഗണനപോലും പലപ്പോഴും ഇവര്‍ക്ക് പൊലീസിന്റെ ഭാഗത്തു നിന്നും ലഭിക്കാറില്ല. ഇതില്‍ അത്ഭുതമൊന്നുമില്ല ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായത്തോട് രാജ്യത്തിനു തന്നെയുള്ള കടുത്ത മുന്‍വിധിയുടെ പ്രതിഫലനം മാത്രമാണ് പൊലീസിലും കാണപ്പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡറിനെ അംഗീകരിക്കുക.ും അവര്‍ക്ക് പ്രത്യക പരിഗണന ശുപാര്‍ചെയ്യുകയും ചെയ്ത സുപ്രീംകോടതി വിധി വന്നിട്ട് രണ്ടു വര്‍ഷത്തിനു ശേഷമുള്ള സ്ഥിതിയാണിതെന്നോര്‍ക്കണം.

ആണധികാരത്തിന്റേയും ജാതിവ്യവസ്ഥയുടേയും സമ്പന്ന-ജന്മിവര്‍ഗ്ഗത്തിന്റേയും മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരു കാലത്തും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അവരുടെ ഭരണഘടനാപരായ അവകാശങ്ങള്‍ ലഭിച്ചിട്ടില്ല. വോട്ടവകാശത്തിനും വിവാഹത്തിനും മുതല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകള്‍ക്കു വരെ അഴകാശം ലഭിച്ചിട്ടില്ലാത്തവരാണ് ഭൂരിപക്ഷവും. ഇതുകൊണ്ടു തന്നെ ഭക്ഷ്യസബ്‌സിഡിയോ വിദ്യാഭ്യാസാനുകൂല്യങ്ങളോ ആരോഗ്യ പരിരക്ഷയോ ഒന്നും തന്നെ വര്‍ക്ക് ലഭിക്കാറുമില്ല. ഭിക്ഷാടനമോ ലൈംഗികവൃത്തിയോ അല്ലാതെ മറ്റൊരു ജീവിതമാര്‍ഗ്ഗവുമില്ലാത്തതാണ് ഇവരെ പൊലീസിന്റെ ഇരകളാക്കുന്നരാജ്യത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാട്. അവിടെയാണ് താരക്ക് ഇത്തരത്തിലുള്ള ദാരുണാന്ത്യമുണ്ടായതെന്നതോര്‍ക്കണം.
മൂന്ന് ദിവസത്തിലൊരിക്കല്‍ ട്രാന്‍സ്‌ജെന്‍ഡറായ ഒരു മനുഷ്യനെങ്കിലും അപരവിദ്വേഷത്തിനിരയായി മരിക്കുന്നുണ്ടെന്ന സാമൂഹ്യയാഥാര്‍ത്ഥ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇക്കാര്യത്തില്‍ നമ്മളാരുംതന്നെ നിരപരാധികളല്ല, ഓരോരുത്തരും ഉത്തരവാദികളാണ്. ഒരു തവണ കൂടി കൊലപാതകികള്‍ രക്ഷപ്പെട്ടുകൂടാ. താരയുടെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. ലൈംഗികാഭിരുചിയുടെ പേരിലോ ലിംഗപരമായ സ്വത്വത്തിന്റെ പേരിലോ ഇനിയുമൊരാള്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെടരുത്. മരിച്ചവര്‍ക്ക് നീതി നടപ്പാക്കാനാവില്ല, അവര്‍ക്കുവേണ്ടി അത് ചെയ്യുക എന്ന കര്‍ത്തവ്യം ജീവിച്ചിരിക്കുന്ന നമ്മള്‍ ഓരോരുത്തരുടേതുമാണ്.