നജീബിന്റെ തിരോധാനം; വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിനു നേരെ ലാത്തിച്ചാർജ്

നജീബിനെ കാണാതായതിന്റെ 23-ാം ദിവസമായ ഇന്ന് ഡല്‍ഹി ജന്തര്‍മന്തറില്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു. നജീബിന്റെ കുടുംബാഗംങ്ങളടക്കമുള്ളവര്‍ പ്രതിഷേധ യോഗത്തിനെത്തിയിരുന്നു.

നജീബിന്റെ തിരോധാനം; വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിനു നേരെ ലാത്തിച്ചാർജ്

ന്യൂഡല്‍ഹി: കഴിഞ്ഞ 23 ദിവസമായി കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ പോലീസ് അക്രമം. സ്ഥലത്ത് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നജിബിന്റെ അമ്മ ഫാത്തിമ നഫീസയെ ഡല്‍ഹി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നജീബിന്റെ സഹോദരി സാദഫ് മുഷ്‌റഫിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.


നജീബിനെ കാണാതായതിന്റെ 23-ാം ദിവസമായ ഇന്ന് ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു. നജീബിന്റെ കുടുംബാഗംങ്ങളടക്കമുള്ളവര്‍ പ്രതിഷേധ യോഗത്തിനെത്തിയിരുന്നു. പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തവരെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് ഇവരെ വിട്ടയച്ചു.

എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ 23 ദിവസം മുമ്പാണ് കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് നജീബിന്റെ തിരോധാനം. നജീബിനെ കാണാതായ അന്നുമുതല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് വിവിധ വിദ്യര്‍ത്ഥി സംഘടനകള്‍ സമരം നടത്തുന്നുണ്ട്.

Read More >>