ഇറാനിയൻ 'ഡോട്ടറി'ന് സുവർണ്ണ മയൂരം

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ‘ബാഹുബലി’ ചിത്രത്തിന്‍െറ സംവിധായകന്‍ രാജമൗലി മുഖ്യാതിഥിയായി.

ഇറാനിയൻ

പനാജി: 47-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന് തിരശീല താണു.മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂര പുരസ്ക്കാരം   റെസ മിര്‍കരീമി സംവിധാനം ചെയ്ത ഇറാനിയന്‍ സിനിമ ‘ഡോട്ടര്‍’ അര്‍ഹമായി. ഇതേ ചിത്രത്തിൽ അഭിനയിച്ച  ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്കാരം നേടി. ‘മെലോ മഡ്’ എന്ന ലാത്വിയന്‍ സിനിമയിലെ അഭിനയത്തിന് എലീന വാസ്കയെ മികച്ച നടിയായി തെരഞ്ഞെടുത്തു.  ‘റൗഫ്’ എന്ന തുര്‍ക്കി ചിത്രത്തിന്‍െറ സംവിധായകരായ ബാരിസ് കയയ്ക്കും സോണര്‍ കാനറിനുമാണ് മികച്ച സംവിധാനത്തിനുള്ള പുരസ്ക്കാരം.


ദക്ഷിണ കൊറിയൻ ചിത്രമായ  ‘ദ ത്രോണ്‍’ സ്പെഷ്യൽ ജൂറി പുരസ്ക്കാരം നേടി. ‘കോള്‍ഡ് ഓഫ് കലന്ദറി'ന് ഐസിഎഫ്ടി യുനെസ്കോയുടെ ഗാന്ധി പുരസ്കാരത്തിന് അർഹമായി. തുര്‍ക്കി സംവിധായകന്‍ മുസ്തഫ കാരയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.   ‘ദി അപ്പോളജി’യെ ഇതേ വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്കാരത്തിനും തെരഞ്ഞെടുത്തു, ഈ കൊറിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിഫാനി ഹ്സ്വിഗ് ആണ്. മികച്ച നവാഗത സംവിധായകനുള്ള സെന്‍റിനറി പുരസ്കാരം ചിലിയന്‍ സംവിധായകന്‍ പെപ സാന്‍ മാര്‍ട്ടിന്‍െറ ‘രാ രാ’യ്ക്കാണ്. മത്സര വിഭാഗത്തിൽ 15 ചിത്രങ്ങളാണുണ്ടായിരുന്നത്.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ‘ബാഹുബലി’ ചിത്രത്തിന്‍െറ സംവിധായകന്‍ രാജമൗലി മുഖ്യാതിഥിയായി.