കാണാപ്പണം എല്ലാം കള്ളപ്പണമല്ല!

കറന്‍സി നിരോധനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനപ്രദമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ക്കുള്ള മറുപടിയാണ് സുപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ കെയ്ന്‍സിന്റെ (John Maynard Keynes) ദീര്‍ഘകാല അടിസ്ഥാനത്തില്‍ നാം എല്ലാവരും ചത്തുപോകും (In the long run, we are all dead) എന്ന നിഗമനം.

കാണാപ്പണം എല്ലാം കള്ളപ്പണമല്ല!

ഡോ. എം കുര്യന്‍ തോമസ്

ഇന്ത്യയില്‍ അതിഭീമമായ അളവില്‍ കള്ളപ്പണമുണ്ട്. അപകടകരമായ തോതില്‍ കള്ളനോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അവയെ എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടതാണന്ന കാര്യത്തിലും എതിരഭിപ്രായമില്ല. 2007-ല്‍ ഇന്ത്യന്‍ എക്കണോമിയുടെ 23.3 ശതമാനം കള്ളപ്പണമായിരുന്നത്രെ! ഇന്നതു കൂടിയിട്ടുണ്ടെന്നല്ലാതെ നിശ്ചയമായും കുറഞ്ഞിട്ടില്ല. ചിലരുടെ കണക്കുപ്രകാരം ഇന്ത്യയിലെ കള്ളപ്പണം 30 ശതമാനം കടന്നിരിക്കുന്നു. തീര്‍ച്ചയായും ഇത് ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പക്ഷേ സമീപകാലത്ത് നടപ്പിലാക്കിയ കറന്‍സി നിരോധനം ഇതിന് എത്രമാത്രം ഫലപ്രദമാണെന്ന ചോദ്യം നിലനില്‍ക്കുന്നു. കുറേക്കാലത്തേയ്ക്കു കള്ളനോട്ടുകളെ ഒഴിവാക്കാന്‍ സാധിക്കും എന്നതു യാഥാര്‍ത്ഥ്യമാണ്. പക്ഷേ മൊത്തം കള്ളപ്പണത്തിന്റെ കേവലം ആറുശതമാനം മാത്രമാണ് കറന്‍സിയില്‍ ഉള്ളതത്രെ! ബാക്കിയൊക്കെ വിദേശത്തോ, ഭൂമി, സ്വര്‍ണ്ണം, രത്നം മുതലായവയിലോ നിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ കള്ളപ്പണ നിര്‍മ്മാര്‍ജ്ജനത്തിന് ഈ നിരോധനം എത്രമാത്രം ഫലപ്രദമാണന്ന് കണ്ടറിയണം.

നിയമപരമായോ അഴിമതിയിലൂടെയോ സമ്പാദിക്കുന്നതും നികുതി കൊടുക്കാത്തതുമായ ധനം (Black money is essentially money that has been earned - either through legal activities or through corruption - without any tax being paid on it.) എന്നതാണ് കള്ളപ്പണത്തിന്റെ നിര്‍വചനം. രേഖകളില്‍ ഇല്ലാത്ത പണം (unaccounted money) എന്നും ഇതിനെ നിര്‍വചിക്കുന്നുണ്ട്. ഇപ്രകാരമുള്ള കാണാപ്പണം (Invisible money) മുഴുവന്‍ കള്ളപ്പണമാണ് എന്ന നിലയിലാണ് മാദ്ധ്യമങ്ങളും നോട്ടു നിരോധനത്തെ അനുകൂലിക്കുന്നവരും ഇന്നു വിലയിരുത്തുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം ഒന്നു പരിശോധിക്കാം.

ഇന്ത്യയിലെ കാണാപ്പണം മുഴുവന്‍ കള്ളപ്പണമാണോ എന്ന ചോദ്യത്തിന് ഈ ലേഖകന്റെ ഉത്തരം അല്ല എന്നാണ്. നോട്ടു നിരോധനം ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം (depression) ഉണ്ടാക്കുമോ, അത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ (rural economy) തകര്‍ത്തു തരിപ്പണമാക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഈ ലേഖകന്റെ ഉത്തരം.

അതു മനസിലാക്കുന്നതിന് താഴെപറയുന്ന അടിസ്ഥാന വസ്തുതകള്‍ ഉള്‍ക്കൊള്ളണം

  1. 125. 2 കോടി വരുന്ന ഇന്ത്യന്‍ ജനംസംഖ്യയുടെ 70 ശതമാനത്തോളം, അതായത് 86.19 കോടി ജനങ്ങള്‍ ഗ്രാമവാസികളാണ്.

  2. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 27 ശതമാനത്തിനു മാത്രമാണ് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ബാങ്കിംഗ് സൗകര്യമുള്ളത്. അതായത് 55 കോടിയിലധികം ജനങ്ങള്‍ക്ക് ബാങ്കുകള്‍ അന്യമാണ്. (നഗര-ഗ്രാമഭേദം കുറവും, ഉയര്‍ന്ന ബാങ്കിംഗ് സാന്ദ്രത ഉള്ളതുമായ കേരളം ഒഴിവാക്കിയാല്‍ ഈ സംഖ്യ ഇനിയും ഉയരും. ഈ ലേഖകന്റെ ചുറ്റുമുള്ള മൂന്നു പഞ്ചായത്തുകളില്‍ സഹകരണ ബാങ്കുകള്‍ കൂടാതെ 5-10 ബാങ്കുകള്‍ വീതമുണ്ട്.)

  3. കാര്‍ഷിക ആദായത്തിനു നികുതി ഇല്ല. 2,50,000 രൂപ വരെയുള്ള എല്ലാ വരുമാനങ്ങളും നികുതിരഹിതമാണ്.

  4. ഇന്ത്യയില്‍ റിസേര്‍വ് ബാങ്ക് അടിച്ചിറക്കിയ കറന്‍സികളില്‍ 85 ശതമാനത്തോളം 500, 1,000 രുപാ നോട്ടുകളാണ്.

  5. നിരോധിച്ച നോട്ടുകള്‍ക്കു പകരം തുല്യ തുകയ്ക്കുള്ള നോട്ടുകള്‍ അടിച്ചിറക്കാന്‍ സെക്യൂരിറ്റി പ്രസുകളുടെ ശേഷി വച്ച് കുറഞ്ഞത് ആറുമാസം വേണം.


ഇനി വിഷയത്തിലേയ്ക്ക്; കാണാപ്പണത്തിന്റെ (Invisible money) പ്രയാണം ആരംഭിക്കുന്നത് രേഖപ്പെടുത്തിയ പണത്തില്‍നിന്നും (accounted money) തന്നെയാണ്. ചെറിയ ഏതാനും ഉദാഹരണങ്ങള്‍ എടുക്കാം. ഒരു കര്‍ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സംഭരണ കേന്ദ്രത്തില്‍ തന്റെ ഉത്പന്നമായ ധാന്യം നല്‍കി പണം കൈപ്പറ്റുന്നു. അതു തികച്ചും വെള്ളപ്പണമാണ്. അവിടെ നിന്നിറങ്ങി ഒരു വെറുംചായ കുടിക്കുമ്പോള്‍ മുതല്‍ അത് കാണാപ്പണമായിയുള്ള പരിവര്‍ത്തനം ആരംഭിക്കുകയായി. അയാള്‍തന്നെ ട്രാക്ടര്‍ വാടകയ്ക്ക് എടുത്തു നിലം ഉഴുന്നു, കൃഷി ഇറക്കുന്നു, ക്ഷേത്രത്തില്‍ കാണിക്ക ഇടുന്നു, പൂജാരിക്കു ദക്ഷിണ കൊടുക്കുന്നു, വീട്ടുചെലവുകള്‍ നടത്തുന്നു, തലമുടി വെട്ടിക്കുന്നു. ഒരു കന്നുകുട്ടിയെ വാങ്ങുന്നു. കുറച്ചു പണം സമ്പാദ്യമായി കൈയില്‍ത്തന്നെ സൂക്ഷിക്കുന്നു അങ്ങിനെ അതിനെ കാണാപ്പണമായി പരിവര്‍ത്തനം ചെയ്തുകൊണ്ടേ ഇരിക്കുന്നു. ഇതിനു മുഴുവന്‍ കണക്കു സൂക്ഷിക്കുക അപ്രായോഗികമാണ്. അങ്ങിനെ വെള്ളപ്പണമായി ലഭിച്ച തുക തികച്ചും നിയമ വിധേയമായിത്തന്നെ കാണാപ്പണമായി മാറുന്നു.

ട്രാക്ടറിനു ഡീസല്‍ അടിക്കുക, വളം വാങ്ങുക മുതലായി ഇതിന്റെ തുലോം ചെറുതായ ഒരംശം മാത്രമാണ് തിരികെ രേഖകളില്‍ പ്രവേശിക്കുന്നത്. പക്ഷേ വാങ്ങിയ കന്നുകുട്ടിയെ വളര്‍ത്തി വില്‍ക്കുമ്പോള്‍ വീണ്ടും അയാളുടെ കൈകളില്‍ എത്തിച്ചേരുന്നത് കാണാപ്പണമാണ്. പിറ്റേ വര്‍ഷം ഇതേ പ്രക്രിയയിലൂടെ കൂടുതല്‍ വെള്ളപ്പണം കാണാപ്പണമാകുന്നു. ഇതു നൂറ്റാണ്ടുകളായി, തലമുറകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിലെ ധനചംക്രമണം (money circulation) ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇപ്രകാരമാണ് നടക്കുന്നത്. കാര്‍ഷിക വിപണനം സര്‍ക്കാര്‍ ഏജന്‍സിയുമായിട്ടല്ലെങ്കില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും ഇത്തരം കാണാപ്പണത്തില്‍ അധിഷ്ഠിതമാണ്. ഇതു കള്ളപ്പണമാണോ?

ഇത് ചില്ലറ തുകയൊന്നുമല്ല. ഒരു ഇന്ത്യാക്കാരന്റെ പ്രതീശീര്‍ഷ വരുമാനം (per capita income) 93,293 രൂപയാണെന്നാണു കണക്ക്. അതൊക്കെ വിടാം. വെറും 10,000 രൂപ എന്നു കണക്കുകൂട്ടാം. നൂറ്റാണ്ടുകളായി തുടരുന്ന കാണാപ്പണത്തിന്റെ ഉത്പാദനം 1947 മുതല്‍ 60 വര്‍ഷമായി ചുരുക്കാം. തല്‍ക്കാലം 86.19 കോടി ഗ്രാമീണരെ മാത്രം കണക്കിലെടുക്കാം. എങ്കില്‍ പോലും സ്വാതന്ത്ര്യാനന്തരം 10,000 x 60 x 86.19 കോടി = 577.19 ദശലക്ഷം കോടി രൂപ ഇതിനകം ഗ്രാമീണ മേഖലയില്‍ കാണാപ്പണമായി മാറിയിട്ടുണ്ട്! ഇതില്‍ കുറെയൊക്കെ ഭൂമി, സ്വര്‍ണം മുതലായ നിക്ഷേപമാവുകയും, കുറെ നികുതിവിധേയ മുഖ്യധാരയിലേയ്ക്കു മടങ്ങിവരികയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും കുറച്ചു കള്ളപ്പണമായും മാറിയിട്ടുണ്ട്. അവ ഒഴിവാക്കിയാല്‍തന്നെ ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും നിലനില്‍ക്കുന്നത് ഈ ഭീമമായ കാണാപ്പണത്തിലാണ്. അതാവട്ടെ തികച്ചും കറന്‍സി അധിഷ്ഠിതവും!

ഒരു പ്രവാസി ഇന്ത്യാക്കാരന്‍ നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണം അദ്ദേഹത്തിന്റെ വീട്ടുകാര്‍ എടുത്ത് ചെലവാക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്. നാട്ടിലെ അക്കൗണ്ടില്‍ CDM വഴി പണം ഇടുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ കാര്യത്തില്‍ സംഭവിക്കുന്നതും വ്യത്യസ്ഥമല്ല. നഗരത്തില്‍ വസിക്കുന്ന, സര്‍ക്കാര്‍ ശമ്പളക്കാരന്‍ ചന്തയില്‍നിന്നും പച്ചക്കറി വാങ്ങുമ്പോഴും, വീട് അടിച്ചുവാരുന്ന തൊഴിലാളിക്ക് കൂലി നല്‍കുമ്പോഴും നികുതിവിധേയമായ തന്റെ വരുമാനത്തില്‍ ഒരു ഭാഗം കാണാപ്പണമാക്കി മാറ്റുകയാണ്. ഇതു കള്ളപ്പണമാണോ?

കര്‍ഷകനോ, ജീവനക്കാരനോ കൈക്കൂലി നല്‍കുമ്പോള്‍ നികുതിവിധേയ ധനത്തിന്റെയും കാണാപ്പണത്തിന്റെയും വളരെ ചെറിയൊരു ഭാഗം മാത്രം കള്ളപ്പണമായി മാറുന്നു. പക്ഷേ കള്ളപ്പണത്തിന്റെ പ്രധാന സ്രോതസ് ഇതൊന്നുമല്ല. നികുതി വെട്ടിക്കുന്ന വന്‍കിട കമ്പനികള്‍, സര്‍ക്കാരിനെയൊ ജനങ്ങളെയൊ വഞ്ചിച്ച് അനധികൃത ലാഭം കൊയ്യുന്ന ഇടനിലക്കാര്‍, അനധികൃത ഖനനം പോലുള്ള ഇടപാടുകള്‍, ഇവയ്ക്കു കൂട്ടുനിന്നു രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബി കാട്ടുന്ന അഴിമതി ഇവയൊക്കെയാണ് കള്ളപ്പണത്തിന്റെ ഭൂരിഭാഗവും സൃഷ്ടിക്കുന്നത്. അവരുടെയൊക്കെ ഇത്തരം സമ്പാദ്യങ്ങള്‍ സുരക്ഷിതമായ നിക്ഷേപങ്ങളില്‍ ഭദ്രമായിരിക്കും. നിത്യച്ചെലവിനുള്ള ചില്ലറ മാത്രമായിരിക്കും കൈയില്‍ രൊക്കം പണമായി ഉണ്ടാവുക.

ചുരുക്കത്തില്‍ നോട്ടു നിരോധനം, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ നോട്ടുകളുടെ ക്ഷാമവും പിന്‍വലിക്കലിനുള്ള നിയന്ത്രണവും, കത്തി വെക്കുന്നത് കള്ളപ്പണത്തിലല്ല കാണാപ്പണത്തിലാണ്. മൊത്തം കറന്‍സിയുടെ 85 ശതമാനത്തോളമാണ് ഒറ്റയടിക്ക് പിന്‍വലിച്ചത് എന്ന് ഓര്‍ക്കണം. അതായത് ഇന്ത്യന്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥിതിയുടെ നട്ടെല്ലായ കാണാപ്പണത്തിലാണ് ഈ കുറവു വന്നത്.

പൂര്‍ണ്ണമായും കാണാപ്പണത്തെ ആശ്രയിക്കുന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മാത്രമല്ല നഗരധനവിതരണ ശൃംഖലയേയും ഇതു ബാധിച്ചിട്ടുണ്ട്. ആറക്ക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായാലും കാര്‍ഡുകൾ സ്വീകരിക്കുന്ന മാളുകളിലൊഴികെ പച്ചക്കറിയും മറ്റു നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ 'ചക്രം' തന്നെ വേണം. അവരുടെ ദുരിതം മാത്രമാണ് ഇന്നു മാദ്ധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നതും ചര്‍ച്ചാവിഷയം ആകുന്നതും. പക്ഷേ യഥാര്‍ത്ഥ ദുരിതം എറ്റവും താഴേ തട്ടിലുള്ളവര്‍ക്കാണ്. അതാരും അറിയാതെ പോകുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരന്‍ ബാങ്ക് വഴി പ്രതിഫലം സ്വീകരിക്കാന്‍ തയാറാകും. പക്ഷേ അയാളുടെ കീഴിലുള്ള നിത്യവേതനക്കാരോ? അവരുടെ ചെലവു കാശിനു പകരം ചെക്കു കൊടുത്താല്‍ മതിയോ? വാദത്തിനുവേണ്ടി അവര്‍ക്കെല്ലാം അക്കൗണ്ട് ഉണ്ടെന്നു കരുതുക. പക്ഷേ ബാങ്കുകള്‍ക്ക് ATM -ല്‍ നല്‍കാന്‍ പണമില്ലെങ്കിലോ? അവരുടെ പ്രതിവാര വേതനം പ്രതീക്ഷിച്ച് ഇരിക്കുന്ന കുടുംബങ്ങളുടെ സ്ഥിതി ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കറന്‍സി ക്ഷാമത്തിന്റെ സാമൂഹിക-സാമ്പത്തിക ആഘാതം ഘട്ടംഘട്ടമായി ആയിരിക്കും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രതിഫലിക്കുക. പകരം സംവിധാനം ഇല്ലാതെ രാജ്യത്തെ പണലഭ്യതയുടെ 85% മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതോടെ ലഭ്യമായ ചില്ലറ നോട്ടുകള്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കൈകളിലൊതുങ്ങുന്നു. ഈ ധനദൗര്‍ലഭ്യത്തിന്റെ അടുത്ത ഇര ചെറുകിട കച്ചവടക്കാരായിരിക്കും. ചില്ലറയില്ലാതെ കച്ചവടം മുടങ്ങും. അല്ലെങ്കില്‍ കടംകൊടുത്തു മുടിയും! കേരളത്തിന്റെ സ്ഥിതിവച്ച് ഇതിനെ വിലയിരുത്തരുത്. കാര്‍ഡ് സ്വൈപ്പിംഗ് മെഷീനൊന്നും പ്രായോഗികമല്ല. ഉയര്‍ന്ന ബാങ്കിംഗ് സാന്ദ്രതയും സവിശേഷമായ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുമുള്ള കേരളത്തിലെ സ്ഥിതിയല്ല ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും.

കേരളത്തിലൊഴികെ ഗ്രാമീണ മേഖലയെ കറന്‍സി ക്ഷാമത്തിന്റെ കരാളഹസ്തങ്ങള്‍ ഗ്രസിക്കുക നഗരങ്ങളിലേക്കാള്‍ സാവധാനമാവും. കാണാപ്പണ സമ്പദ്‌വ്യവസ്ഥയില്‍നിന്നും ആദ്യം വലിയ നോട്ടുകള്‍ ഒഴിഞ്ഞുപോവും. പിന്നാലെ ചില്ലറ നോട്ടുകളും നഗരങ്ങളിലേയ്ക്കു പിന്‍വലിയും. നഗരങ്ങളില്‍ ചേക്കേറിയ പ്രവാസി തൊഴിലാളികളില്‍നിന്നുള്ള തുച്ഛവരുമാനവും നിലയ്ക്കും. നഗരങ്ങളിലെ മിശ്രിത സമ്പദ്‌വ്യവസ്ഥ പോലെ ഇതര മേഖലകളില്‍നിന്നും പരിമിതമായെങ്കിലും പണലഭ്യത ഇല്ലാത്ത സാഹചര്യത്തില്‍ ഗ്രാമീണ മേഖലയുടെ ക്രയവിക്രയ ശേഷി പൂജ്യത്തിലെത്തും. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ആവര്‍ത്തനകൃഷി ഇറക്കാനും ആവാതെ ഗ്രാമീണ ഇന്ത്യ പൂര്‍ണ്ണമായും സ്തംഭിക്കും. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാവും ആത്യന്തികഫലം. തുടര്‍ന്ന് ഈ തകര്‍ച്ച വാണിജ്യ- വ്യവസായ മേഖലകളെയും ബാധിക്കും. കാരണം ഇന്ത്യയിലെ വന്‍കിടക്കാരുടേയും പ്രധാന വിപണി ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ മേഖലയാണല്ലോ.

വിളനാശം, വിലയിടിവ് മുതലായ കാരണങ്ങള്‍കൊണ്ട് കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോഴാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതും താങ്ങുവില നല്‍കി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയോ, സഹായ ധനം നല്‍കുകയോ ചെയ്യുന്നതും. പക്ഷേ അവയൊക്കെ വിള അധിഷ്ഠിതമോ പ്രാദേശികമോ ആയ പ്രതിഭാസങ്ങളാണ്. ഇപ്പോള്‍ ദുരന്തം രാജ്യത്തെ ഒട്ടാകെ ഗ്രസിച്ചിരിക്കുകയാണ്. മാത്രമല്ല, ഇടപെടേണ്ട സര്‍ക്കാരിന്റെ ക്രയശേഷിയും പരുങ്ങലിലാണ്. കൊടുക്കാന്‍ കറന്‍സി എവിടെ?

കാര്‍ഷികമേഖലയ്ക്കു വരാന്‍ പോകുന്ന ഈ നിസഹായ അവസ്ഥയില്‍ തടിച്ചുകൊഴുക്കുന്ന രണ്ട് വിഭാഗമുണ്ട്. കാര്‍ഷികോല്പന്നങ്ങള്‍ - പ്രത്യേകിച്ചും അവശ്യ സാധനങ്ങള്‍ - മുന്‍കൂര്‍ - അവധി വ്യാപാരത്തിലൂടെ തുച്ഛവില കൊടുത്ത് കൈവശപ്പെടുത്തുന്ന വന്‍കിട കോര്‍പ്പറേറ്റുകളും അവരുടെ മദ്ധ്യവര്‍ത്തികളും. ഒരു വര്‍ഷം മുമ്പ് അവര്‍ ഉള്ളി വിപണിയില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത്. ഒരു പുതിയ കള്ളപ്പണ വിപണി അവിടെ ആരംഭിക്കും.

രണ്ടാമതായി വട്ടിപ്പലിശക്കാര്‍. ദുരിതത്തലാവുന്ന കര്‍ഷകരുടെ വിളയും ഭൂമിയും ഈടുവാങ്ങി ഇവര്‍ പണം കടം കൊടുക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷിഭൂമി മുഴുവന്‍ ഇത്തരക്കാരുടെ കൈയിലാവും. കര്‍ഷകര്‍ തൊഴില്‍ രഹിതരോ, കര്‍ഷക തൊഴിലാളികളോ, പാട്ടകൃഷിക്കാരോ ആയി തരംതാഴും. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയല്ല ഉദ്ദേശിച്ചത്. അവര്‍ക്കും പരിധികളും പരിമിതികളും ഉണ്ട്. വെറും നാടന്‍ വട്ടിപ്പണക്കാരാണ് നേട്ടം കൊയ്യുക. ചില സംസ്ഥാനങ്ങളില്‍ എങ്കിലും ആശ്വാസമാകാമായിരുന്ന സഹകരണപ്രസ്ഥാനങ്ങളും പൂട്ടിക്കെട്ടി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ ഇന്ത്യ ഫ്യൂഡല്‍ കാലത്തേയ്ക്കു മടങ്ങിപ്പോകും.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. പക്ഷേ അത് ജഡമില്ലാത്ത വെറും പരമാത്മാവ് അല്ല, ആത്മാവുള്ള ശരീരം തന്നെയാണ്. ഇന്ത്യയുടെ ശരീരം തന്നെയാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കുടികൊള്ളുന്നത്. ആ ശരീരത്തെയും ആത്മാവിനേയും മറന്നു നടത്തുന്ന ഏതു കളിയും അതിഭീമമായി തിരിച്ചടിക്കും. ഗാന്ധിജിയുടെ 'ഉപ്പ് സത്യാഗ്രഹം' ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിക്കാന്‍ തക്കവിധം വളര്‍ന്നത് 'ഉപ്പ്' എന്ന ഉപഭോഗവസ്തുവിന്റെ ജനകീയ അടിത്തറമൂലമാണ്. അതിലും എത്രയോ ഉയര്‍ന്ന നിലവാരത്തിലുള്ള നിത്യോപയോഗ വസ്തുവാണ് കറന്‍സി?

പണച്ചുരുക്കമാണ് സാമ്പത്തിക മാന്ദ്യത്തിലേയ്ക്കു (depression) നയിക്കുന്നത്. കാണാപ്പണം ഇല്ലാതാവുന്നതോടെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ സ്തംഭിക്കും. ഇത് കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമല്ല. അവര്‍ക്കു നഷ്ടമാകുന്നത് അതിഭീമമായ വിപണിയാണ്. നഗരാധിഷ്ടിതമായി ചിന്തിക്കുകയും നഗരവാസികള്‍ക്ക് സംജാതമായ പണച്ചുരുക്കം ഒഴിവാക്കാന്‍ നടപടികള്‍ എടുക്കുകയും ചെയ്യുന്നവര്‍ കാണാപ്പണത്തില്‍ മാത്രം ധനചംക്രമണം (transaction) നടത്തുന്ന ബഹുഭൂരിപക്ഷഗ്രാമങ്ങളെ നിസാരവല്‍ക്കരിക്കുകയാണ്. ഇത് അത്യന്തം അപകടകരമായ അവസ്ഥയാണന്ന് എത്രപേര്‍ മനസിലാക്കുന്നുണ്ട്?

ഇന്ത്യ നീങ്ങുന്നത് കടുത്ത സമ്പത്തിക മാന്ദ്യത്തിലേയ്ക്കാണ്. അതാരംഭിക്കുന്നത് ഗ്രാമങ്ങളിലാവും. പക്ഷേ അതിശക്തമായ തിക്തഫലം അനുഭവിക്കാന്‍ പോകുന്നത് ഇന്ന് തലോടപ്പെടുന്ന നഗരവാസികളും. കാരണം, തലമുറകളായി അനുവര്‍ത്തിച്ചുവരുന്ന അതിജീവനത്തിന്റെ സാമൂഹികശാസ്ത്രം ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സജീവമാണ്. അവര്‍ പിടിച്ചുനില്‍ക്കും. അതേസമയം എല്ലാത്തിനും ഈ ഗ്രാമങ്ങളെ ആശ്രയിക്കുന്ന നഗരങ്ങള്‍ തകരും. കാരണം ഒരു യഥാര്‍ത്ഥ സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള സംവിധാനം (mechanism) ഒന്നും ഇന്ത്യയില്‍ വളര്‍ന്നിട്ടില്ല. ഓഹരിവിപണിയുടെ 'കാള-കരടി' ചൂതാട്ടമൊന്നും യഥാര്‍ത്ഥ സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള മറുമരുന്നല്ല.

കറന്‍സി പിന്‍വലിച്ചതുകൊണ്ട് ഇന്ത്യയിലെ കള്ളപ്പണം ഇല്ലാതാവാനൊന്നും പോകുന്നില്ല. ശക്തമായ ധനകാര്യ നിയമങ്ങളും നടപ്പിലാക്കാന്‍ അതിശക്തമായ സംവിധാനങ്ങളുമുള്ള അമേരിക്കയിലും യൂറോപ്പിലും തെരുവുകളില്‍ മയക്കുമരുന്നു വിപണനത്തിനൊഴുകുന്ന ദശലക്ഷക്കണക്കിനു ഡോളറുകള്‍ തന്നെ കള്ളപ്പണം ഇല്ലാതാക്കാന്‍ സാദ്ധ്യമല്ലെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്ത്യയിയില്‍ കള്ളപ്പണം പരിമിതപ്പെടുത്തണം എന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് അശാസ്ത്രീയമായ നികുതി ഘടന പൊളിച്ചെഴുതി ലളിതമാക്കുകയും, നികുതി നിരക്കു കുറയ്ക്കുകയുമാണ്. അതിനുള്ള ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടുമില്ല.

കറന്‍സി നിരോധനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനപ്രദമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ക്കുള്ള മറുപടിയാണ് സുപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ കെയ്ന്‍സിന്റെ (John Maynard Keynes) ദീര്‍ഘകാല അടിസ്ഥാനത്തില്‍ നാം എല്ലാവരും ചത്തുപോകും (In the long run, we are all dead) എന്ന നിഗമനം. പണപ്പെരുപ്പവും (inflation) പണച്ചുരുക്കവും (depression) ചാക്രികമായി ആവര്‍ത്തിക്കുന്ന വ്യാപാരചക്രത്തിന്റെ (trade cycle) സിദ്ധാന്തങ്ങള്‍ നിര്‍ണയിച്ച കെയ്ന്‍സ് സ്വതന്ത്രവിപണിയുടേയും, വിപണിക്ക് സര്‍ക്കാര്‍ ഇടപെടലില്‍ നിന്നുള്ള സാതന്ത്ര്യത്തിന്റെയും വ്യക്താവായിരുന്നു. പക്ഷേ അദ്ദേഹം സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്ന അഭിപ്രായക്കാരനുമായിരുന്നു.

സാമ്പത്തിക മാന്ദ്യത്തിനു ധനപരമായ കാരണങ്ങള്‍ ഉള്ളതുപോലെ മനഃശാസ്ത്രപരമായ ചില അടിസ്ഥാനങ്ങളും ഉണ്ടന്നു ചില സാമ്പത്തികശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട്. മാന്ദ്യം വളരുന്നതനുസരിച്ച് ശുഭാപ്തി വിശ്വാസം (optimism) നൈരാശ്യവാദത്തിനു (pessimism) വഴിമാറും എന്നാണ് അവരുടെ സിദ്ധാന്തം. തിരിച്ച് ശുഭാപ്തിവിശ്വാസം രൂപപ്പെടുത്തിയെടുക്കുക എന്നതും സാമ്പത്തികമാന്ദ്യത്തെ മറികടക്കനുള്ള സര്‍ക്കാര്‍ നടപടികളില്‍ ഉള്‍പ്പെടും. 1920-കളിലെ മഹാ സമ്പത്തികമാന്ദ്യത്തില്‍നിന്നും (the great depression) അമേരിക്കയെ കരകയറുവാന്‍ സഹായിച്ച ഉത്തേജകം, അന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ നിര്‍മ്മാണം ആരംഭിച്ചത് ആയിരുന്നുവത്രെ! ഇവിടെ സര്‍ക്കാര്‍തന്നെ സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുമ്പോള്‍ കെയ്ന്‍സിയന്‍ എക്കണോമിക്സിനു എന്തു പ്രസക്തി?

വാല്‍ക്കഷണം

സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ തൊഴില്‍ (കുറഞ്ഞപക്ഷം ഭക്ഷണം) എങ്കിലും കൊടുക്കാന്‍ ഭീമന്‍ എടുപ്പുകളുടെ നിര്‍മ്മിതി ഒരു ഉപാധിയായി വിവിധകാലത്തെ ഇന്ത്യന്‍ രാജാക്കന്മാര്‍ കണ്ടിരുന്നു എന്നു മലയാള ഹാസ്യസാഹിത്യകാരന്‍ വി.കെ.എന്‍. എഴുതിയത് ശരിയാവാനാണ് സാദ്ധ്യത. ... നരസിംഹവര്‍മ്മന്‍ പല്ലവന്റെ മാമല്ലാപുരത്തെ ശിലാക്ഷേത്രങ്ങള്‍ മുതല്‍ രാജരാജ ചോളന്റെ തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തിലൂടെ ഷാജഹാന്റെ താജ്മഹല്‍വരെ കമ്മിപ്പണംകൊണ്ടു നിര്‍മ്മിക്കപ്പെട്ട അത്ഭുതകലാസൃഷ്ടികളാണെന്നെഴുത്. ... (വി.കെ.എന്‍. - ഒമ്പതാം സിംഫണി ) അത്തരം ഭരണകൂട നടപടികള്‍ ജനങ്ങളില്‍ ശുഭാപ്തിവിശ്വാസം വളര്‍ത്താനും ഉപകരിക്കും.