ചര്‍ച്ച ചെയ്യുന്നത് ചെറുപ്രായത്തിലെ ലൈംഗിക സുഖം: ശൈലജ പതിന്ദല

ബാലലൈംഗിക പീഡനത്തെയോ ബലാല്‍സംഗത്തെയോ ഞാന്‍ പിന്തുണക്കുന്നില്ലെന്നും ചെറുപ്രായത്തില്‍ ലൈംഗിക സുഖം അനുഭവിക്കുന്നതെങ്ങനെയെന്നതാണ് സിനിമ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും ശൈലജ പതിന്ദല. മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന സിനിമയുടെ സംവിധായികയാണ് ശൈലജ. ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ച് വിവാദത്തിലായിരിക്കുകയാണ് സിനിമ - ദീപ ദിലീപ് നടത്തിയ അഭിമുഖത്തില്‍ നിന്ന്‌

ചര്‍ച്ച ചെയ്യുന്നത് ചെറുപ്രായത്തിലെ ലൈംഗിക സുഖം: ശൈലജ പതിന്ദല

ശൈലജ പതിന്ദല സംവിധാനം ചെയ്ത യൂ ട്യൂബ് ഷോര്‍ട്ട് ഫിലിം 'മെമ്മറീസ് ഓഫ് എ മെഷീന്‍' സീറ്റല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യൂട്യൂബില്‍ ഇതിനകം 2,72,000 പേരാണ് ഈ ഷോര്‍ട്ട് ഫിലിം കണ്ടത്. കനി കുസൃതിയെന്ന മലയാളം നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ചെറുപ്രായത്തിലെ ലൈംഗികതയാണ് ചര്‍ച്ച ചെയ്യുന്നത്.


സിനിമയെക്കുറിച്ചും ഇരുവര്‍ക്കുമിടയ്ക്കുള്ള കെമിസ്ട്രിയെക്കുറിച്ചും ഷൈലജ നാരദ ന്യൂസിനോട് സംസാരിക്കുന്നു.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:

ഇത്തരമൊരു സിനിമ എടുക്കുന്നതിന് പ്രേരിപ്പിച്ച ഘടകമെന്താണ്?

എനിക്കും മറ്റ് പലര്‍ക്കുമുണ്ടായ അനുഭവം. എട്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഈ സിനിമയിലെ നായിക കഥാപാത്രം ആദ്യമായി ലൈംഗികസുഖം അനുഭവിക്കുന്നതെങ്ങനെയെന്ന് സിനിമ വിശദീകരിക്കുന്നു. ഇത്രക്ക് ചെറുപ്രായത്തില്‍ ലൈംഗിക സുഖം അനുഭവിക്കുന്നതെങ്ങനെയെന്നതാണ് സിനിമ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

സിനിമയിലെ നായിക തന്നെ ഒരു പ്യൂണ്‍ 'സ്പര്‍ശിച്ചതായി' പറയുന്നുണ്ട്. ഇത് ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതായും ബലാല്‍സംഗം ചെയ്യുന്നവരോട് മൃദുസമീപനം സ്വീകരിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്താണ് വിശദീകരണം?

ഒരിക്കലുമില്ല. ഞാനൊരു സ്ത്രീയാണ്. ഞാന്‍ ബാലപീഡനത്തെയോ ബലാല്‍സംഗത്തെയോ പിന്തുണയ്ക്കുന്നില്ല. എനിക്ക് പീഡിപ്പിക്കപ്പെടുന്നവരുടെ മാനസികാവസ്ഥ മനസിലാകും. ഏതെങ്കിലും ബാലനോ ബാലികയോ പീഡിപ്പിക്കപ്പെടുന്നത് കണ്ടാല്‍ ഞാന്‍ എന്ത് വിലകൊടുത്തും അത് തടയും. ബാലപീഡനത്തെ പിന്തുണയ്ക്കുന്ന ഒരു സന്ദേശവും 'മെമ്മറീസ് ഓഫ് എ മെഷീന്‍' നല്‍കുന്നില്ല. ലൈംഗിക സുഖത്തെക്കുറിച്ചുള്ള ഒരു കുട്ടിയുടെ വിചാരങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

മെമ്മറീസ് ഓഫ് എ മെഷീന്‍ ഒരു ട്രെയിലര്‍ മാത്രമാണെന്നും ഇതൊരു സിനിമയാക്കുമെന്നും താങ്കള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോ?


ഇല്ല. ഞാനാ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. മെമ്മറീസ് ഓഫ് എ മെഷീന്റെ കഥ വളരെനാള്‍ മുമ്പ് എഴുതിയതാണ്. ഞാനിപ്പോള്‍ വ്യത്യസ്തമായ സിനിമകളെടുക്കാനുള്ള ശ്രമത്തിലാണ്.

എന്താണു മാതൃഭാഷയായ കന്നഡയ്ക്കു പകരമായി മലയാളത്തില്‍ സിനിമയെടുക്കാന്‍ കാരണം? തന്റെ ഷോര്‍ട്ട് ഫിലിമിലെ നായികയാക്കാന്‍ പറ്റിയ ഏകയാള്‍ കനിയാണെന്നും പറഞ്ഞിരുന്നല്ലോ. എന്താണതിനു കാരണം?

മൂന്നു വര്‍ഷം മുമ്പാണു ഞാന്‍ കനിയെ പരിചയപ്പെടുന്നത്. ഇതിനിടയ്ക്ക് ഞാന്‍ കനിയോടു കഥ പറഞ്ഞിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റിലെ പല ഭാഗങ്ങളിലും കനിക്ക് എന്നോടു വിയോജിപ്പുണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ക്കിടെയുള്ള മികച്ച ധാരണ കൊണ്ട് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോയി. കേന്ദ്ര കഥാപാത്രമാകാന്‍ കനിക്കു മാത്രമേ കഴിയുകയുള്ളുവെന്ന എന്റെ വിശ്വാസത്തെത്തുടര്‍ന്നാണു സിനിമ മലയാളത്തിലെടുത്തത്. മറ്റൊരു കാര്യം പറയാനുള്ളത്, കനി ഈ സിനിമയിലെ നടി മാത്രമാണെന്ന കാര്യമാണ്. വളരെ സ്വാഭാവികമായി കനി അഭിനയിച്ചതുകൊണ്ട് അവള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് വ്യത്യസ്തമായി വിദേശരാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ എന്തെങ്കിലും പ്രത്യേകതകളുള്ളതായി തോന്നിയിട്ടുണ്ടോ?

ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡും വിരിഞ്ഞ നെഞ്ചുള്ള നായകന്‍മാരുടെ സിനിമകളും മാത്രമുള്ള ഇടമാണെന്ന ധാരണ ജനം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മാവിനെ സ്പര്‍ശിക്കുന്ന റിയലിസ്റ്റിക്കായ സംഭാഷണങ്ങളങ്ങിയ സിനിമകളെക്കുറിച്ച് കൂടി ജനങ്ങള്‍ അറിയണം.

Read More >>