സംവിധായികയോട് വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടു: കനി

മെമ്മറീസ് ഓഫ് എ മെഷീനിലെ നായിക മലയാളിയായ കനി കുസൃതിയാണ്. നടിയും മോഡലുമായ കനി കുസൃതിയുമായി ദീപ ദിലീപ് നടത്തിയ അഭിമുഖം

സംവിധായികയോട് വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടു: കനി

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ വീണ്ടും കനി കുസൃതിയുടെ അഭിനയം ചര്‍ച്ച ചെയ്യപ്പെടുകയാണ്. കനി മാത്രമാണ് ഈ സിനിമയില്‍ സ്‌ക്രീനിലുള്ളത്. എട്ടാം വയസിലെ ലൈംഗികാനുഭവത്തെ പറ്റി വിശദീകരിക്കുകയാണ് കനിയുടെ കഥാപാത്രം. ബാലലൈഗികപീഡനത്തെ ന്യായീകരിക്കുന്നുവെന്ന പേരില്‍ ഏറെ എതിര്‍പ്പ് നേരിടുകയാണ് സിനിമ. സ്വയംഭോഗത്തെക്കുറിച്ചും അത് അച്ഛന്‍ കണ്ടതുമെല്ലാം കനിയുടെ കഥാപാത്രം പറയുന്നു. ലൈംഗികതയെ കുറിച്ചുള്ള തുറന്നു പറച്ചിലില്‍, ആദ്യാനുഭവത്തെ നാണത്തോടെ ഓര്‍ക്കുന്ന, ഇഷ്ടത്തോടെ ഓര്‍ക്കുന്ന കഥാപാത്രം വിമര്‍ശിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളടക്കം ആ അനുഭവം വേദനാപൂര്‍ണ്ണമെന്ന് പറയുന്നു. കനി എന്തു പറയുന്നു എന്നു നോക്കാം:


ഇത്തരമൊരു കഥാപാത്രത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്ത്?

എന്നോട് സംവിധായിക ആവശ്യപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ചെയ്തു. വാണിജ്യ സിനിമകളുടെ കാര്യത്തിലും ഞാന്‍ വളരെ തുറന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഞാനും സംവിധായികയും തമ്മിലുള്ള കെമിസ്ട്രി നല്ലതാണെങ്കില്‍ എനിക്ക് ഏത് കഥാപാത്രത്തെയും ചെയ്യാനാകും. ചില കാര്യങ്ങളില്‍ എനിക്ക് സംവിധായികയോട് വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു.
kani kusruti എന്നതിനുള്ള ചിത്രം
തിയറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന കനി ഇപ്പോള്‍ സിനിമകളിലും സീരിയലികളിലും അഭിനയിച്ചുതുടങ്ങിയല്ലോ. അഭിനയത്തിന്റെ വിവിധ മേഖലകളില്‍ കൈവെക്കാനാണോ അതോ പണമുണ്ടാക്കുകയെന്ന ലക്ഷ്യമാണോ ഇതിന് പിന്നില്‍?


അഭിനേതാവാകുക എന്ന ലക്ഷ്യം എനിക്കില്ലായിരുന്നു. അങ്ങനെ ആയിത്തീരുകയായിരുന്നു. 15-ാം വയസില്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റായ ആളാണ് ഞാന്‍. വളരെ പുരോഗമന നിലപാടുള്ള മാതാപിതാക്കളുടെ പിന്തുണയും ഇക്കാര്യത്തില്‍ സഹായകരമായി. ശാസ്ത്രവും പ്രകൃതിയും എനിക്ക് ഇഷ്ടവിഷയങ്ങളാണ്. സിനിമയിലേക്കും സീരിയലിലേക്കുമുള്ള പ്രവേശനത്തിന് ഇതുമായി ബന്ധമുണ്ട്. പണം തീര്‍ച്ചയായും പ്രധാനപ്പെട്ട ഘടകമാണ്.

അഭിനയത്തിന് ഏതെങ്കിലും പ്രത്യേക ശൈലി സ്വീകരിക്കാറുണ്ടോ?

തിയറ്റര്‍ ആര്‍ട്ടിസ്റ്റായി ആറേഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് അഭിനയത്തില്‍ കുറച്ചുകൂടി മികവ് വരുത്തണമെന്ന് തോന്നി. ഇതിനായി ഞാന്‍ ഫ്രാന്‍സില്‍ പോയി. അഭിനയംപോലെ തന്നെ നൃത്തവും എനിക്ക് പ്രിയങ്കരമാണ്. തിരുവനന്തപുരത്തുള്ള അഭിനയ തിയറ്ററിലെ പരിശീലനം എനിക്ക് സഹായകരമായിട്ടുണ്ട്.

അഭിനയത്തില്‍ പ്രചോദനമായ ആരെങ്കിലുമുണ്ടോ?

നിരവവധിപ്പേര്‍ വ്യത്യസ്ത ഘട്ടത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയമാണ് എനിക്ക് പ്രചോദനം നല്‍കുന്നത്.

എങ്ങനെയാണ് സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്?

നേരത്തെ പറഞ്ഞതുപോലെ ഞാന്‍ സംവിധായികയുടെ/സംവിധായകന്റെ നടിയാണ്. സിനിമ നന്നാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ സക്രിപ്റ്റ് ഒരു വിഷയമല്ല.

Read More >>