ജയരാജനൊഴിഞ്ഞ വ്യവസായം എകെ ബാലനെ ഏൽപ്പിക്കും: ശ്രീരാമകൃഷ്ണൻ സാംസ്കാരിക മന്ത്രിയാവാൻ സാധ്യത

വ്യവസായവികസനമെന്ന പ്രധാന ഭരണകാര്യപരിപാടിയുടെ ചുമതലയേൽപ്പിക്കാൻ എകെ ബാലനേക്കാൾ സംഘടനാ പദവിയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന നേതാക്കൾ മന്ത്രിസഭയിലില്ല. സാംസ്കാരിക വകുപ്പിന് എംഎ ബേബിയുടെ കാലത്തേതിന് അല്പമെങ്കിലും താരതമ്യമുണ്ടാക്കാൻ കഴിയുന്ന നേതാവെന്നതാണ് ശ്രീരാമകൃഷ്ണനെ ആലോചിക്കുന്നതിനു പിന്നിൽ.

ജയരാജനൊഴിഞ്ഞ വ്യവസായം എകെ ബാലനെ ഏൽപ്പിക്കും:  ശ്രീരാമകൃഷ്ണൻ സാംസ്കാരിക മന്ത്രിയാവാൻ സാധ്യത

ഇപി ജയരാജന്റെ ഒഴിവിൽ എകെ ബാലൻ വ്യവസായ മന്ത്രിയായി നിയമിതനാവും. പകരം, സാംസ്കാരിക മന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ ശ്രീരാമകൃഷ്ണനെയാണ് സിപിഐഎം പരിഗണിക്കുന്നത്. ഈയാഴ്‌ച ചേരുന്ന സിപിഐഎം നേതൃയോഗങ്ങളിൽ മന്ത്രിസഭാപുന:സംഘടനയുടെ തീരുമാനമുണ്ടാകും.


കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ നല്ല പേരുണ്ടാക്കിയ വൈദ്യുത മന്ത്രിയായ എകെ ബാലന് സാംസ്കാരിക വകുപ്പിനെക്കാൾ മികച്ച നിയമനം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എംഎ ബേബി സാംസ്കാരിക വകുപ്പ് കയ്യാളിയിരുന്ന കാലത്തെ പ്രതിച്ഛായയോടാണ് എകെ ബാലന് 'മത്സരിക്കേ'ണ്ടിയിരുന്നത്. അതിൽ എകെ ബാലൻ വിജയം കണ്ടിട്ടില്ല. പാർട്ടി മുൻകയ്യിലുള്ള സാംസ്കാരിക സംഘാടനങ്ങളിലൊന്നും പ്രത്യേക ഉത്തരവാദിത്തം പാർട്ടി നേതൃപദവിയിൽ വരുന്നതിനു മുമ്പും ശേഷവും എകെ ബാലൻ നിർവഹിച്ചിട്ടുമില്ല.


എന്നാൽ, വ്യവസായവികസനമെന്ന പ്രധാന ഭരണകാര്യപരിപാടിയുടെ ചുമതലയേൽപ്പിക്കാൻ എകെ ബാലനേക്കാൾ സംഘടനാ പദവിയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന നേതാക്കൾ മന്ത്രിസഭയിലില്ല. മുഖ്യമന്ത്രിക്ക് പൂർണ്ണ വിശ്വാസമുള്ള നേതാവെന്നതും എകെ ബാലനെന്ന ചോയ്‌സിനു പിന്നിലുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ ചുമതല എകെ ബാലനിൽത്തന്നെ നിലനിൽക്കും.


സാംസ്കാരിക വകുപ്പിന് എംഎ ബേബിയുടെ കാലത്തേതിന് അല്പമെങ്കിലും താരതമ്യമുണ്ടാക്കാൻ കഴിയുന്ന നേതാവെന്നതാണ് ശ്രീരാമകൃഷ്ണനെ ആലോചിക്കുന്നതിനു പിന്നിൽ. യുവജനരംഗത്തു പ്രവർത്തിക്കുമ്പോഴും തുടർന്നുള്ള സമയത്തും സാംസ്കാരിക രംഗത്തുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൽ പ്രാപ്തി തെളിയിച്ചിട്ടുണ്ട് ശ്രീരാമകൃഷ്ണൻ. തോമസ് ഐസക്കിനും എംഎ ബേബിക്കുമുള്ളതുപോലൊരു പ്രതിച്ഛായ അങ്ങനെ പൊതുസമൂഹത്തിലുണ്ട്.


സ്പീക്കറാകാൻ സുരേഷ് കുറുപ്പ്?


പരിണിതപ്രജ്ഞനായ പാർലമെണ്ടേറിയൻ സുരേഷ് കുറുപ്പാകും മിക്കവാറും സ്പീക്കർ. പാർലമെണ്ടറി രംഗത്ത്  കുറുപ്പിനോളം പരിചയമുള്ളവർ നിയമസഭയിൽത്തന്നെ ചുരുക്കമാണ്. അത്രയേറെ കാലം, അതും വിദ്യാർത്ഥി നേതാവായിരുന്ന കാലംതൊട്ട്, പാർലമെണ്ടം ഗമായിരുന്നിട്ടുണ്ട് സുരേഷ് കുറുപ്പ്. ആ നിലക്കുള്ള ഭരണപദവികളിലൊന്നിലും കുറുപ്പ് സംസ്ഥാനത്ത് ഇരുന്നിട്ടില്ല.

നിലവിൽ കോട്ടയത്തിന് ഭരണ പ്രാതിനിധ്യമില്ലെന്നതും സുരേഷ് കുറുപ്പിനെ പരിഗണിക്കാൻ കാരണമാണ്.


കണ്ണൂരിനും കോഴിക്കോടിനും
അവകാശവാദങ്ങളുണ്ട്


കോഴിക്കോട്, കണ്ണൂർ പാർട്ടി ഘടകങ്ങൾക്ക് മന്ത്രിസഭാ പുന:സംഘടനയിൽ ശക്തമായ കൂടുതൽ അവകാശവാദങ്ങൾ നിലവിലുണ്ട്. ഇപി ജയരാജൻ പുറത്തു പോയതിലൂടെ നഷ്ടമായ മന്ത്രിപ്രാതിനിധ്യം മറ്റൊരു മന്ത്രിയിലൂടെയായാലും തിരിച്ചുകിട്ടണമെന്ന് കണ്ണൂരിന് വാദമുണ്ട്.


കോഴിക്കോടിനാവട്ടെ, വികെസി മമ്മദ് കോയയെ മന്ത്രിയാക്കുമെന്ന് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ അനൗപചാരികമായി പ്രചരിപ്പിച്ചതുകൊണ്ടുള്ള ബാധ്യതയുമുണ്ട്. കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് മാറ്റി വികെസിയെ എംഎൽഎ ആക്കിയപ്പോൾ ഈ വാക്ക് പാലിക്കാൻ പറ്റാതിരുന്നത് കോർപ്പറേഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണമായിരുന്നു.


ഇപി ജയരാജന്റെ മന്ത്രിസ്ഥാനത്തിനു വഴിയൊരുക്കാനാണ് എളമരം കരീമിനെ മത്സരരംഗത്തുനിന്ന് മാറ്റിയതെന്ന് കോഴിക്കോട്ട് തെരഞ്ഞെടുപ്പുവേളയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. സിപിഐഎം വൃത്തങ്ങളിൽ നിന്നുതന്നെയാണ് ആ പ്രചാരണം പുറപ്പെട്ടിരുന്നത്. ഇപിയുടെ സ്ഥാനഭ്രംശത്തോടെ, എളമരം കരീമിനുകൂടി താല്പര്യമുള്ളയാളെന്ന നിലക്ക് വികെസിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നുണ്ട് - നിലവിൽ കോഴിക്കോടിനുള്ള മന്ത്രിപ്രാതിനിധ്യം അതിന് വലിയ സ്കോപ്പൊന്നും നൽകുന്നില്ലെങ്കിലും.


മുൻകാലങ്ങളിൽനിന്നു ഗണ്യമായ വ്യത്യാസങ്ങളുണ്ട് സിപിഎമ്മിനകത്തു നടക്കുന്ന ഇതു സംബന്ധിച്ച ചർച്ചകൾക്ക്. പാർട്ടി ഘടകങ്ങൾക്കകത്തു നടക്കുന്ന ചർച്ചകളേക്കാൾ പ്രാധാന്യമുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി എടുക്കുന്ന നിലപാടുകൾക്ക്. മുഖ്യമന്ത്രി വ്യക്തിപരമായെടുക്കുന്ന നിലപാടുകളെ കണ്ണൂരൊഴിച്ച് മറ്റൊരു ജില്ലാ ഘടകത്തിനും നേരിട്ട് സ്വാധീനിക്കാനാവുമെന്ന് ആരും കരുതുന്നില്ല.


'മികച്ച മുഖ്യമന്ത്രി' മികച്ച ടീം
വേണമെന്നു തീരുമാനിക്കാം


മന്ത്രിമാരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനം പാർട്ടിക്കകത്ത് പൊതുവെയുണ്ട്. ഇപി ജയരാജൻ വഴി ഉണ്ടായ ക്ഷീണം ഉയർന്നുവന്നപ്പോൾ മറ്റുള്ള വകുപ്പുഭരണങ്ങളിലുള്ള എതിർപ്പ് കുറഞ്ഞുവെന്നേയുള്ളൂ. ടൂറിസം- സഹകരണ മന്ത്രി എസി മൊയ്തീനോട് പ്രത്യക്ഷമായിത്തന്നെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ചില എംഎൽഎമാർക്ക് അപ്രീതി വന്നിട്ടുണ്ട്. ദേശീയതലത്തിൽ നല്ല ഭരണാധികാരിയെന്ന നിലക്ക് നേടിയ സൽപ്പേര് മികച്ച മന്ത്രിമാരിലൂടെ നിലനിർത്തണമെന്ന് മുഖ്യമന്ത്രിയുടെ ക്യാമ്പ് ആഗ്രഹിക്കുന്നുണ്ട്. ആ നിലക്ക് കൂടുതൽ വിപുലമായ പുന:സംഘടനക്ക് മുഖ്യമന്ത്രി തുനിഞ്ഞാലും ആരും അൽഭുതപ്പെടില്ല.

Read More >>