സെമി പിടിക്കാൻ കൊൽക്കത്തയും കേരളവും; മത്സരം വൈകീട്ട് ഏഴിന് കൊൽക്കത്തയിൽ

മത്സരം സമനിലയിലായാലും ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പോക്ക് ദുഷ്‌കരമായേക്കാം. ഇന്നത്തെ മത്സരം പരാജയപ്പെട്ടാല്‍ കൊച്ചിയില്‍ ഡിസംബര്‍ നാലിനു നോര്‍ത്ത് ഈസ്റ്റിനെതിരെ നടക്കുന്ന മത്സരം അതീവ നിര്‍ണ്ണായകമാകും ബ്ലാസ്റ്റേഴ്സിന്. ഇന്ന് സമനില പിടിക്കുകയും നാളെ നോര്‍ത്ത് ഈസ്റ്റ് തോല്‍ക്കുകയും ചെയ്താലും കേരളത്തിന് സെമിയില്‍ എത്താം.

സെമി പിടിക്കാൻ കൊൽക്കത്തയും കേരളവും; മത്സരം വൈകീട്ട് ഏഴിന് കൊൽക്കത്തയിൽകൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ്. ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണ്ണായകമാണ് മത്സരം. സമനിലയിലായാലും കൊല്‍ക്കത്തയ്ക്ക് സെമി പ്രവേശനം സാദ്ധ്യമാകും. എന്നാല്‍ ബ്ലാസ്റ്റേഴ്സ് സെമി യോഗ്യത നേടാന്‍ ഇന്ന് വിജയം കണ്ടെത്തുക തന്നെ വേണം.

മത്സരം സമനിലയിലായാലും ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പോക്ക് ദുഷ്‌കരമായേക്കാം. ഇന്നത്തെ മത്സരം പരാജയപ്പെട്ടാല്‍ കൊച്ചിയില്‍ ഡിസംബര്‍ നാലിനു നോര്‍ത്ത് ഈസ്റ്റിനെതിരെ നടക്കുന്ന മത്സരം അതീവ നിര്‍ണ്ണായകമാകും ബ്ലാസ്റ്റേഴ്സിന്. ഇന്ന് സമനില പിടിക്കുകയും നാളെ നോര്‍ത്ത് ഈസ്റ്റ് തോല്‍ക്കുകയും ചെയ്താലും കേരളത്തിന് സെമിയില്‍ എത്താം.


കൊല്‍ക്കത്തയുടെ സ്പാനീഷ് പരിശീലകന്‍ ഹോസെ മൊളിനൊ കേരളത്തിനെതിരെയുള്ള കളിക്ക് മുന്‍പേ സെമി ഉറപ്പിച്ച വിധമാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. ഓരോ മത്സരം കഴിയുംതോറും ടീം മെച്ചപ്പെട്ടെന്നും കളിക്കാരുടെ അദ്ധ്വാനം ആത്മവിശ്വാസം പകരുന്നതായും മൊളിനൊ പറഞ്ഞു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും കൊല്‍ക്കത്ത വേണ്ടത്ര ഫോമിലല്ലെന്നത് കേരളത്തിന് ആശ്വാസം പകരുന്നുണ്ട്. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള പൂനെ സിറ്റിയോട് പരാജയപ്പെട്ടതും ഡല്‍ഹിയുമായും നോര്‍ത്ത് ഈസ്റ്റുമായും ചെന്നൈയിനുമായും സമനിലയില്‍ കുടുങ്ങിയതും ഗാംഗുലിയുടെ ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഗോവയെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തിയത് കൊല്‍ക്കത്തയ്ക്ക് ആത്മവിശ്വാസം പകരും. സ്വന്തം തട്ടകത്തില്‍ കളി നടക്കുന്നത് കൊല്‍ക്കത്തയയ്ക്ക് ഗുണമാകുമെങ്കിലും പ്രമുഖ താരങ്ങളുടെ അസുഖവും പരിക്കും ആതിഥേയരെ കുഴയ്ക്കും. സമീഗ് ഡ്യൂട്ടിക്ക് പനി ബാധിച്ചതും സ്റ്റീഫന്‍ പിയേഴ്‌സണും ലാല്‍റിന്‍ഡക റാല്‍ട്ടെക്കും പരിക്കേറ്റതുമാണ് മൊളിനൊയുടെ തലവേദന.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് സെമി സാദ്ധ്യത ഏറെയുള്ള ടീമുകളില്‍ ഒന്നാണിപ്പോള്‍. ഈ പ്രതീക്ഷ പരിശീലകന്‍ സ്റ്റീവ് കോപ്പലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവച്ചു. എന്നാല്‍ എവേ മത്സരങ്ങളിലെ പരാജയവും മോശം റെക്കോഡും ബ്ലാസ്റ്റേഴ്സിനെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു എവേ മത്സരങ്ങളിലും ടീമിന് ജയിക്കാനായിട്ടില്ല.

ഗോവയും ചെന്നൈയിന്‍ എഫ്‌സിയും കഴിഞ്ഞാല്‍ എവേ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്‌സ് ആണ്. കഴിഞ്ഞ ആറ് എവേ മത്സരങ്ങളില്‍ നാലിലും ഗോള്‍ അടിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടും കേരളത്തിനുണ്ട്. ടൂര്‍ണമെന്റിന്റെ ആദ്യപാദത്തില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. 12 മത്സരങ്ങളില്‍ നാല് ജയവും ആറ് സമനിലയും രണ്ട് തോല്‍വിയുമായി 18 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. 12 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം, മൂന്നു സമനില, നാല് തോല്‍വി എന്ന നിലയില്‍ 18 പോയിന്റ് അക്കൗണ്ടിലുള്ള കേരളം ഗോള്‍ ശരാശരിയില്‍ കൊല്‍ക്കത്തയ്ക്ക് പിന്നിലാണ്. മുംബയ് സിറ്റി എഫ്.സിയും ഡല്‍ഹി ഡൈനമോസും സെമിയില്‍ ഇതിനകം എത്തിക്കഴിഞ്ഞു.

Read More >>