ഫോര്‍ലാന് ഹാട്രിക്; ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.

ഫോര്‍ലാന് ഹാട്രിക്; ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാണം കെട്ട തോല്‍വി. ഏകപക്ഷീയമായ അഞ്ച് ഗോളിന് മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. ഡീഗോ ഫോര്‍ലാന്റെ ഹാട്രിക് മികവിലാണ് ആതിഥേയരുടെ വിജയം.

5, 14, 63 മിനിട്ടുകളിലാണ് ഫോര്‍ലാന്‍ സ്‌കോര്‍ ചെയ്തത്. ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ ഹാട്രിക് ആണിത്. 69-ാം മിനുട്ടില്‍ കഫുവും, 73-ാം മിനുട്ടില്‍ ലൂസിയന്‍ ഗോയനും ലക്ഷ്യം കണ്ടതോടെ സീസണിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം മുംബൈ സ്വന്തമാക്കി.

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍.